'ബുക്കിഷ്' പ്രകാശനം വേറിട്ട കാഴ്ചയായി
Gulf Day
'ബുക്കിഷ്' പ്രകാശനം വേറിട്ട കാഴ്ചയായി
ഷംസീര്‍ ഷാന്‍
Friday, 9th November 2018, 5:54 pm

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് സൗജന്യമായി വിതരണം ചെയ്യുന്ന ബുക്കിഷ്” സാഹിത്യ ബുള്ളറ്റിന്‍ പ്രകാശനം വേറിട്ട കാഴ്ചയായി. പ്രമുഖ എഴുത്തുകാരോടൊപ്പം ബുക്കിഷിലെ രചയിതാക്കളും ചേര്‍ന്നായിരുന്നു പ്രകാശനം.

ബുക്കിഷിലെ പുതുനാമ്പുകളില്‍ നിന്ന് സാഹിത്യലോകത്ത് അറിയപ്പെടുന്ന വന്‍വൃക്ഷങ്ങള്‍ ഉയര്‍ന്നുവരുമെന്ന് ചെറുകഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. എഴുത്തുകാരനാകാനല്ല, നല്ല വായനക്കാരനാകാനാണ് ബുക്കിഷിലൂടെ ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ബുക്കിഷ് പ്രതിഭകളെ സൃഷ്ടിക്കുമെന്നതിന് പ്രത്യക്ഷ തെളിവാണ് ഈ ബുള്ളറ്റിനിലൂടെ എഴുത്തിലേയ്ക്ക് തിരിച്ചുവന്ന് ഇപ്രാവശ്യത്തെ ഡിസി നോവല്‍ പുരസ്‌കാരം നേടിയ പ്രവാസി അനില്‍ ദേവസ്സിയെന്ന് ബുക്കിഷ് ടീം അംഗം രാഗേഷ് വെങ്കിലാട് പറഞ്ഞു.

ബുക്കിഷ് സാഹിത്യ ബുള്ളറ്റിന്‍ പ്രകാശനം ചെയ്തപ്പോള്‍. സന്തോഷ് ഏച്ചിക്കാനം, താഹ മാടായി, വി.എച്ച്.നിഷാദ് തുടങ്ങിയവര്‍ വേദിയില്‍

ഇത് നാലാമത്തെ വര്‍ഷമാണ് ബുക്കിഷ്, പുസ്തകമേളയില്‍ വിതരണം ചെയ്യുന്നത്. 139 പേര്‍ ഇത്തവണ കഥ, കവിത, ലേഖനം, ഓര്‍മക്കുറിപ്പ് എന്നിവയിലൂടെ അണിനിരന്നു.

എഴുത്തുകാരായ താഹ മാടായി, വി.എച്ച്.നിഷാദ്, ദീപാ നിശാന്ത്, യു.എ.ഇ എക്‌സ്‌ചേഞ്ച് പ്രതിനിധി കെ.കെ.മൊയ്തീന്‍കോയ, സലീം അയ്യനത്ത്, ഉണ്ണി കുലുക്കല്ലൂര്‍, സാദിഖ് കാവില്‍ എന്നിവര്‍ പ്രസംഗിച്ചു. വനിതാ വിനോദ് അവതാരകയായിരുന്നു. ഏഷ്യാറ്റിക് പ്രിന്റിങ് പ്രസ് ഉടമ വിപിന്‍ രാമചന്ദ്രന്‍, ഫില്ലി കഫെ മാനേജര്‍ മുഹമ്മദ് അഷ്‌റഫ്, മധു റഹ്മാന്‍, ശുഭേന്ദു, ഷിബുക്കുട്ടന്‍ തുടങ്ങിയവരെ ആദരിച്ചു.