അഞ്ചാം ടെസ്റ്റില്‍ കളത്തിലിറങ്ങുന്നത് മറ്റൊരു ഓസ്‌ട്രേലിയ; കയ്യടിക്കാം ഈ നിറം മാറ്റത്തിന്
Sports News
അഞ്ചാം ടെസ്റ്റില്‍ കളത്തിലിറങ്ങുന്നത് മറ്റൊരു ഓസ്‌ട്രേലിയ; കയ്യടിക്കാം ഈ നിറം മാറ്റത്തിന്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 1st January 2025, 5:05 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന് കളമൊരുങ്ങുകയാണ്. ജനുവരി മൂന്നിന് നടക്കുന്ന പോരാട്ടത്തിന് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദിയാകുന്നത്.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ആതിഥേയര്‍ 2-1ന് മുമ്പിലാണ്. സിഡ്‌നിയില്‍ നടക്കുന്ന മത്സരം സമനിലയില്‍ അവസാനിപ്പിച്ചാലും ഓസ്‌ട്രേലിയക്ക് പരമ്പര സ്വന്തമാക്കാം.

 

പരമ്പരയില്‍ ഇതുവരെയില്ലാത്ത മാറ്റവുമായാണ് ഓസീസ് സിഡ്‌നി ടെസ്റ്റിനിറങ്ങുന്നത്. പരമ്പരാഗതമായി തങ്ങളുടെ ടെസ്റ്റ് മത്സരങ്ങളില്‍ ധരിക്കുന്ന ബാഗി ഗ്രീന്‍ എന്ന ഐക്കോണിക് തൊപ്പിക്ക് പകരം ബാഗി പിങ്ക് ധരിച്ചുകൊണ്ടാണ് ഓസ്‌ട്രേലിയ അഞ്ചാം ടെസ്റ്റിനിറങ്ങുക. ബാഗി പിങ്ക് ധരിക്കുന്നതുകൊണ്ടുതന്നെ ഈ മത്സരങ്ങളെ പിങ്ക് ടെസ്റ്റ് എന്നാണ് വിളിക്കുന്നത്.

ഒരു കലണ്ടര്‍ ഇയറിലെ ആദ്യ ടെസ്റ്റ് മത്സരത്തിലാണ് ഓസ്‌ട്രേലിയ ബാഗി പിങ്ക് ധരിക്കാറുള്ളത്. ഈ നിറത്തിന് പിന്നിലും ഓസ്‌ട്രേലിയയുടെ ഈ ‘നിറം മാറ്റത്തിനും’ പിന്നിലെ കാരണം വളരെ വലുതാണ്. സ്തനാര്‍ബുദം അഥവാ ബ്രെസ്റ്റ് കാന്‍സര്‍ അവേര്‍നെസിനും മഗ്രാത് ഫൗണ്ടേഷനെ സഹായിക്കുന്നതിനുമായാണ് ഓസ്‌ട്രേലിയ ഇത്തരത്തില്‍ ബാഗി പിങ്ക് ധരിക്കുന്നത്.

 

മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് ഇതിഹാസുമായ ഗ്ലെന്‍ മഗ്രാത്തിന്റെ ചാരിറ്റി ഓര്‍ഗനൈസേഷനാണ് മഗ്രാത് ഫൗണ്ടേഷന്‍. അദ്ദേഹത്തിന്റെ പങ്കാളിയായ ജെയ്ന്‍ മഗ്രാത് ഇത്തരത്തില്‍ സ്തനാര്‍ബുദം ബാധിച്ചാണ് മരണപ്പെട്ടത്. കാന്‍സര്‍ ബാധിതര്‍ക്ക് വൈദ്യസഹായമുള്‍പ്പെടെയുള്ള സേവനങ്ങളാണ് മഗ്രാത് ഫൗണ്ടേഷനിലൂടെ നല്‍കപ്പെടുന്നത്.

അതേസമയം, ഇതിനോടകം തന്നെ പരമ്പരയില്‍ മുന്നിട്ടുനില്‍ക്കുന്നതിനാല്‍ ഓസ്‌ട്രേലിയക്ക് സിഡ്‌നിയില്‍ സമനില പോലും പരമ്പര നേടിക്കൊടുക്കും. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനുള്ള സാധ്യതയും ഇതോടെ വര്‍ധിക്കും. എങ്കിലും 2025ലെ തങ്ങളുടെ ആദ്യ മത്സരം തന്നെ വിജയിച്ച് തുടങ്ങാനാകും ഓസ്‌ട്രേലിയ ഒരുങ്ങുക.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ചരിത്ര വിജയം നേടുകയും തുടര്‍ന്ന് കളിച്ച ഓരോ മത്സരത്തിലും നിരാശപ്പെടുത്തുകയും ചെയ്ത ഇന്ത്യയെ സംബന്ധിച്ച് സിഡ്‌നി ടെസ്റ്റ് നിര്‍ണായകമാണ്. പരമ്പര സമനിനിലയിലെത്തിക്കാനും ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി കൈവിടാതെ കാക്കാനും ഇന്ത്യക്ക് അഞ്ചാം ടെസ്റ്റില്‍ വിജയിച്ചേ മതിയാകൂ.

2014-15 സീസണിലാണ് ഒടുവില്‍ ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെ അവസാനമായി ടെസ്റ്റ് പരമ്പര വിജയിച്ചത്. ശേഷം നടന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലോ ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലോ കങ്കാരുക്കള്‍ക്ക് പരമ്പര വിജയം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. തുടര്‍ച്ചയായ നാല് പരമ്പര തോല്‍വികള്‍ക്ക് ശേഷം വിജയം രുചിക്കാനുള്ള അവസരമാണ് ഓസ്‌ട്രേലിയക്ക് മുമ്പിലുള്ളത്.

എന്നാല്‍ രണം അല്ലെങ്കില്‍ മരണം എന്ന മനോഭാവത്തില്‍ കളത്തിലിറങ്ങുന്ന ഇന്ത്യയെ പിടിച്ചുകെട്ടുക എന്നത് കങ്കാരുക്കള്‍ക്ക് ശ്രമകരമായ ദൗത്യമായിരിക്കും.

ഒരുപക്ഷേ സിഡ്‌നിയില്‍ ഇന്ത്യ വിജയിക്കുകയും പരമ്പര സമനിലയില്‍ അവസാനിക്കുകയും ചെയ്താല്‍ മറ്റൊരു ചരിത്രവും പിറവിയെടുക്കും. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയുടെ ചരിത്രത്തിലെ രണ്ടാം സമനിലയ്ക്കാകും സിഡ്‌നി സാക്ഷ്യം വഹിക്കുക.

ഇതിന് മുമ്പ് 2003-04ലാണ് പരമ്പര സമനിലയിലായത്. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ നാല് മത്സരങ്ങളുടെ പരമ്പര 1-1നാണ് സമനിലയില്‍ അവസാനിച്ചു. ഇതോടെ തൊട്ടുമുമ്പ് പരമ്പര വിജയിച്ച ഇന്ത്യ ട്രോഫി ഹോള്‍ഡേഴ്‌സായി തുടരുകയായിരുന്നു.

 

Content Highlight: Border Gavaskar Trophy: Australia will wear Baggy Pink in Sydney Test