മുത്തലാഖ് ബില്ലില്‍ ബി.ജെ.പിക്ക് ജയം എളുപ്പമാക്കി നിതീഷ് കുമാറിന്റെ പാര്‍ട്ടി: ബില്‍ രാജ്യസഭ കടക്കാന്‍ സാധ്യത
India
മുത്തലാഖ് ബില്ലില്‍ ബി.ജെ.പിക്ക് ജയം എളുപ്പമാക്കി നിതീഷ് കുമാറിന്റെ പാര്‍ട്ടി: ബില്‍ രാജ്യസഭ കടക്കാന്‍ സാധ്യത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th July 2019, 1:58 pm

ന്യൂദല്‍ഹി: മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാവാന്‍ സാധ്യത. ബില്ലിനെ എതിര്‍ത്ത ബി.ജെ.പി സഖ്യകക്ഷിയായ ജനതാദള്‍ യുനൈറ്റഡ് സഭയില്‍ നിന്നും ഇറങ്ങിപ്പോയ സാഹചര്യത്തില്‍ ഭൂരിപക്ഷ സംഖ്യ കുറയുന്നതോടെയാണ് ബില്‍ പാസാകാനുള്ള സാഹചര്യമൊരുങ്ങുന്നത്.

നേരത്തെ രണ്ടുതവണ ബില്‍ രാജ്യസഭയില്‍ കൊണ്ടുവന്നപ്പോഴും പാസായിരുന്നില്ല. രാജ്യസഭയില്‍ ബില്‍ പാസാകണമെങ്കില്‍ 121 പേരുടെ പിന്തുണയാണ് സര്‍ക്കാറിന് ആവശ്യമുള്ളത്. 107 പേര്‍ എന്‍.ഡി.എയുടേതായി രാജ്യസഭയിലുണ്ട്. ബിജു ജനതാദളിന്റെയും തെലങ്കാനയിലെ ടി.ആര്‍.എസിന്റെയും പിന്തുണയോടെ 120 തികക്കാനേ സര്‍ക്കാറിനു കഴിയൂ. എന്നാല്‍ ജെ.ഡി.യു ഇറങ്ങിപ്പോയതോടെ സഭയിലെ അംഗസംഖ്യ കുറയുകയും ഭൂരിപക്ഷം 121ല്‍ നിന്ന് താഴുകയും ചെയ്യും. അതോടെ ബില്‍ പാസാകാനുള്ള സാധ്യത ഏറിയിരിക്കുകയാണ്.

കഴിഞ്ഞദിവസം ബീഹാറിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിതീഷ് കുമാറിനെ വിളിച്ചിരുന്നു.

മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താക്കന്മാര്‍ക്ക് മൂന്നുവര്‍ഷത്തെ തടവുശിക്ഷ നല്‍കുന്നതാണ് ബില്‍. മുസ്‌ലിം പുരുഷന്‍മാര്‍ക്ക് എതിരെ മാത്രം ക്രിമിനല്‍ കുറ്റം ചുമത്തുന്നത് പൊലീസും മറ്റ് ഏജന്‍സികളും ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന ആശങ്കയാണ് ബില്ലിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഉപേക്ഷിക്കപ്പെടുന്ന ഭാര്യമാര്‍ മുസ്‌ലിം സമുദായത്തില്‍ മാത്രമല്ല, ക്രിസ്ത്യന്‍, ഹിന്ദു സമുദായങ്ങളിലുമുണ്ട്. ഈ സമുദായങ്ങളിലെ പുരുഷന്‍മാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്താത്തത് എന്തുകൊണ്ടാണ്? ലിംഗനീതിയ്ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് ഇതരസമുദായങ്ങളില്‍ പെട്ട സ്ത്രീകളെ കാണുന്നില്ലയെന്ന ചോദ്യവും പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്.