| Friday, 8th October 2021, 2:00 pm

വ്യത്യസ്ത ദേശകാലങ്ങളിലൂടെ തീണ്ടാരിച്ചെമ്പ്

ബിന്ദു സുജി

ജീവിത സമസ്യകളെ ആലങ്കരികമായോ താത്വികമായോ അല്ലാതെ ഭാഷയുടെ വളച്ചുകെട്ടില്ലാതെ നേര്‍ക്കുനേരെയുള്ള സംവാദമാക്കുന്നു മിഥുന്‍ കൃഷ്ണയുടെ തീണ്ടാരിച്ചെമ്പ് കഥാസമാഹാരം. കഥപറച്ചിലിനപ്പുറം മനുഷ്യത്വരഹിതമായ വ്യവസ്ഥിതികളോട് കലഹിക്കാനുള്ള ഇടം കൂടി കണ്ടെത്തുന്നു ഇവിടെ എഴുത്തുകാരന്‍. കഥകള്‍ കഥകളല്ലാതെ അനുഭവങ്ങള്‍ ആയി മാറി കഥാപരിസരങ്ങള്‍, ഭാഷ തുടങ്ങിയവ പുതിയ മേച്ചില്‍പുറങ്ങളിലേക്ക് മാറുന്ന ഈ കാലത്ത് അരികുവല്‍കരിക്കപ്പെട്ടവരുടെ ജീവിതത്തെയും ഭാഷയെയും മനോഹരമായി അടയാളപ്പെടുത്തുന്നു.

വ്യത്യസ്ത ദേശകാലങ്ങളിലായി ആഖ്യാനം ചെയ്യപ്പെട്ട ഹൃദ്യമായ 11 കഥകളാണ് ഡി സി ബുക്സ് പുറത്തിറക്കിയ ഈ സമാഹാരത്തിലുള്ളത്. ദളിതര്‍, സ്ത്രീകള്‍, അഭയാര്‍ഥികള്‍, ഭിന്നലിംഗക്കാര്‍, ഭിന്നശേഷിക്കാര്‍….  ബോധപൂര്‍വമോ അല്ലാതെയോ നാം മാറ്റി നിര്‍ത്തിയവര്‍. സമകാലികമായ എല്ലാ പ്രശ്‌നങ്ങളിലൂടെയും എഴുത്തുകാരന്‍ കടന്നുപോകുന്നു.

തീണ്ടാരിച്ചെമ്പ്

ലൈംഗിക ന്യുനപക്ഷത്തിന്റെ ജീവിതപോരാട്ടമാണ് ‘മാമസിത’ എന്ന കഥ. ജന്മനാട്ടില്‍ അജീവനാന്തം വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയതെല്ലാം ഉപേക്ഷിച്ചു ജീവനും കൈയില്‍ പിടിച്ചു, കിട്ടിയതെല്ലാം വാരിയെടുത്ത് എങ്ങോട്ടെന്നില്ലാതെ ഓടുന്ന അഭയാര്‍ത്ഥികള്‍ നമുക്ക് ‘വാര്‍ത്തകള്‍’ മാത്രമാണ്. ചെന്നെത്തുന്ന ഇടങ്ങളില്‍ അവര്‍ക്കു ലഭിക്കുന്നത് പുച്ഛമാണ്. അവഗണനയാണ്. ക്രൂരമായ പരിഹാസമാണ്. സമൂഹഘടനക്ക് പുറത്ത് നില്‍ക്കുന്ന എല്ലാത്തിനെയും മനുഷ്യനായാലും മൃഗമായാലും ഇല്ലാതാക്കുക എന്ന ഗൂഢശ്രമത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍, പൊരുതി നില്‍കാന്‍ പാടുപെടുകയാണ് ലുയിസും മാമസിതയും.

രാമനും സീതയും വനവാസം കഴിച്ചുകൂട്ടിയതെന്നു വിശ്വസിക്കുന്ന ദണ്ഡകാരണ്യ വനമേഖലയുടെ പശ്ചാത്തലത്തില്‍ എഴുതിയ കഥയാണ് ജനിതക ഭൂപടം. പുറമെ ശാന്തമെന്നു തോന്നുമെങ്കിലും ഏത് നിമിഷവും മരണം കടന്നുവന്നേക്കാവുന്ന, വെടിയൊച്ചകള്‍ പതിയിരിക്കുന്ന മണ്ണിലാണ് കഥ. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും ചങ്കുറപ്പോടെ നേരിട്ട (ഭര്‍ത്താവിന്റെ മരണം വരെ) മനേകാമ്മയാണ് പ്രധാന കഥാപാത്രം.

വീട് വീട്ടിറങ്ങിപ്പോയ അച്ഛനെ കാത്തിരിക്കുന്ന മകള്‍ നീരു. ഏക മകള്‍ മതതീവ്രവാദത്തിന്റെ കെണിയില്‍പെട്ടു വനമേഖലയിലെവിടെയോ ഉണ്ടെന്നറിഞ്ഞു തേടിയെത്തിയ അച്ഛനും അമ്മയും. സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി സ്വന്തബന്ധങ്ങള്‍ മുറിച്ചെറിയാന്‍ യാതൊരു മടിയുമില്ലാത്ത മനുഷ്യര്‍ ലോകത്തെല്ലായിടത്തുമുണ്ട്. പ്രണയവും മതവും വിശ്വാസങ്ങളും ബന്ധങ്ങളുമെല്ലാം അവര്‍ക്ക് ആയുധങ്ങള്‍ മാത്രമാണ്. ബന്ധങ്ങള്‍ക്ക് ഒരു പോറലും ഏല്‍പിക്കാതെ എല്ലാ അധികാരസുഖങ്ങളും വിട്ടൊഴിഞ്ഞു ശാന്തത തേടിയെത്തിയ രാമന്റെ മണ്ണില്‍ തന്നെയാണ് സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ആരെയും കൊല്ലാനും ചാവാനും മടിയില്ലാത്ത പുതിയ മനുഷ്യര്‍ കടന്നുവരുന്നത് എന്ന ദുരന്തമുഖം കൂടി കഥ മുന്നോട്ട് വെക്കുന്നു. സ്വാതന്ത്ര്യം, മാവോയിസം, രാജ്യസുരക്ഷ എല്ലാം ഒരു പുനര്‍ചിന്തക്ക് വിധേയമാകേണ്ട കാലം കഴഞ്ഞിരിക്കുന്നുവെന്ന് ധ്വനിപ്പിക്കുന്നു.

തീണ്ടാരിച്ചെമ്പ് എന്ന പുസ്തകത്തിന്റെ രചയിതാവ് മിഥുന്‍ കൃഷ്ണ

സ്ത്രീയുടെ മനസിന്റെ നിഗൂഢതയും ചുഴികളും ഏറെ സങ്കീര്‍ണമായ തലത്തിലെത്തിക്കുന്നു തീണ്ടാരിചെമ്പ് എന്ന കഥയില്‍. ആണ്‍കോയ്മ വ്യവസ്ഥിതി തന്നിലേല്‍പ്പിച്ച ആഘാതത്തെ സ്ത്രൈണ ഭാവങ്ങളെല്ലാം അകറ്റി നിര്‍ത്തി പ്രതിഷേധിക്കുന്ന ലാലേച്ചി. പെണ്ണെന്ന നിലയില്‍ തന്നെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്ന ഇടങ്ങളിലെല്ലാം ഉറച്ച ശബ്ദത്തിലൂടെ തന്റെ ഇടം കണ്ടെത്തുകയും ആണഹന്തയെ ഇല്ലാതാകാന്‍ ശ്രമിക്കുകയും ചെയ്യുന്ന ശക്തയായ സ്ത്രീ. എല്ലാ മൃദുല വികാരങ്ങളെയും തന്നില്‍ നിന്നു കുടഞ്ഞെറിഞ്ഞ ലാലേച്ചിയെ പ്രിയപെട്ടവരുടെ വേര്‍പാടോ വേദനയോ അലട്ടുന്നില്ല. കുട്ടിക്കാലം മുതല്‍ അനുഭവിച്ച ഒറ്റപ്പെടലും അരക്ഷിതാവസ്ഥയും ഒരു സ്ത്രീയുടെ മനസിനെ എങ്ങനെയൊക്കെ സങ്കീര്‍ണമാക്കുന്നു എന്ന് കഥ ഹൃദ്യമായി പറഞ്ഞുവെക്കുന്നു.

