|

ഓസ്‌ട്രേലിയയുടെ അവസ്ഥ ഓര്‍ത്ത് പേടിയുണ്ട്, വിമര്‍ശകരുടെ വായടപ്പിക്കാനാണ് വിരാട് വരുന്നത്: ഡേവിഡ് വാര്‍ണര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഓസ്‌ട്രേലിയന്‍ ടീമിന് വിരാട് കോഹ്‌ലിയെ കുറിച്ചും അദ്ദേഹത്തിന്റെ ഫോമിനെ കുറിച്ചും മുന്നറിയിപ്പ് നല്‍കുകയാണ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ പര്യടനത്തിനെത്തുന്ന ഒരു ബാറ്ററിനും സാധിക്കാത്ത തരത്തിലാണ് വിരാട് സ്‌കോര്‍ ചെയ്യുന്നതെന്നും തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാനുമാണ് വിരാട് ശ്രമിക്കുന്നതെന്നും വാര്‍ണര്‍ പറഞ്ഞു.

‘ഇത് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയാണ്. ഓസ്‌ട്രേലിയയില്‍ പര്യടനത്തിനെത്തുന്ന മറ്റൊരു ബാറ്ററിനും സാധിക്കാത്ത തരത്തില്‍ വിരാട് ഇവിടെ റണ്ണടിച്ചുകൂട്ടുമെന്നും വെല്ലുവിളികളെ നേരിടുമെന്നും നമുക്കറിയാവുന്നതാണ്.

വിമര്‍ശകരുടെ വായടപ്പിക്കാന്‍ ഇതിലും നല്ല ഒരു വഴി വിരാടിന് മുമ്പിലില്ല. ഓസ്‌ട്രേലിയന്‍ ടീമിനെ ഓര്‍ത്ത് എനിക്ക് ശരിക്കും പേടിയുണ്ട്. വിരാട് റണ്ണടിച്ചുകൂട്ടാന്‍ തന്നെയാണ് ഇവിടെയത്തിയിരിക്കുന്നത്,’ ഹെറാള്‍ഡ് സണ്ണിന് നല്‍കിയ അഭിമുഖത്തില്‍ വാര്‍ണര്‍ പറഞ്ഞു.

വിരാട് കോഹ്‌ലിയുടെ ഫോം തന്നെയായിരിക്കും പരമ്പരയുടെ വിധി നിര്‍ണയിക്കുകയെന്ന് മാത്യു ഹെയ്ഡന്‍ അടക്കമുള്ള താരങ്ങള്‍ പറഞ്ഞിരുന്നു.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ മികച്ച ട്രാക്ക് റെക്കോഡുകളാണ് വിരാടിന്റെ പേരിലുള്ളത്. ബി.ജി.ടിയില്‍ കളിച്ച 42 ഇന്നിങ്സില്‍ നിന്നും 52.25 ശരാശരിയില്‍ 1,979 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്. എട്ട് സെഞ്ച്വറിക്കൊപ്പം അഞ്ച് അര്‍ധ സെഞ്ച്വറിയും വിരാട് തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

ഈ പരമ്പരയില്‍ പല നേട്ടങ്ങളും വിരാട് കോഹ്ലിയെ കാത്തിരിക്കുന്നുണ്ട്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് ഇതില്‍ പ്രധാനം. എട്ട് സെഞ്ച്വറിയുമായി സെഞ്ച്വറി വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതുള്ള വിരാടിന് തകര്‍ക്കാനുള്ളത് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോഡാണ്.

പരമ്പരയില്‍ ഒരു സെഞ്ച്വറി കണ്ടെത്താന്‍ സാധിച്ചാല്‍ വിരാടിന് സച്ചിനൊപ്പമെത്താനും മറ്റൊന്നുകൂടി നേടിയാല്‍ മാസ്റ്റര്‍ ബ്ലാസ്റ്ററെ മറികടക്കാനും വിരാടിന് സാധിക്കും. ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തും എട്ട് സെഞ്ച്വറിയുമായി രണ്ടാം സ്ഥാനത്തുണ്ട്.

അതേസമയം, നവംബര്‍ 22ന് ആരംഭിക്കുന്ന പരമ്പരക്ക് ഇത്തവണ പ്രത്യേകതകള്‍ ഏറെയാണ്. കാലങ്ങള്‍ക്ക് ശേഷം ബി.ജി.ടി അഞ്ച് മത്സരങ്ങളുടെ ഫോര്‍മാറ്റിലേക്ക് മാറുന്നതും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ ആദ്യ ഫൈനലിസ്റ്റിനെ അറിയാന്‍ സാധിക്കും എന്നതുള്‍പ്പടെ ആരാധകര്‍ക്ക് ആവേശത്തിനുള്ള വക ഈ പരമ്പര നല്‍കുന്നുണ്ട്.

രണ്ട് ടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമായ പരമ്പരയില്‍ എന്തും സംഭവിക്കാം എന്ന് ഉറച്ചുതന്നെയാണ് ക്രിക്കറ്റ് മാമാങ്കത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്.

Content Highlight: Border – Gavaskar Trophy 2024-25: David Warner about Virat Kohli