| Tuesday, 21st February 2023, 4:10 pm

ചെയ്യുന്ന സിനിമകളെല്ലാം മാസീവ് റിലീസ്, മലയാള സിനിമ ഇനി ചെയ്യുന്നില്ലെന്നാണ് സംയുക്ത പറഞ്ഞത്; ബൂമറാംഗ് പ്രൊഡ്യൂസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷൈന്‍ ടോം ചാക്കോക്ക് പിന്നാലെ സംയുക്തക്കെതിരെ വിമര്‍ശനവുമായി ബൂമറാംഗ് സിനിമയുടെ പ്രൊഡ്യൂസര്‍. സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്ന സംയുക്ത ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. ഇതിനെ തുടര്‍ന്ന് മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്‌ലിം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കണമെന്നായിരുന്നു ഷൈന്‍ ടോം ചാക്കോ സംയുക്തക്കെതിരെ നടത്തിയ പ്രസ്താവന.

പിന്നാലെ ഇപ്പോള്‍ പ്രൊഡ്യൂസറും സംയുക്ത പ്രൊമോഷന് എത്താതിനെതിരെ തുറന്ന് പറഞ്ഞിരിക്കുകയാണ്. സംയുക്തയെ വിളിച്ച് പ്രൊമോഷനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും താന്‍ ഇനി മലയാള സിനിമ ചെയ്യുന്നില്ലെന്നാണ് സംയുക്ത പറഞ്ഞതെന്നും പ്രൊഡ്യൂസര്‍ പറഞ്ഞു. ഇപ്പോള്‍ ചെയ്യുന്ന സിനിമ 35 കോടിയുടെതാണെന്നും തനിക്ക് തന്റെ കരിയര്‍ നോക്കണമെന്നുമാണ് സംയുക്ത തന്നോട് പറഞ്ഞതെന്നും അജി മേടയില്‍ പറഞ്ഞു.

സിനിമ ചെയ്യുമ്പോള്‍ ഇത്ര ദിവസം പ്രൊമോഷന്‍ ചെയ്‌തോളമെന്ന എഗ്രിമെന്റുണ്ടെന്നും പ്രൊഡ്യൂസര്‍ പറഞ്ഞു. ബൂമറാംഗ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞാന്‍ സംയുക്തയെ വിളിച്ചതാണ്. മലയാള സിനിമ ഇനി ചെയ്യുന്നില്ല എന്നായിരുന്നു ഒന്നാമത്തെ ഉത്തരം. രണ്ടാമതായിട്ട് പറഞ്ഞത് ഞാന്‍ ചെയ്യുന്ന സിനിമകളെല്ലാം മാസീവ് റിലീസാണെന്നാണ്. 35 കോടി സിനിമ ചെയ്യുകയാണ്. എനിക്ക് എന്റേതായ കരിയറുണ്ട്. അത് എനിക്ക് നോക്കണമെന്നാണ് മറുപടി പറഞ്ഞത്. ഹൈദരാബാദില്‍ ഞാന്‍ സെറ്റില്‍ഡാണ്. നാളെ ബാങ്കോങ്കില്‍ പോവുകയാണ് എന്നൊക്കെയാണ് പറഞ്ഞു.

സിനിമയിലെ ഏറ്റവും ലീഡ് ക്യാരക്ടര്‍ സംയുക്തയാണ്. വളരെ മനോഹരമായിട്ട് അത് പെര്‍ഫോം ചെയ്തിട്ടുമുണ്ട്. സെറ്റില്‍ എല്ലാ കാര്യത്തിലും നല്ല സഹകരണമായിരുന്നു. ഒരു സിനിമ ചെയ്യുമ്പോള്‍ അതില്‍ ഒരു എഗ്രിമെന്റുണ്ട്. ഇത്ര ദിവസം പ്രൊമോഷന്‍ ചെയ്‌തോളാമെന്നാണ്. അത് പല തവണ നമ്മള്‍ റിലീസ് ഒക്കെ മാറ്റി വെക്കുമ്പോള്‍ ആര്‍ട്ടിസ്റ്റിന് അവെയ്‌ലബിളാവണമെന്ന് നിര്‍ബന്ധമില്ല,” പ്രൊഡ്യൂസര്‍ പറഞ്ഞു.

സംയുക്തയ്ക്കും ഷൈന്‍ ടോം ചാക്കോക്കും പുറമേ ബൈജു സന്തോഷ്, ചെമ്പന്‍ വിനോദ് ജോസ്, ഡെയിന്‍ ഡേവിസ് എന്നിവരാണ് ബൂമറാംഗില്‍ പ്രധാനവേഷത്തിലെത്തുന്നത്. ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ബൂമറാംഗ് ഈസി ഫ്‌ളൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍, തൗഫീഖ്. ആര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

content highlight: boomrang producer about samyuktha

We use cookies to give you the best possible experience. Learn more