| Sunday, 17th November 2024, 5:26 pm

വന്‍മതിലും മതിലും ഒന്നിച്ച് തകരും, ഒപ്പം സച്ചിനും; ചരിത്രമെഴുതാന്‍ രണ്ടും കല്‍പിച്ച് വിരാട്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ചരിത്രത്തിലെ ക്ലാസിക് റൈവല്‍റികളിലൊന്നിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആഷസ് പരമ്പര പോലെ തന്നെ വീറും വാശിയും ഉള്‍ച്ചേരുന്ന ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം കാത്തിരിക്കുന്നത്.

നവംബര്‍ 22ന് ആരംഭിക്കുന്ന പരമ്പരക്ക് ഇത്തവണ പ്രത്യേകതകള്‍ ഏറെയാണ്. കാലങ്ങള്‍ക്ക് ശേഷം ബി.ജി.ടി അഞ്ച് മത്സരങ്ങളുടെ ഫോര്‍മാറ്റിലേക്ക് മാറുന്നതും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ ആദ്യ ഫൈനലിസ്റ്റിനെ അറിയാന്‍ സാധിക്കും എന്നതുള്‍പ്പടെ ആരാധകര്‍ക്ക് ആവേശത്തിനുള്ള വക ഈ പരമ്പര നല്‍കുന്നുണ്ട്.

സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ പ്രകടനമായിരിക്കും പരമ്പരയില്‍ ഇന്ത്യയുടെ വിധി നിര്‍ണയിക്കുക. മുന്‍ ഓസീസ് സൂപ്പര്‍ താരം മാത്യു ഹെയ്ഡന്‍ അടക്കം നിരവധി താരങ്ങള്‍ ഇക്കാര്യം എടുത്ത് പറഞ്ഞിട്ടുമുണ്ട്.

ഈ പരമ്പരയില്‍ പല നേട്ടങ്ങളും വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നുണ്ട്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് ഇതില്‍ പ്രധാനം. എട്ട് സെഞ്ച്വറിയുമായി സെഞ്ച്വറി വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതുള്ള വിരാടിന് തകര്‍ക്കാനുള്ളത് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോഡാണ്.

പരമ്പരയില്‍ ഒരു സെഞ്ച്വറി കണ്ടെത്താന്‍ സാധിച്ചാല്‍ വിരാടിന് സച്ചിനൊപ്പമെത്താനും മറ്റൊന്നുകൂടി നേടിയാല്‍ മാസ്റ്റര്‍ ബ്ലാസ്റ്ററെ മറികടക്കാനും വിരാടിന് സാധിക്കും. ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തും എട്ട് സെഞ്ച്വറിയുമായി രണ്ടാം സ്ഥാനത്തുണ്ട്.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്‌സ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 65 – 9

സ്റ്റീവ് സ്മിത്ത് – ഓസ്‌ട്രേലിയ – 35 – 8*

വിരാട് കോഹ് ലി – ഇന്ത്യ – 42 – 8*

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 51 – 8

മൈക്കല്‍ ക്ലാര്‍ക്ക് – ഓസ്‌ട്രേലിയ – 40 – 7

മാത്യു ഹെയ്ഡന്‍ – ഓസ്‌ട്രേലിയ – – 35 – 6

ഇതിന് പുറമെ ബി.ജി.ടിയില്‍ ഏറ്റവുമധികം റണ്‍സ് താരങ്ങളുടെ പട്ടികയില്‍ സ്ഥാനക്കയറ്റമുണ്ടാക്കാനും വിരാടിന് സാധിക്കും. നിലവില്‍ 42 ഇന്നിങ്‌സില്‍ നിന്നും 52.25 ശരാശരിയില്‍ 1,979 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്. എട്ട് സെഞ്ച്വറിക്കൊപ്പം അഞ്ച് അര്‍ധ സെഞ്ച്വറിയും വിരാട് തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

പരമ്പരയില്‍ 21 റണ്‍സ് പൂര്‍ത്തിയാക്കിയാല്‍ ബി.ജി.ടി ചരിത്രത്തില്‍ 2,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങളുടെ എലീറ്റ് ലിസ്റ്റില്‍ ഇടം നേടാനും വിരാടിന് സാധിക്കും.

ഇതിനൊപ്പം ഇന്ത്യന്‍ സൂപ്പര്‍ താരം ചേതേശ്വര്‍ പൂജാര, ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ് എന്നിവരെ മറികടക്കാനുള്ള അവസരവും വിരാടിന് മുമ്പിലുണ്ട്.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 65 – 3,262

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 51 – 2,555

വി.വി.എസ്. ലക്ഷ്മണ്‍ – ഇന്ത്യ – 54 – 2,434

രാഹുല്‍ ദ്രാവിഡ് – ഇന്ത്യ – 60 – 2.143

മൈക്കല്‍ ക്ലാര്‍ക്ക് – ഓസ്‌ട്രേലിയ – 43 – 2,049

ചേതേശ്വര്‍ പൂജാര – ഇന്ത്യ – 43 – 2,033

വിരാട് കോഹ്‌ലി – ഇന്ത്യ – 42 – 1,979

മാത്യു ഹെയ്ഡന്‍ – ഓസ്‌ട്രേലിയ – 35 – 1,888

സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – 35 – 1.887

Content Highlight: Border – Gavaskar Trophy 2024-25: Records that Virat Kohli can break

We use cookies to give you the best possible experience. Learn more