ഗാബ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയയുടെ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചു. പരിക്കേറ്റ് പുറത്തായ സൂപ്പര്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് ടീമിലേക്ക് മടങ്ങിയെത്തി.
പെര്‍ത്ത് ടെസ്റ്റിനിടെ പരിക്കേറ്റ താരത്തിന് അഡ്‌ലെയ്ഡ് ടെസ്റ്റ് നഷ്ടമായിരുന്നു. പകരക്കാരനായി സ്‌കോട് ബോളണ്ടിനെയാണ് അഡ്‌ലെയ്ഡില്‍ ഓസീസ് കളത്തിലിറക്കിയത്.
എന്നാല്‍ ഗാബയില്‍ ബോളണ്ടിനെ മാറ്റി ഹെയ്‌സല്‍വുഡ് കളത്തിലിറങ്ങുമെന്ന് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി. ഈ മാറ്റം മാത്രമാണ് അഡ്‌ലെയ്ഡ് ടെസ്റ്റില്‍ നിന്നും ഓസ്‌ട്രേലിയ പ്ലെയിങ് ഇലവനില്‍ വരുത്തിയിട്ടുള്ളത്.
ഉസ്മാന്‍ ഖവാജ, നഥാന്‍ മക്‌സ്വീനി, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹെയ്‌സല്‍വുഡ്.
ഗാബയില്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്. ഈ വിജയം പരമ്പരയില്‍ മാത്രമല്ല ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും ഇരുവരെയും തുണച്ചേക്കും.
പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യയാണ് വിജയിച്ചത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറ നയിച്ച ഇന്ത്യ 295 റണ്‍സിന്റെ ചരിത്ര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒരു എവേ ഗ്രൗണ്ടില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വിജയമായിരുന്നു ഇത്.
പെര്‍ത്തിലെ ഒപ്റ്റസ് സ്‌റ്റേഡിയത്തില്‍ കങ്കാരുക്കളുടെ ആദ്യ ടെസ്റ്റ് പരാജയം കൂടിയായിരുന്നു അത്.
എന്നാല്‍ അഡ്‌ലെയ്ഡില്‍ ആതിഥേയര്‍ തിരിച്ചടിച്ചു. പിങ്ക് ബോള്‍ ടെസ്റ്റില്‍ തങ്ങളെ എതിരിടാന്‍ ഒരാള്‍ക്കും സാധിക്കില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച് പത്ത് വിക്കറ്റിന്റെ ജയമാണ് കങ്കാരുക്കള്‍ സ്വന്തമാക്കിയത്. കളിച്ച 13ാം പിങ്ക് ബോള്‍ ടെസ്റ്റിലെ 12ാം വിജയമാണ് അഡ്‌ലെയ്ഡില്‍ ഓസീസ് സ്വന്തമാക്കിയത്.
ഈ വിജയത്തിന് പിന്നാലെ ഇന്ത്യയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ട് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ഓസ്ട്രേലിയക്ക് സാധിച്ചിരുന്നു. എന്നാല്‍ മറ്റൊരു മത്സരത്തില്‍ സൗത്ത് ആഫ്രിക്ക ശ്രീലങ്കയെ പരാജയപ്പെടുത്തിയതോടെ പ്രോട്ടിയാസ് പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു.
അതേസമയം, തൊട്ടുമുമ്പ് നടന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ എപ്രകാരം ഇന്ത്യ ഗാബ കീഴടക്കിയോ, ആ ചരിത്രം ആവര്‍ത്തിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. അഡ്‌ലെയ്ഡില്‍ 36 റണ്‍സിന് പുറത്താകേണ്ടി വന്നതിന്റെ നാണക്കേടില്‍ നിന്നും തിരിച്ചുവന്ന് പരമ്പര സ്വന്തമാക്കിയ 2021ന് സമാനമായ സാഹചര്യം തന്നെയാണ് ഇപ്പോഴുമുള്ളത്.
ഓസ്ട്രേലിയയുടെ ഉരുക്കുകോട്ടയെ തച്ചുടച്ച ഇന്ത്യന്‍ കരുത്തിന്റെ ആവര്‍ത്തനം ഇത്തവണയും ഉണ്ടാകുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്
Content Highlight: Border Gavaskar Trophy: Australia announces team for 3rd test