തീര്‍ത്തും വ്യത്യസ്തമായ പശ്ചാത്തലത്തിലാണ് പുപ്പുത്താന്‍ എന്ന കഥ. രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്കന്‍ സേനയില്‍ നേഴ്‌സ് ആയിരുന്ന എലിസബത്ത് മാര്‍ഷല്‍ തന്റെ തൊണ്ണൂറ്റി രണ്ടാം വയസില്‍ ബുലന്‍ എന്ന പൂവന്‍ കോഴിയുമായി ബാലിയില്‍ തിരിച്ചെത്തുന്നതാണ് കഥയുടെ പ്രമേയം.

ദേശവും അതിര്‍ത്തിയും യുദ്ധവുമെല്ലാം പുരുഷന്റെ ലോകമാണ്. അതിനൊക്കെ അപ്പുറത്ത് തെളിഞ്ഞു നില്‍ക്കുന്നത് മനുഷ്യത്വത്തിന്റെ വിശാലമായ ലോകം ആണ്. അഭയം തേടിയെത്തിയവര്‍ ആരായാലും ജീവന്‍ കളഞ്ഞും അവരെ കാക്കുന്ന സ്ത്രീകള്‍; കഥകളിലും ചരിത്രത്തിലും നമുക്ക് കാണാം. ഗോത്രമായാലും സൈന്യമായാലും പാവപ്പെട്ടവന്റെ നെഞ്ച് തുളക്കാന്‍ യാതൊരു മടിയുമില്ല. തീര്‍ത്തും മനുഷ്യത്വരഹിതമായ ചില അനാചാരങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്നതും സാധാരണ മനുഷ്യരാണ് എന്നതും ചരിത്രത്തിലെ പാഠമാണ്. അവയെല്ലാം ചേര്‍ത്തുവെക്കുകയാണ് പുപ്പൂത്താനില്‍.

സ്ത്രീ,പുരുഷ പ്രണയസങ്കല്‍പ്പങ്ങളിലെ സംഘര്‍ഷമാണ് ‘നിന്റെ നാമത്തെ പ്രതി’. പ്രണയം സ്ത്രീയെ സ്വതന്ത്രയാക്കുന്നു. സ്ത്രീക്ക് കൊച്ചു കൊച്ചു കാര്യങ്ങളില്‍ ആനന്ദം കണ്ടെത്തി പ്രണയം ആസ്വദിക്കാന്‍ കഴിയുന്നു. എന്നാല്‍ പുരുഷനാവട്ടെ എപ്പോഴും ചുറ്റുപാടുകളെക്കുറിച്ച് ബോധവാനാവുകയും തനിക്ക് ചുറ്റും ചാരക്കണ്ണുകള്‍ ഉണ്ടെന്ന് വിശ്വസിച്ചു പ്രണയാനന്ദം ആസ്വദിക്കാനോ അനുഭവിക്കാനോ കഴിയാതെ’ പ്രയോഗികത’ എന്ന ലേബല്‍ ഒട്ടിച്ചു എല്ലാം ഉള്ളിലൊതുക്കുന്നു. ഏറെക്കുറെ പുരുഷന്മാര്‍ ഭീരുവാണ്. സ്‌നേഹിക്കുന്ന പെണ്ണിന്റെ മുന്നില്‍ പോലും. മണ്ണ് ഇവിടെ ഒരു ബിംബമായി മാറുന്നുണ്ട്. പെണ്ണും മണ്ണും ഒരു ഉണ്മയാണ്. പുരുഷനെ സംബന്ധിച്ചിടത്തോളം പെണ്‍ശരീരം അവയവ ഭംഗി മാത്രമാണ്. സ്ത്രീക്കാവട്ടെ ശരീരത്തെ, മണ്ണിനെ സര്‍ഗാത്മകമാക്കി ആനന്ദം അനുഭവിക്കാന്‍ കഴിയുന്നു. ആ ലോകത്തെ തകര്‍ക്കാനൊരുങ്ങുന്ന ഭീരുവായ പുരുഷനെ ദൃഢമായ ചോദ്യങ്ങള്‍ കൊണ്ട് നേരിടാനും അവള്‍ക്ക് കഴിയുന്നു. പാരിസ്ഥിതിക സ്ത്രീവാദവായന കൂടി ഈ കഥ മുന്നോട്ട് വെക്കുന്നുണ്ട്.

