ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കുള്ള ടീം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. പാറ്റ് കമ്മിന്‍സിനെ നായകനാക്കി ആദ്യ ടെസ്റ്റിനുള്ള 13 അംഗ സ്‌ക്വാഡിനെയാണ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. ഫാബ് ഫോറിലെ കരുത്തന്‍ സ്റ്റീവ് സ്മിത്താണ് കമ്മിന്‍സിന്റെ ഡെപ്യൂട്ടി.
ഇന്ത്യ എ-ക്കെതിരായ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഓപ്പണര്‍ നഥാന്‍ മക്‌സ്വീനി സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. ഋതുരാജ് ഗെയ്ക്വാദിന്റെ ഇന്ത്യക്കെതിരായ പരമ്പര വൈറ്റ് വാഷ് ചെയ്ത് സ്വന്തമാക്കിയതിന് പിന്നാലെയാണ് മക്‌സ്വീനിക്ക് ബാഗി ഗ്രീനണിയാനുള്ള വിളിയെത്തിയത്.
ഡേവിഡ് വാര്‍ണറിന്റെ പടിയിറക്കത്തോടെ ഓപ്പണറുടെ റോളിലേക്ക് ഇനിയാര് എന്ന കങ്കാരുക്കളുടെ ചോദ്യത്തിന് കൂടിയാണ് ഇപ്പോള്‍ ഉത്തരം ലഭിച്ചിരിക്കുന്നത്.
സര്‍പ്രൈസായി ജോഷ് ഇംഗ്ലിസിനും ടീമിലേക്ക് വിളിയെത്തി. ആഭ്യന്തര തലത്തിലെ മികച്ച പ്രകടനമാണ് താരത്തിന് കൈത്താങ്ങായത്. ബാക്കപ്പ് വിക്കറ്റ് കീപ്പറായാണ് ഇംഗ്ലിസ് ടീമിന്റെ ഭാഗമായിരിക്കുന്നത്.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി എന്ത് വിലകൊടുത്തും വിജയിക്കാനുറച്ചാണ് ഓസ്‌ട്രേലിയ സ്വന്തം മണ്ണില്‍ പോരാട്ടത്തിനിറങ്ങുന്നത്. ഈ പരമ്പരയില്‍ ആധിപത്യമുറപ്പിക്കുന്നവരായിരിക്കും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുക.
പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്റ്റീവ് സ്മിത്ത്, സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാന്‍, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, നഥാന്‍ മക്സ്വീനി, മിച്ചല്‍ സ്റ്റാര്‍ക്ക്.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ ഓസ്‌ട്രേലിയയുടെ അവസാന ഹോം സീരീസാണിത്. ശേഷം വോണ്‍ – മുരളീധരന്‍ ട്രോഫിക്കായി ടീം ശ്രീലങ്കയിലേക്ക് പറക്കും. രണ്ട് മത്സരങ്ങളുടെ പരമ്പരയാണ് കങ്കാരുക്കള്‍ മരതകദ്വീപില്‍ കളിക്കുക. നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്കും ഡബ്ല്യൂ.ടി.സി ഫൈനല്‍ കളിക്കാന്‍ സാധിക്കും.
2023-25 സൈക്കിളിലെ ഇനിയുള്ള ഓരോ മത്സരത്തിനും ഫൈനല്‍ ആര് കളിക്കണം എന്ന് തീരുമാനിക്കാനാകും. ഇക്കാരണം കൊണ്ടുതന്നെ ഇന്ത്യക്കെതിരെ ഹോം അഡ്വാന്റേജിന്റെ അവസാന കണിക വരെ മുതലെടുക്കാനാകും ഓസീസ് ശ്രമിക്കുക.
നവംബര്‍ 22നാണ് ബി.ജിടിയിലെ ആദ്യ മത്സരം അരങ്ങേറുന്നത്. കാലങ്ങള്‍ക്ക് ശേഷം അഞ്ച് മത്സരങ്ങളുടെ പരമ്പരയായാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി സംഘടിപ്പിക്കുന്നത്.
ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.
രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്‌ലെയ്ഡ് ഓവല്‍.
മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്‌ബെയ്ന്‍.
ബോക്‌സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.
അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്.
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍.
ട്രാവലിങ് റിസര്‍വുകള്‍.
മുകേഷ് കുമാര്‍, നവ്ദീപ് സെയ്നി, ഖലീല്‍ അഹമ്മദ്.
Content Highlight: Border – Gavaskar trophy: Australia announced squad