ആലപ്പുഴ: കായംകുളത്ത് വോട്ടെടുപ്പ് ദിവസം കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന് പരിക്കേറ്റത് രാഷ്ട്രീയ സംഘര്‍ഷത്തില്‍ അല്ലെന്ന് വെളിപ്പെടുത്തല്‍.
പരിക്കേറ്റ് ചികിത്സയിലുള്ള കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് സോമന്റെ ഭാര്യ രാജിയാണ് ഇക്കാര്യം പറഞ്ഞത്.
സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും കുടുംബവഴക്കിനെ തുടര്‍ന്നാണ് സോമന് പരിക്കേറ്റതെന്നുമാണ് രാജി പറയുന്നത്.
വോട്ടെടുപ്പ് കഴിഞ്ഞ് വീട്ടിലെത്തിയ സോമനും മകനും മുറി പൂട്ടിയിട്ടതിനെച്ചൊല്ലി വഴക്കുണ്ടായി. താക്കോലിന് വേണ്ടി അച്ഛനും മകനും തമ്മിലുള്ള വഴക്ക് അടിപിടിയിലെത്തി. ഇതിനിടെ തന്നെ മര്‍ദിച്ച് ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ മുള്ളുവേലിയില്‍ വീണ് സോമന് പരിക്കേല്‍ക്കുകയായിരുന്നെന്നും രാജി പറയുന്നു.
രാജി ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം രാത്രിയാണ് കായംകുളം പുതുപ്പള്ളി 55ാം നമ്പര്‍ ബൂത്തിലെ കോണ്‍ഗ്രസ് ബൂത്ത് ഏജന്റായ സോമന് നേരേ ആക്രമണമുണ്ടായി എന്ന വാര്‍ത്ത പുറത്തുവന്നത്.
വോട്ടെടുപ്പ് ദിവസം തന്നെ കായംകുളത്തുണ്ടായ യു.ഡി.എഫ്-സി.പി.ഐ.എം സംഘര്‍ഷത്തിന് പിന്നാലെ രണ്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു.
പോളിംഗ് കഴിഞ്ഞതിന് പിന്നാലെയാണ് കായംകുളത്ത് സംഘര്‍ഷമുണ്ടായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അഫ്സല്‍, നൗഫല്‍ എന്നിവര്‍ക്കാണ് നേരത്തെ വെട്ടേറ്റത്. അഫ്സലിന് തലയ്ക്കാണ് വെട്ടേറ്റത്. തുടര്‍ന്ന് അഫ്സലിനെ വണ്ടാനം മെഡിക്കല്‍ കോളേജിലെക്ക് മാറ്റി.
ഇരുവരും അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
ആലപ്പുഴയിലെ ഹരിപ്പാടും മറ്റു തീരദേശ മേഖലകളിലും രാവിലെ മുതല്‍ സംഘര്‍ഷമുണ്ടായിരുന്നു. എല്‍.ഡി.എഫ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു പ്രധാനമായും സംഘര്‍ഷമുണ്ടായത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക