ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ദയനീയ പരാജയമേറ്റുവാങ്ങിയ ഇന്ത്യ പരമ്പരയിലും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലെയും കൈവശം വെച്ചിരുന്ന സമഗ്രാധിപത്യം കളഞ്ഞുകുളിച്ചിരുന്നു. പെര്‍ത്ത് ടെസ്റ്റില്‍ 295 റണ്‍സിന്റെ ചരിത്ര വിജയം നേടിയ ഇന്ത്യ അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ ബാറ്റര്‍മാരുടെ മോശം പ്രകടനത്താല്‍ തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു.
ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടി ഫോമിലേക്ക് മടങ്ങിയെത്തിയ വിരാട് കോഹ്‌ലിയുടെ പ്രകടനം ആരാധകരുടെ ആവേശം കൊടുമുടി കയറ്റിയിരുന്നു. എന്നാല്‍ അവിടെ നിന്നും ആരാധകരെ താഴേയ്ക്ക് തള്ളിയിടുന്നതായിരുന്നു സീനിയര്‍ താരങ്ങളുടെ പ്രകടനം.
ആദ്യ ഇന്നിങ്സില്‍ വിരാട് എട്ട് പന്തില്‍ നിന്നും ഏഴ് റണ്‍സ് മാത്രമാണ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിലാകട്ടെ ഇരട്ടയക്കം തൊട്ടു എന്നതൊഴിച്ചാല്‍ ഒരു പുരോഗതിയും വിരാടിനുണ്ടായിരുന്നില്ല. 21 പന്തില്‍ 11 റണ്‍സ് നേടിയാണ് വിരാട് കളം വിട്ടത്.
ഇപ്പോള്‍ വിരാടിന്റെ പ്രകടനത്തെ വിലയിരുത്തുകയാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരവും ക്രിക്കറ്റ് ഇതിഹാസവുമായ ആന്‍ഡി റോബര്‍ട്‌സ്. കഴിഞ്ഞ കുറച്ചുകാലമായി വിരാടിന് ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ റോബര്‍ട്‌സ്, ഈ ഫോര്‍മാറ്റില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ മാത്രമാണ് വിരാട് സ്‌കോര്‍ ചെയ്യുന്നതെന്നും അഭിപ്രായപ്പെട്ടു.
മിഡ് ഡെയ്‌ലിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അഡ്‌ലെയ്ഡിലെ പരാജയത്തിന് പിന്നാലെ ഒരു തിരിച്ചുവരവുണ്ടാകുമോ എന്ന് എനിക്ക് അറിയില്ല, പക്ഷേ നിങ്ങള്‍ ബാറ്റിങ് ശരിയാക്കേണ്ടതുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി നിങ്ങളുടെ പ്രധാന ബാറ്റര്‍ റണ്‍സ് നേടാന്‍ പാടുപെടുകയാണ്. അവന്‍ ക്രിക്കറ്റിന്റെ ലോങ്ങര്‍ ഫോര്‍മാറ്റില്‍ ശ്രദ്ധ പതിപ്പിക്കണം.
ലോങ്ങര്‍ ഫോര്‍മാറ്റിലേക്ക് നിങ്ങള്‍ പൂര്‍ണമായും ഫോക്കസ് ചെയ്യുകയാണെങ്കില്‍ റണ്‍സ് കണ്ടെത്താനും പടുകൂറ്റന്‍ സ്‌കോറുകള്‍ പടുത്തുയര്‍ത്താനും സാധിക്കും. ടെസ്റ്റ് ക്രിക്കറ്റിന്റെ സ്റ്റാന്‍ഡേര്‍ഡ് ഒരുപോലെയല്ല. ടീമിന്റെ പ്രധാന ബാറ്റര്‍മാര്‍ ബുദ്ധിമുട്ടുകയാണെന്ന പ്രതീതിയാണ് ഉണ്ടാകുന്നത്,’ റോബര്‍ട്‌സ് പറഞ്ഞു.
റോബര്‍ട്‌സിന്റെ നിരീക്ഷണം ശരിവെക്കുന്ന പ്രകടനമാണ് 2020 മുതല്‍ വിരാടിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. പ്രൈം വിരാട് വല്ലപ്പോഴും വന്നുപോകുന്നതൊഴിച്ചാല്‍ സൂപ്പര്‍ താരത്തിന്റെ പ്രകടനം ആരാധകരെ ഒട്ടും തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല.
2020 മുതല്‍ 36 മത്സരത്തില്‍ നിന്നും 64 ഇന്നിങ്‌സുകള്‍ കളിച്ച വിരാട് 32.14 എന്ന ശരാശരിയില്‍ 1,961 റണ്‍സാണ് നേടിയത്. മൂന്ന് സെഞ്ച്വറിയും ഒമ്പത് അര്‍ധ സെഞ്ച്വറിയുമാണ് താരം സ്വന്തമാക്കിയത്.
ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലും വിരാട് അമ്പേ പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരത്തില്‍ നിന്നും വെറും 93 റണ്‍സാണ് മോഡേണ്‍ ഡേ ഗ്രേറ്റസ്റ്റിന് സ്വന്തമാക്കാന്‍ സാധിച്ചത്.
വരും മത്സരങ്ങളില്‍ വിരാട് ഫോമിലേക്ക് മടങ്ങിയെത്തേണ്ടത് ഇന്ത്യയുടെ പരമ്പര പ്രതീക്ഷകള്‍ക്കൊപ്പം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രതീക്ഷകള്‍ക്കും നിര്‍ണായകമാണ്. ബ്രിസ്‌ബെയ്‌നില്‍ വിരാടിന്റെ തിരിച്ചുവരവ് സംഭവിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: Border Gavaskar Trophy: Andy Roberts about Virat Kohli’s poor form