ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മയക്ക് പകരം സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
വ്യക്തിപരമായ കാരണങ്ങളാല്‍ രോഹിത് ശര്‍മ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനാലാണ് ഇന്ത്യ ബുംറക്ക് ക്യാപ്റ്റന്റെ അധിക ചുമതല നല്‍കുന്നത്.
രോഹിത്തിന്റെ അഭാവത്തില്‍ ബുംറ നേരത്തെയും ഇന്ത്യയെ നയിച്ചിട്ടുണ്ട്. 2022ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിലാണ് ബുംറ ക്യാപ്റ്റന്റെ കുപ്പായമണിഞ്ഞത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റനാണ് ഈ പോരാട്ടത്തിന് വേദിയായത്.
പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 2-1ന് ലീഡ് ചെയ്യുകയായിരുന്നു. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ് സമനിലയില്‍ കലാശിച്ചാലും ഇന്ത്യക്ക് പരമ്പര നേടാം എന്ന സാഹചര്യത്തിലാണ് കൊവിഡ് ബാധിതനായ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ബുംറ ഇന്ത്യയുടെ ക്യാപ്റ്റന്റെ റോളിലേക്കെത്തിയത്.
കപില്‍ ദേവിന് ശേഷം ഇന്ത്യയെ ടെസ്റ്റ് മത്സരത്തില്‍ നയിക്കുന്ന ആദ്യ പേസര്‍ എന്ന നേട്ടം സ്വന്തമാക്കിയെങ്കിലും ആ മത്സരത്തില്‍ ടീമിനെ വിജയിപ്പിക്കാന്‍ മാത്രം ബുംറക്ക് സാധിക്കാതെ പോയി.
മത്സരത്തിലെ രണ്ട് ഇന്നിങ്‌സിലും ജോണി ബെയര്‍സ്‌റ്റോ ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടിയതോടെ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ പരാജയം സമ്മതിക്കുകയും പരമ്പര സമനിലയില്‍ കലാശിക്കുകയുമായിരുന്നു.
എന്നാല്‍ ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ റെഡ് ബോള്‍ ക്യാപ്റ്റന്‍സിയേറ്റെടുക്കുന്ന ബുംറക്ക് പെര്‍ത്തില്‍ വെന്നിക്കൊടി പാറിക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
രോഹിത് ശര്‍മയുടെ അഭാവവും ഇന്ത്യന്‍ ക്യാമ്പിലെ പരിക്കുകളും തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെങ്കിലും അതെല്ലാം മറികടക്കാന്‍ ബുംറയുടെ ഇന്ത്യക്ക് സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഓരോ ഇന്ത്യന്‍ ആരാധകനും.
അതേസമയം, രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യ എ-യ്‌ക്കൊപ്പം പര്യടനം നടത്തിയ ദേവ്ദത്ത് പടിക്കലിനോട് ഓസ്ട്രേലിയയില്‍ തുടരാന്‍ സെലക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ രോഹിത്തിന് പകരക്കാരനായി പടിക്കില്‍ സ്‌ക്വാഡിന്റെ ഭാഗമാകും.