ജനാധിപത്യ, മതേതരത്വ സ്വാഭാവത്തെ നിരാകരിക്കുന്ന എകാധിപത്യ ഭരണകൂടത്തിന്റെ രാഷ്ട്രീയമായ അടിച്ചമര്‍ത്തലുകള്‍ക്ക് ഇരയായി തീര്‍ന്ന്‌ മനോനില തെറ്റിയ ബീഡി തെറുപ്പുകാരന്‍ കോരപ്പെട്ടന്റെ കഥ പറയുന്ന കുറുക്കത്തിക്കല്ല് രാഷ്ട്രീയമാനമുള്ളതാണ്.
പ്രസംഗകലയെ അതിരറ്റു സ്‌നേഹിക്കുകയും ഏത് പാതിരാത്രിയിലും ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രസംഗം ശ്രദ്ധയോടെ കേള്‍ക്കുന്ന കോരപ്പേട്ടന്‍ മഹത്തായ ആശയങ്ങള്‍ ആന്തരവല്‍ക്കരിക്കുന്നുണ്ട്. നിരോധിത സംഘടനയുടെ പ്രസംഗം കേട്ടതിന് ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമായ പോലീസ് അയാളെ അറസ്റ്റ് ചെയുകയും ശരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്യുന്നു.

താന്‍ എന്താണ് ചെയ്തതെന്നോ എന്തിനാണ് തന്നെ ശിക്ഷിക്കുന്നതെന്നോ തിരിച്ചറിയാന്‍ അയാള്‍ക്ക് പറ്റുന്നില്ല. ആശക്തനായ ഒരു കേള്‍വിക്കാരന്‍ മാത്രമായിരുന്നു അയാള്‍. ഭാര്യ ചിരുതേടത്തിയുടെ കണ്ണീര്‍ കണ്ടു വിട്ടയക്കുന്നതിനു മുന്നേ എസ്.ഐ കൊടുക്കുന്ന താക്കീത് കോരപ്പേട്ടന്റെ ജീവിതതാളത്തെ തകിടം മറിക്കുന്നു, ‘ഈ സമയം മുതല്‍ നീ ഞാളെ നിരീക്ഷണത്തിലാണ് ‘ഈ വാക്കുകള്‍ കോരപ്പേട്ടനെ ലോകത്തെ മൂഴുവന്‍ സംശയ കണ്ണുകളോടെ നോക്കാന്‍ പ്രേരിപ്പിക്കുന്നു. ഇതുവരെയും തന്റെ നിഴല്‍ പോലെ കഴിഞ്ഞിരുന്ന ഭാര്യയെ അയാള്‍ സംശയിക്കുന്നു, പുര്‍ണ്ണമായി നിശബ്ദനാക്കപ്പെടുന്നു.

