|

ഗാബയില്‍ ഫോളോ ഓണ്‍ ഒഴിവാക്കുകയായിരുന്നില്ല ലക്ഷ്യം; വ്യക്തമാക്കി ആകാശ് ദീപ്

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതോടെ ഇരു ടീമുകളും 1-1ന് ഒപ്പത്തിനൊപ്പമെത്തിയിരുന്നു. ബ്രിസ്‌ബെയ്‌നില്‍ നടന്ന പരമ്പരയിലെ മൂന്നാം മത്സരത്തിന്റെ അഞ്ചാം ദിവസവും വില്ലനായി മഴയെത്തിയതോടെയാണ് മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

അഞ്ചാം ദിവസത്തിന്റെ തുടക്കത്തില്‍ ഇന്ത്യയുടെ അവസാന വിക്കറ്റായി ആകാശ് ദീപിനെ വീഴ്ത്തി ലീഡ് സ്വന്തമാക്കിയ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സില്‍ 89 റണ്‍സ് നേടി ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. 275 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോഴാണ് മഴയെത്തിയതും മത്സരം സമനിലയില്‍ അവസാനിച്ചതും.

സ്‌കോര്‍

ഓസ്ട്രേലിയ: 445 & 89/7

ഇന്ത്യ: 260 & 8/0 (T: 275)

ആദ്യ ഇന്നിങ്സില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും റിഷബ് പന്തും യശസ്വി ജെയ്സ്വാളും തുടങ്ങി സീനിയര്‍, ജൂനിയര്‍ വ്യത്യാസമില്ലാതെ ഇന്ത്യയുടെ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ ടോപ് ഓര്‍ഡറില്‍ കെ.എല്‍. രാഹുലും മിഡില്‍ ഓര്‍ഡറില്‍ രവീന്ദ്ര ജഡേജയും ചെറുത്തുനിന്നു. ഒപ്പം വാലറ്റത്ത് ബുംറയും ആകാശ് ദീപും ചേര്‍ന്ന് ഇന്ത്യയെ ഫോളോ ഓണിന് അയക്കാമെന്ന ഓസീസിന്റെ പ്രതീക്ഷകളും തല്ലിക്കെടുത്തി.

എന്നാല്‍ ബ്രിസ്‌ബെയ്‌നില്‍ ബാറ്റ് ചെയ്യവെ ഇന്ത്യയെ ഫോളോ ഓണില്‍ നിന്നും കരകയറ്റുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്ന് പറയുകയാണ് ആകാശ് ദീപ്. സാധ്യമായ സമയത്തോളം പുറത്താകാതെ ക്രീസില്‍ തുടരാനാണ് താന്‍ ശ്രമിച്ചതെന്നാണ് ആകാശ് ദീപ് പറയുന്നത്.

മെല്‍ബണില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു താരം.

‘ലോവര്‍ ഓര്‍ഡറില്‍ നിന്നുള്ള ഇരുപതോ മുപ്പതോ റണ്‍സ് എല്ലായപ്പോഴും പ്രധാനമാണ്. ഇത്തരത്തില്‍ ടോട്ടലിലേക്ക് സംഭാവന ചെയ്യാനാണ് ഞാന്‍ ശ്രമിച്ചത്. ഫോളോ ഓണില്‍ നിന്നും കരകയറ്റാന്‍ ഞാന്‍ ശ്രമിച്ചിരുന്നില്ല. എത്ര സമയം ബാറ്റ് ചെയ്യാന്‍ സാധിക്കുമോ, അത്രയും സമയം ബാറ്റ് ചെയ്യുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. ദൈവാനുഗ്രഹത്താല്‍ ഞങ്ങള്‍ക്ക് ഫോളോ ഓണ്‍ ഒഴിവാക്കാന്‍ സാധിച്ചു,’ ആകാശ് ദീപ് പറഞ്ഞു.

‘നിങ്ങള്‍ക്ക് മത്സരം തോല്‍ക്കാതെ രക്ഷപ്പെടുത്താന്‍ സാധിക്കുമ്പോള്‍ ടീമിന്റെ ആത്മവിശ്വാസവും വര്‍ധിക്കുന്നു. എല്ലാവരും സന്തോഷത്തിലായിരുന്നു,’ ആകാശ് ദീപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഡിസംബര്‍ 26ന്, ബോക്‌സിങ് ഡേയില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് പരമ്പരയിലെ നാലാം മത്സരം അരങ്ങേറുന്നത്.

പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഓരോ വിജയവുമായി ഒപ്പത്തിനൊപ്പമാണ്. പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 295 റണ്‍സിന്റെ ഐതിഹാസിക വിജയം സ്വന്തമാക്കിയപ്പോള്‍ അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയയും വിജയിച്ചുകയറി. ബ്രിസ്‌ബെയ്‌നിലെ ടെസ്റ്റില്‍ മഴ കളിച്ചതോടെ സമനിലയിലും പിരിഞ്ഞു.

നാലാം മത്സരം നടക്കുന്ന മെല്‍ബണില്‍ ഇന്ത്യക്ക് മികച്ച ട്രാക്ക് റെക്കോഡാണ് ഇന്ത്യയ്ക്കുള്ളത്. ഒടുവില്‍ ഇന്ത്യ മെല്‍ബണില്‍ കളിച്ച രണ്ട് ബോക്സിങ് ഡേ ടെസ്റ്റിലും ആതിഥേയരെ പരാജയപ്പെടുത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. 2020ല്‍ അജിന്‍ക്യ രഹാനെയുടെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ വിജയിച്ചുകയറിയപ്പോള്‍ 2018ല്‍ ബുംറയുടെ ബൗളിങ് മികവാണ് സന്ദര്‍ശകര്‍ക്ക് തുണയായത്.

Content highlight: Border Gavaskar Trophy: Akash Deep about Brisbane test