|

ഹെഡിനെ ക്രീസില്‍ നിലയുറപ്പിക്കാന്‍ അനുവദിക്കില്ല; പറയുന്നത് ബുംറയല്ല സിറാജല്ല ജഡ്ഡുവുമല്ല, പോര്‍മുഖം തുറന്ന് സൂപ്പര്‍ ബൗളര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഡിസംബര്‍ 26ന്, ബോക്സിങ് ഡേയില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് പരമ്പരയിലെ നാലാം മത്സരം അരങ്ങേറുന്നത്.

പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഓരോ വിജയവുമായി ഒപ്പത്തിനൊപ്പമാണ്. പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 295 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയപ്പോള്‍ ഡേ – നൈറ്റ് ഫോര്‍മാറ്റില്‍ അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ ഓസ്ട്രേലിയയും വിജയിച്ചുകയറി. ബ്രിസ്ബെയ്നിലെ ടെസ്റ്റില്‍ മഴ കളിച്ചതോടെ സമനിലയിലും പിരിഞ്ഞു.

സൂപ്പര്‍ താരം ട്രാവിസ് ഹെഡിന്റെ കരുത്തിലാണ് ഓസ്‌ട്രേലിയയുടെ ബാറ്റിങ് യൂണിറ്റ് മികച്ച ടോട്ടലുകള്‍ കെട്ടിപ്പൊക്കുന്നത്. മിഡില്‍ ഓര്‍ഡറില്‍ ഇറങ്ങി ക്രീസില്‍ നിലയുറപ്പിക്കുന്ന ഹെഡ് ഇന്ത്യന്‍ ബൗളര്‍മാരെ ഒരു പരിഗണനയും നല്‍കാതെ പ്രഹരിക്കാറുണ്ട്.

ഇന്ത്യ വിജയിച്ച ആദ്യ ടെസ്റ്റിലും ഓസ്‌ട്രേലിയ പടുകൂറ്റന്‍ വിജയം നേടിയ അഡ്‌ലെയ്ഡിലെ രണ്ടാം ടെസ്റ്റിലും ഹെഡിന്റെ സാന്നിധ്യം നിര്‍ണായകമായിരുന്നു. നിലവില്‍ പരമ്പരയിലെ ഏറ്റവും മികച്ച റണ്‍ വേട്ടക്കാരനും ഹെഡ് തന്നെയാണ്.

ഇപ്പോള്‍ ഹെഡിനെതിരെയുള്ള തന്ത്രങ്ങള്‍ വ്യക്തമാക്കുകയാണ് സൂപ്പര്‍ താരം ആകാശ് ദീപ്. ഷോര്‍ട്ട് ബോളുകള്‍ കളിക്കാന്‍ ഹെഡ് ബുദ്ധിമുട്ടുന്നുണ്ടെന്നും അത് മുതലെടുക്കാന്‍ ശ്രമിക്കുമെന്നുമാണ് ആകാശ് ദീപ് പറയുന്നത്.

‘സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് തന്ത്രങ്ങള്‍ മെനയുന്നത്. അത് പുറത്ത് പറയാന്‍ സാധിക്കില്ല. ഫാസ്റ്റ് ബൗളര്‍മാര്‍ എന്ന നിലയില്‍ ഒരേ ഡെലിവെറിയില്‍ തന്നെ ഉറച്ചുനില്‍ക്കുകയും ബൗളിങ്ങില്‍ അച്ചടക്കം പുലര്‍ത്തുകയും ചെയ്യും.

ഓവര്‍ ദി വിക്കറ്റിലും എറൗണ്ട് ദി വിക്കറ്റിലും ഞങ്ങള്‍ പന്തെറിയും. പിച്ചിന്റെ സാഹചര്യങ്ങള്‍ പരിശോധിച്ച് അതിന് അനുസരിച്ച് തന്ത്രങ്ങളൊരുക്കും,’ ബോക്‌സിങ് ഡേ ടെസ്റ്റിന് മുന്നോടിയായി റിപ്പോര്‍ട്ടര്‍മാരോട് ആകാശ് ദീപ് പറഞ്ഞു.

‘ട്രാവിസ് ഹെഡ് ഷോര്‍ട്ട് ബോളുകള്‍ കളിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ട്. അവനെ ക്രീസില്‍ നിലയുറപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങള്‍ പ്രത്യേക ഏരിയകള്‍ ടാര്‍ഗെറ്റ് ചെയ്തുകൊണ്ട് തന്നെ പന്തെറിയും, അദ്ദേഹത്തെ തെറ്റുകള്‍ ചെയ്യിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും, ഇത് ഞങ്ങള്‍ക്ക് അവസരമൊരുക്കും,’ ആകാശ് ദീപ് കൂട്ടിച്ചേര്‍ത്തു.

മെല്‍ബണില്‍ ഇന്ത്യക്ക് മികച്ച ട്രാക്ക് റെക്കോഡാണ് ഇന്ത്യയ്ക്കുള്ളത്. ഒടുവില്‍ ഇന്ത്യ മെല്‍ബണില്‍ കളിച്ച രണ്ട് ബോക്‌സിങ് ഡേ ടെസ്റ്റിലും ആതിഥേയരെ പരാജയപ്പെടുത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. 2020ല്‍ അജിന്‍ക്യ രഹാനെയുടെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ വിജയിച്ചുകയറിയപ്പോള്‍ 2018ല്‍ ബുംറയുടെ ബൗളിങ് മികവാണ് സന്ദര്‍ശകര്‍ക്ക് തുണയായത്.

Content Highlight: Border Gavaskar Trophy: Akash Deep about dismissing Travis Head