| Monday, 18th November 2024, 9:06 am

വിരാട് ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറി നേടണം; തുറന്നുപറഞ്ഞ് മിച്ചല്‍ ജോണ്‍സണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി വിരാട് കോഹ്‌ലിക്ക് മുമ്പില്‍ പ്രത്യേക ആവശ്യവുമായി മുന്‍ ഓസീസ് സൂപ്പര്‍ താരം മിച്ചല്‍ ജോണ്‍സണ്‍. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ വിരാട് ഒരു സെഞ്ച്വറിയെങ്കിലും സ്വന്തമാക്കണമെന്നാണ് ജോണ്‍സണ്‍ ആവശ്യപ്പെടുന്നത്.

ഓസ്‌ട്രേലിയയില്‍ പര്യടനത്തിനെത്തിയ ബാറ്റര്‍മാരില്‍ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് വിരാട് കോഹ്‌ലിയെന്നും ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇംപാക്ട് ഉണ്ടാക്കിയ വളരെ കുറച്ച് താരങ്ങളില്‍ ഒരാളാണ് വിരാടെന്നും ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു.

‘നിലവില്‍ 36കാരനായ വിരാട് ഇവിടെയെത്തി കളിക്കുന്ന ഒരുപക്ഷേ അവസാനത്തെ ടെസ്റ്റ് പരമ്പരയായിരിക്കും ഇത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ മികച്ച പ്രകടനമാണ് വിരാട് കാഴ്ചവെച്ചത്.

ഇവിടെ അദ്ദേഹത്തിന് 54.08 ശരാശരിയുണ്ട്. ഇത് അദ്ദേഹത്തിന്റെ കരിയര്‍ ശരാശരിയേക്കാള്‍ കൂടുതലാണ്. വളരെ കുറച്ച് ബാറ്റര്‍മാര്‍ക്ക് മാത്രമേ ഓസ്‌ട്രേലിയയില്‍ ഇത്തരമൊരു ഇംപാക്ട് ഉണ്ടാക്കാന്‍ സാധിച്ചിട്ടുള്ളൂ,’ വെസ്റ്റ് ഓസ്‌ട്രേലിയനിലെ തന്റെ കോളത്തില്‍ ജോണ്‍സണ്‍ എഴുതി.

നിലവില്‍ മികച്ച ഫോം കണ്ടെത്താന്‍ സാധിക്കാത്തതില്‍ വിരാട് സമ്മര്‍ദത്തിലായിരിക്കുമെന്നും ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു.

‘ഇപ്പോഴുള്ള അവസ്ഥയില്‍ അദ്ദേഹം പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുമോ അതോ ഇത് അദ്ദേഹത്തിന് മറികടക്കാന്‍ സാധിക്കുമോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ഓസ്‌ട്രേലിയയില്‍ അദ്ദേഹം സെഞ്ച്വറി നേടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഏറ്റവും മികച്ചവര്‍ തമ്മിലുള്ള പോരാട്ടത്തിനായാണ് ഞാന്‍ കാത്തിരിക്കുന്നത്. അത്യധികം ആവേശത്തോടെയാണ് ഈ പരമ്പര കളിക്കുന്നത്. വിരാടിന് ഇത് സ്വന്തം തട്ടകമെന്ന അനുഭൂതിയുണ്ടാക്കും,’ ജോണ്‍സണ്‍ പറഞ്ഞു.

വിരാടിന്റെ ഫോമായിരിക്കും മത്സരത്തിന്റെ ഗതി മാറ്റി മറിക്കുകയെന്നും ഓസ്‌ട്രേലിയയുടെ കാര്യമോര്‍ത്ത് പേടിയുണ്ടെന്നും ഡേവിഡ് വാര്‍ണറും പറഞ്ഞിരുന്നു.

‘ഇത് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയാണ്. ഓസ്ട്രേലിയയില്‍ പര്യടനത്തിനെത്തുന്ന മറ്റൊരു ബാറ്ററിനും സാധിക്കാത്ത തരത്തില്‍ വിരാട് ഇവിടെ റണ്ണടിച്ചുകൂട്ടുമെന്നും വെല്ലുവിളികളെ നേരിടുമെന്നും നമുക്കറിയാവുന്നതാണ്.

വിമര്‍ശകരുടെ വായടപ്പിക്കാന്‍ ഇതിലും നല്ല ഒരു വഴി വിരാടിന് മുമ്പിലില്ല. ഓസ്ട്രേലിയന്‍ ടീമിനെ ഓര്‍ത്ത് എനിക്ക് ശരിക്കും പേടിയുണ്ട്. വിരാട് റണ്ണടിച്ചുകൂട്ടാന്‍ തന്നെയാണ് ഇവിടെയത്തിയിരിക്കുന്നത്,’ ഹെറാള്‍ഡ് സണ്ണിന് നല്‍കിയ അഭിമുഖത്തില്‍ വാര്‍ണര്‍ പറഞ്ഞു.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ മികച്ച ട്രാക്ക് റെക്കോഡുകളാണ് വിരാടിന്റെ പേരിലുള്ളത്. ബി.ജി.ടിയില്‍ കളിച്ച 42 ഇന്നിങ്‌സില്‍ നിന്നും 52.25 ശരാശരിയില്‍ 1,979 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്. എട്ട് സെഞ്ച്വറിക്കൊപ്പം അഞ്ച് അര്‍ധ സെഞ്ച്വറിയും വിരാട് തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

അതേസമയം, നവംബര്‍ 22ന് ആരംഭിക്കുന്ന പരമ്പരക്ക് ഇത്തവണ പ്രത്യേകതകള്‍ ഏറെയാണ്. കാലങ്ങള്‍ക്ക് ശേഷം ബി.ജി.ടി അഞ്ച് മത്സരങ്ങളുടെ ഫോര്‍മാറ്റിലേക്ക് മാറുന്നതും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ ആദ്യ ഫൈനലിസ്റ്റിനെ അറിയാന്‍ സാധിക്കും എന്നതുമുള്‍പ്പടെ ആരാധകര്‍ക്ക് ആവേശത്തിനുള്ള വക ഈ പരമ്പര നല്‍കുന്നുണ്ട്.

രണ്ട് ടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമായ പരമ്പരയില്‍ എന്തും സംഭവിക്കാം എന്ന് ഉറച്ചുതന്നെയാണ് ക്രിക്കറ്റ് മാമാങ്കത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്.

Content Highlight: Border-Gavaskar Trophy 2024-25: Mitchell Johnson about Virat Kohli

We use cookies to give you the best possible experience. Learn more