| Tuesday, 3rd December 2024, 12:06 pm

ഇന്ത്യയെ വീണ്ടും ആ നാണക്കേടിലേക്ക് തള്ളിയിടാം എന്ന് കരുതുന്നില്ല; രണ്ടാം ടെസ്റ്റിന് മുമ്പ് ഓസീസ് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

പെര്‍ത്തില്‍ സ്വന്തമാക്കിയ ഐതിഹാസിക വിജയം അഡ്‌ലെയ്ഡിലും ആവര്‍ത്തിക്കാനുറച്ചാണ് ഇന്ത്യ രണ്ടാം മത്സരത്തിന് തയ്യാറെടുക്കുന്നത്. ജസ്പ്രീത് ബുംറയുടെ നേതൃത്വത്തില്‍ സ്വന്തമാക്കിയ 295 റണ്‍സിന്റെ ചരിത്ര വിജയത്തിന്റെ ആവേശം ഒട്ടും ചോര്‍ന്നുപോകാതെ അഡ്‌ലെയ്ഡില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിലും വിജയിച്ച് പരമ്പരയിലും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും ആധിപത്യം തുടരാം എന്ന് തന്നെയാണ് ഇന്ത്യ കണക്കൂകൂട്ടുന്നത്.

പിങ്ക് ബോളില്‍ നാല് മത്സരം കളിച്ച ഇന്ത്യ അതില്‍ മൂന്നിലും വിജയം സ്വന്തമാക്കിയിരുന്നു. 2020ല്‍ ഓസ്‌ട്രേലിയക്കെതിരായാണ് ഇന്ത്യ പരാജയപ്പെട്ടത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പരാജയം കൂടിയായിരുന്നു അത്.

മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ വെറും 36 റണ്‍സിന് പുറത്തായ ഇന്ത്യ ഒരു ഇന്നിങ്‌സിലെ ഏറ്റവും മോശം ടോട്ടലിന്റെ റെക്കോഡും ഇന്ത്യയുടെ പേരില്‍ കുറിക്കപ്പെട്ടു.

അതേ അഡ്‌ലെയഡില്‍ മറ്റൊരു പിങ്ക് ബോള്‍ ടെസ്റ്റിനൊരുങ്ങുമ്പോള്‍ ആ നാണക്കേടിന് മറുപടി നല്‍കുക എന്ന ലക്ഷ്യം കൂടി ഇന്ത്യക്കുണ്ടാകും.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ ഇത്തരത്തില്‍ ഇന്ത്യയെ പുറത്താക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് പറയുകയാണ് ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ക്രിക്കറ്റ് ചരിത്രത്തില്‍ ഒരുപാട് മികച്ച ദിവസങ്ങളും നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അത് വീണ്ടും ആവര്‍ത്തിക്കാം എന്ന പ്രതീക്ഷിച്ചല്ല ഞങ്ങള്‍ അവിടേയ്ക്ക് പോകുന്നത്.

ഞങ്ങള്‍ കൃത്യമായി ഒരു പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. എന്ത് തന്നെ സംഭവിച്ചാലും അത് കൃത്യമായി നടപ്പിലാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുക. ആ ടെസ്റ്റ് മത്സരത്തില്‍ ഞാന്‍ ടീമിനൊപ്പമുണ്ടായിരുന്നില്ല, ഞാനത് മിസ് ചെയ്തു. എല്ലാം വളരെ പെട്ടെന്നാണ് നടന്നത്,’ കാരി പറഞ്ഞു.

2020ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ഇന്ത്യന്‍ ടീമിനെ ആ വമ്പന്‍ നാണക്കേട് തേടിയെത്തിയത്.

സ്‌കോര്‍

ഇന്ത്യ: 244 & 36

ഓസ്‌ട്രേലിയ: 191 & 93/2 (T:90)

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഇന്നിങ്‌സിന്റെ കരുത്തിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്. വിരാട് 180 പന്തില്‍ 74 റണ്‍സ് നേടി. 160 പന്തില്‍ 43 റണ്‍സടിച്ച ചേതേശ്വര്‍ പൂജാരയും 92 പന്തില്‍ 42 റണ്‍സടിച്ച അജിന്‍ക്യ രഹാനെയും തങ്ങളുടെ സംഭാവനകള്‍ നല്‍കി.

ലീഡ് നേടാനുറച്ച് കളത്തിലിറങ്ങിയ ഓസീസിന് തൊട്ടതെല്ലാം പിഴച്ചു. ക്യാപ്റ്റന്‍ ടിം പെയ്‌നിനും മാര്‍നസ് ലബുഷാനും മാത്രമാണ് ചെറുത്തുനില്‍ക്കാന്‍ സാധിച്ചത്. പെയ്ന്‍ 73 റണ്‍സടിച്ചപ്പോള്‍ ലബുഷാന്‍ 47 റണ്‍സും നേടി പുറത്തായി.

അശ്വിന്‍ നാല് വിക്കറ്റെടുത്ത് കങ്കാരുപ്പടയെ തകര്‍ത്തെറിഞ്ഞു. ഉമേഷ് യാദവ് മൂന്നും ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും നേടി.

ലീഡ് സ്വന്തമാക്കി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യയെ ഞെട്ടിച്ച് ആതിഥേയര്‍ വേട്ട തുടങ്ങി. പാറ്റ് കമ്മിന്‍സ് തുടങ്ങി വെച്ച വിക്കറ്റ് വേട്ട ജോഷ് ഹെയ്‌സല്‍വുഡും ഏറ്റെടുത്തു. ഹെയ്‌സല്‍വുഡ് ഫൈഫര്‍ തികച്ചപ്പോള്‍ നാല് വിക്കറ്റാണ് കമ്മിന്‍സ് സ്വന്തമാക്കിയത്. മുഹമ്മദ് ഷമി റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിയതോടെയാണ് കമ്മിന്‍സിന് ഫൈഫര്‍ നഷ്ടമായത്.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും രണ്ടക്കം കണ്ടിരുന്നില്ല. ഒമ്പത് റണ്‍സ് നേടിയ മായങ്ക് അഗര്‍വാളാണ് ടോപ് സ്‌കോറര്‍.

ഇന്ത്യ ഉയര്‍ത്തിയ 90 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു.

Content Highlight: Border Gavaskar Trophy: Alex Carey about Australia’s plan for Adelaide test

We use cookies to give you the best possible experience. Learn more