ന്യൂസിലാന്‍ഡിനോട് സ്വന്തം തട്ടകത്തിലേറ്റ പരാജയത്തിന് ശേഷം പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്താനാണ് ഇന്ത്യയൊരുങ്ങുന്നത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ അവസാന പരമ്പരക്കായി ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനത്തിനെത്തിയിരിക്കുകരയാണ്. അഞ്ച് മത്സരങ്ങളാണ് ഇന്ത്യ കങ്കാരുക്കളുടെ തട്ടകത്തില്‍ കളിക്കുക.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പര ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീം ഏതായിരിക്കുമെന്ന് ഈ പരമ്പരയാണ് തീരുമാനിക്കുന്നത്.
ഈ പരമ്പര ആതിഥേയരായ ഓസ്‌ട്രേലിയ സ്വന്തമാക്കുമെന്ന് പറയുകയാണ് മുന്‍ ഓസീസ് വെടിക്കെട്ട് വീരനും ക്രിക്കറ്റ് ഇതിഹാസ ഓപ്പണറുമായ മാത്യു ഹെയ്ഡന്‍. അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1ന് ഓസ്‌ട്രേലിയ 3-1ന് സ്വന്തമാക്കുമെന്നാണ് ഹെയ്ഡന്‍ അഭിപ്രായപ്പെട്ടത്.
‘എനിക്ക് തോന്നുന്നത് ഓസ്‌ട്രേലിയ 3-1ന് വിജയിക്കുമെന്നാണ്,’ ക്ലബ്ബ് പ്രയറി ഫയര്‍ പോഡ്കാസ്റ്റില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍ ഇന്ത്യയെ പൂര്‍ണമായും എഴുതിത്തള്ളാനും ഹെയ്ഡന്‍ തയ്യാറല്ല. വിരാട് കോഹ്‌ലിയുടെയും ജസ്പ്രീത് ബുംറയുടെും ഫോം പരമ്പരയുടെ ഗതി നിര്‍ണയിക്കുമെന്നും ഹെയ്ഡന്‍ പറഞ്ഞു.
‘സ്റ്റീവ് സ്മിത്, വിരാട് കോഹ്‌ലി എന്നിവരുടെ ഫോമും പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിയും ജസ്പ്രീത് ബുംറയുടെ ബൗളിങ് മികവും പരമ്പരയുടെ ഫലം മാറ്റി മറിച്ചേക്കാം,’.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി
നവംബര്‍ 22നാണ് ഇത്തവണത്തെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി മത്സരങ്ങള്‍ ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയായാണ് ഇത്തവണ ബി.ജി.ടി നടത്തുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയായി ബി.ജി.ടി കളിക്കുന്നത്.
2020-21ലാണ് ഇതിന് മുമ്പ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയത്. നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. തൊട്ടുമുമ്പ് നടന്ന 2018-19ലും ഇന്ത്യ ഇതേ മാര്‍ജിനില്‍ തന്നെ വിജയിച്ചിരുന്നു.
ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പര വിജയത്തിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്.
പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. നവംബര്‍ 22 മുതല്‍ 26 വരെയാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.