Advertisement
Sports News
രോഹിത് ശര്‍മയുടെ പരിക്ക്: നിര്‍ണായകമായ നാലാം ടെസ്റ്റ് കളിക്കാനുണ്ടാകുമോ? വ്യക്തമാക്കി ആകാശ് ദീപ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Dec 22, 07:40 am
Sunday, 22nd December 2024, 1:10 pm

 

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം മത്സരത്തിന് മുന്നോടിയായി നടന്ന നെറ്റ് സെഷനിടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ കാലിന് പരിക്കേറ്റിരുന്നു. സൈഡ് ആം ഉപയോഗിച്ച് പ്രാക്ടീസ് ചെയ്യവെ താരത്തിന്റെ കാല്‍മുട്ടില്‍ പന്തടിച്ചുകൊള്ളുകയായിരുന്നു.

ഉടന്‍ തന്നെ ഫിസിയോകളെത്തി താരത്തെ പരിചരിക്കുകയും ചെയ്തിരുന്നു.

 

ഇപ്പോള്‍ രോഹിത് ശര്‍മയുടെ പരിക്കിനെ കുറിച്ച് സംസാരിക്കുകയാണ് സൂപ്പര്‍ പേസര്‍ ആകാശ് ദീപ്. ബോക്‌സിങ് ഡേ ടെസ്റ്റിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായാണ് താരം രോഹിത് ശര്‍മയുടെ പരിക്കിനെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ നല്‍കിയത്.

രോഹിത് ശര്‍മയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നും എന്നാല്‍ അത് ആശങ്കപ്പെടാന്‍ ഒന്നും തന്നെയില്ലെന്നും താരം പറഞ്ഞു.

‘പ്രാക്ടീസ് ചെയ്യുമ്പോഴും കളിക്കുമ്പോഴും ഇത്തരത്തിലുള്ള പരിക്കുകള്‍ ഉണ്ടാവുക സാധാരണമാണ്. കാര്യമായി ഒന്നും തന്നെയില്ലെന്നും അദ്ദേഹം ഓക്കെയാണെന്നുമാണ് എനിക്ക് തോന്നുന്നത്. മെല്‍ബണ്‍ ടെസ്റ്റില്‍ അദ്ദേഹം കളിക്കും. ആശങ്കപ്പെടാന്‍ ഒന്നും തന്നെയില്ല,’ ആകാശ് ദീപ് പറഞ്ഞു.

ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ പന്തെറിയുമ്പോള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ആകാശ് ദീപ് സംസാരിച്ചു.

‘ഇത് കുറച്ച് പ്രയാസകരമാണ്. ഇന്ത്യയില്‍ തന്നെയാണ് ഞാന്‍ എന്റെ ക്രിക്കറ്റിന്റെ സിംഹഭാഗവും കളിച്ചത്. അവിടെ ഷോര്‍ട്ടര്‍ ലെങ്ത്തില്‍ പന്തെറിയാന്‍ സാധിക്കും. എന്നാല്‍ ഇവിടെ അത് അല്‍പ്പം ബുദ്ധിമുട്ടാണ്.

ചിലപ്പോള്‍ മികച്ച രീതിയില്‍ പന്തെറിയുന്നതായി നിങ്ങള്‍ക്ക് തോന്നും. സാഹചര്യങ്ങള്‍ എന്ത് തന്നെയായാലും ഒരു ഫാസ്റ്റ് ബൗളര്‍ എന്ന നിലയില്‍ അച്ചടക്കത്തോടെ പന്തെറിയുക എന്നതാണ് പ്രധാനം,’ താരം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഓരോ വിജയവുമായി ഒപ്പത്തിനൊപ്പമാണ്. പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 295 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയപ്പോള്‍ ഡേ – നൈറ്റ് ഫോര്‍മാറ്റില്‍ അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ ഓസ്ട്രേലിയയും വിജയിച്ചുകയറി. ബ്രിസ്ബെയ്നിലെ ടെസ്റ്റില്‍ മഴ കളിച്ചതോടെ സമനിലയിലും പിരിഞ്ഞു.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഡിസംബര്‍ 26ന്, ബോക്സിങ് ഡേയില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് പരമ്പരയിലെ നാലാം മത്സരം അരങ്ങേറുന്നത്.

 

Content Highlight: Border Gavaskar Trophy: Akash Deep about Rohit Sharma’s injury