ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സൂപ്പര്‍ താരം ചേതേശ്വര്‍ പൂജാര ഇടം നേടാത്തതില്‍ പ്രതികരണവുമായി ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കമ്മിന്‍സ്.
പൂജാരക്കെതിരെ പന്തെറിയുന്നത് താന്‍ എല്ലായ്‌പ്പോഴും ആസ്വദിച്ചിരുന്നുവെന്നും പൂജാരയും അജിന്‍ക്യ രഹാനെയും ഓസ്‌ട്രേലിയക്കെതിരെ മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിരുന്നുവെന്നും കമ്മിന്‍സ് പറഞ്ഞു.
‘അവര്‍ (ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ) എന്നിവര്‍ വളരെ മികച്ച ഇന്നിങ്‌സുകള്‍ പുറത്തെടുത്തിരുന്നു. പൂജാരക്കെതിരെ കളിക്കുന്നത് എല്ലായ്‌പ്പോഴും മികച്ചതായിരുന്നു.
അവനെതിരായ ഓരോ മത്സരങ്ങളും, അവനെതിരെ എറിയുന്ന ഓരോ പന്തുകളും ഞാന്‍ ഏറെ ആസ്വദിച്ചിരുന്നു. ചില ദിവസങ്ങളില്‍ എനിക്കെതിരെ അവന്‍ വിജയിച്ചു, എന്നാല്‍ ചിലപ്പോള്‍ വിജയം എനിക്കൊപ്പം നിന്നു. ഇക്കാരണം കൊണ്ടുതന്നെ അവനില്ലാത്ത പരമ്പര അല്‍പം വ്യത്യസ്തമായിരിക്കും,’ കമ്മിന്‍സ് പറഞ്ഞു.
ബി.ജി.ടി ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ആറാമത് താരവും നാലാമത് ഇന്ത്യന്‍ താരവുമാണ് പൂജാര. 24 മത്സരത്തിലെ 43 ഇന്നിങ്‌സില്‍ നിന്നും 50.82 ശരാശരിയില്‍ 2,033 റണ്‍സാണ് പൂജാര സ്വന്തമാക്കിയത്.
പരമ്പരയില്‍ അഞ്ച് തവണ സെഞ്ച്വറി നേടിയ താരം 11 തവണ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. 2013ലെ ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍ നേടിയ 204 ആണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ആ മത്സരത്തില്‍ ഇന്നിങ്‌സിനും 135 റണ്‍സിനും ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു.
ഇന്ത്യക്കെതിരെ കമ്മിന്‍സ്
പൂജാരയെ പോലെ തന്നെ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ മികച്ച ട്രാക്ക് റെക്കോഡുള്ള താരമാണ് കമ്മിന്‍സ്. 12 ടെസ്റ്റ് മത്സരത്തില്‍ നിന്നും 25.45 ശരാശരിയില്‍ 46 വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. ഒരു ഫൈഫറും നാല് ഫോര്‍ഫറും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.
ബാറ്റുകൊണ്ടും താരം തന്റേതായ സംഭാവനകള്‍ ഓസ്‌ട്രേലിയക്ക് നല്‍കിയിട്ടുണ്ട്. ഒരു അര്‍ധ സെഞ്ച്വറിയടക്കം 22 ഇന്നിങ്‌സില്‍ നിന്നും 311 റണ്‍സാണ് താരം സ്വന്തമാക്കിയത്.
നവംബര്‍ 22നാണ് ഇത്തവണത്തെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി മത്സരങ്ങള്‍ ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയായാണ് ഇത്തവണ ബി.ജി.ടി നടത്തുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയായി ബി.ജി.ടി കളിക്കുന്നത്.
2020-21ലാണ് ഇതിന് മുമ്പ് ഇന്ത്യ ഓസ്ട്രേലിയയില്‍ പര്യടനം നടത്തിയത്. നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. തൊട്ടുമുമ്പ് നടന്ന 2018-19ലും ഇന്ത്യ ഇതേ മാര്‍ജിനില്‍ തന്നെ വിജയിച്ചിരുന്നു.
ഇപ്പോള്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പര വിജയത്തിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്.
പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. നവംബര്‍ 22 മുതല്‍ 26 വരെയാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.