| Monday, 18th November 2024, 1:59 pm

വിരാട് ഒരിക്കലും പ്രതീക്ഷിക്കാത്ത വെല്ലുവിളി; അണിയറയില്‍ കമ്മിന്‍സിന്റെ രക്തം ചിന്തി യുദ്ധപ്രഖ്യാപനം; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഹോം അഡ്വാന്റേജ് പൂര്‍ണമായും മുതലെടുക്കാന്‍ ഉറച്ചുതന്നെയാകും കങ്കാരുപ്പട പിച്ചൊരുക്കുക. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സ്വപ്‌നം കാണുന്ന ഓസ്‌ട്രേലിയക്ക് ഈ സൈക്കിളില്‍ സ്വന്തം തട്ടകത്തില്‍ നടക്കുന്ന അവസാന പരമ്പര നിര്‍ണായകമാണ്.

പേസിനെ തുണയ്ക്കുന്ന പിച്ചുകളില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെയ്‌സല്‍വുഡും അടങ്ങുന്ന ബൗളിങ് നിര ഇന്ത്യയുടെ തലയരിയാനുള്ള തയ്യാറെടുപ്പിലാണ്. ഈ കൂട്ടത്തിലേക്ക് പുതിയൊരു പേസര്‍ കൂടി കാലെടുത്ത് വെച്ചിരിക്കുകയാണ്.

സൂപ്പര്‍ താരം മാര്‍നസ് ലബുഷാനാണ് തന്റെ പേസ് സ്‌കില്ലുകള്‍ മൂര്‍ച്ച കൂട്ടിയെടുക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ലെഗ് ബ്രേക്കറായി മാത്രം പന്തെറിഞ്ഞ താരം ഇപ്പോള്‍ ഫാസ്റ്റ് ബൗളിങ് പരിശീലിക്കുകയാണ്.

നെറ്റ്‌സില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കെതിരെ തുടര്‍ച്ചയായ ആക്രമണമഴിച്ചുവിട്ടാണ് ലബുഷാന്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഓസ്‌ട്രേലിയന്‍ ബൗളിങ് യൂണിറ്റില്‍ നിര്‍ണായക സാന്നിധ്യമാകാന്‍ ഒരുങ്ങുന്നത്.

നെറ്റ്‌സില്‍ കമ്മിന്‍സിനെതിരെ ലബുഷാന്‍ ബൗണ്‍സറുകള്‍ എറിയുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ക്യാപ്റ്റനെ താരം പുറത്താക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാസം ഒരു അഭിമുഖത്തില്‍ തനിക്ക് 135 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയാന്‍ സാധിക്കുമെന്നും വിരാട് കോഹ്‌ലിക്കെതിരെ ബൗണ്‍സറുകള്‍ എറിയാന്‍ ശ്രമിക്കുമെന്നും ലബുഷാന്‍ പറഞ്ഞിരുന്നു. ഏറുകൊള്ളാതിരിക്കാന്‍ തന്റെ ബൗണ്‍സറുകള്‍ വിരാട് ഒഴിഞ്ഞുമാറുന്നത് കാണാന്‍ ആളുകള്‍ക്ക് ആഗ്രഹമുണ്ടാകുമെന്നും താരം പറഞ്ഞു.

ഒക്ടോബറില്‍ നടന്ന ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെ മീഡിയം പേസറായും ലബുഷാന്‍ രംഗപ്രവേശം ചെയ്തിരുന്നു. ആഭ്യന്തര തലത്തില്‍ അവസാനം കളിച്ച നാല് മത്സരത്തില്‍ നിന്നും ആറ് വിക്കറ്റും ലബുഷാന്‍ സ്വന്തമാക്കിയിട്ടുണ്ട്.

പേസിനെ തുണയ്ക്കുന്ന പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. നവംബര്‍ 22നാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം

ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.

രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്‌ലെയ്ഡ് ഓവല്‍.

മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്‌ബെയ്ന്‍.

ബോക്‌സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍.

ട്രാവലിങ് റിസര്‍വുകള്‍.

മുകേഷ് കുമാര്‍, നവ്ദീപ് സെയ്നി, ഖലീല്‍ അഹമ്മദ്.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഓസ്‌ട്രേലിയന്‍ സ്‌ക്വാഡ് (ആദ്യ ടെസ്റ്റ്)

പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്റ്റീവ് സ്മിത്ത്, സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാന്‍, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, നഥാന്‍ മക്സ്വീനി, മിച്ചല്‍ സ്റ്റാര്‍ക്ക്.

Content Highlight: Border-Gavaskar Trophy 2024-25: Marnus Labuschagne bowls bouncers in net practice

We use cookies to give you the best possible experience. Learn more