നിരന്തരം നിരീക്ഷിക്കപെടുന്ന ഒരു കുറ്റവാളിയാണ് താന്‍ എന്ന ബോധം ഭരണകൂടം പൗരന്‍മാരില്‍ ഏല്‍പിക്കുന്നത്‌ അടിച്ചമര്‍ത്തല്‍ തന്ത്രം കൂടിയാണ്. ഇരകളായി തീരുന്നത് പലപ്പോഴും ഇതുപോലെ നിസ്സഹായരായ മനുഷ്യരാണെന്ന് കഥ പറഞ്ഞുവെക്കുന്നു. നമ്മുടെ ജീവിതത്തിന്റെ ഗതിയെ നിയന്ത്രിക്കുന്ന വ്യക്തിബന്ധത്തെയും കുടുംബബന്ധത്തെയും സ്വാധീനിക്കുന്ന നിര്‍ണായക ശക്തിയായി ഇവിടെ രാഷ്ട്രീയം മാറുന്നു. കോരപ്പേട്ടന്റെ കുടുംബത്തിന്റെ താളം തെറ്റുന്നു.

തന്നിലെ നിയന്ത്രണം നഷ്ടപ്പെട്ടു മനോനില തെറ്റിയ ഒരാള്‍ ആയി കോരപ്പേട്ടന്‍ മാറുന്നു. കേള്‍വിക്കാരന്‍ മാത്രമായിരുന്ന കോരപ്പേട്ടന്‍ തന്നെ കേള്‍ക്കാന്‍ സന്നദ്ധമായ ഒരു ലോകം ഉണ്ടെന്ന ബോധ്യത്തോടെ കുറുക്കത്തികല്ലില്‍ കയറി കൈ ചുണ്ടി സംസാരിക്കുകയാണ്. അതിജീവനം സാധ്യമാക്കിയ ഒരു ഗോത്രജനവിഭാഗത്തിന്റെ ദേശമാണ് കുറുക്കത്തിക്കല്ല് എന്നത്. കഥക്ക് ചരിത്രപരമായ വായന കൂടി സാധ്യമാക്കുന്നു. ഈ കഥ സമാഹാരത്തിലെ തൊട്ട, ദാമ്പത്യത്തില്‍ മുടിക്കുള്ള പ്രാധാന്യം, ഇംപേടിയന്‍ ബക്കാട്ടി, ഉമ്മച്ചിത്തെയ്യം തുടങ്ങിയ കഥകളും വേറിട്ടു നില്‍ക്കുന്നു. സ്ത്രീയും പരിസ്ഥിതിയും മുതലാളിത്തത്തിന്റെ ഇരകളായി മാറുന്നത് ‘പുള്ളിച്ചി ‘എന്ന കഥയിലൂടെയും ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടി വരുന്ന കുഞ്ഞുങ്ങളെ തോട്ട എന്ന കഥയിലൂടെയും നമ്മെ വേദനയിലേക്കും കൊണ്ടുപോകുന്നു.

മിഥുന്‍ കൃഷ്ണയുടെ എല്ലാ കഥകളും സമകാലികമായ എല്ലാ പ്രശ്‌നങ്ങളോടും സംവദിക്കുന്നുണ്ട്. പുതിയ കഥയെഴുത്തിന്റെ പരിസരം അരികവല്‍കരിക്കപ്പെട്ട ജനതയോടൊപ്പമാണ്. എഴുത്തുകാരന്റെ സാമൂഹ്യമായ ഉത്കണ്ഠകള്‍, താല്‍പര്യങ്ങള്‍, ബോധ്യങ്ങള്‍, എല്ലാം വിന്യസിക്കാനുള്ള ഇടമായി ഇതിലെ കഥകളെ കാണാം. സമൂഹം നിഷ്‌കര്‍ഷിക്കുന്ന വ്യവസ്ഥിതിക്കുള്ളില്‍ വീര്‍പ്പുമുട്ടുന്ന മനുഷ്യരെ സ്വാതന്ത്രരാക്കുന്ന കഥകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Book review of midhun krishna’s book theendarichemb

ബിന്ദു സുജി

We use cookies to give you the best possible experience. Learn more