| Wednesday, 20th March 2024, 7:05 pm

Book Review | അനീതിയോടും ദുര്‍ഭരണത്തോടും ചോദ്യങ്ങളുയര്‍ത്തിയ കാവലാള്‍ സൈനബ്‌

ഷബ്‌നം അബൂബക്കര്‍

ഹൃദയം കൊണ്ടെഴുതുന്ന വാക്കുകള്‍ക്കേ വായിക്കുന്ന ഹൃദയാന്തരങ്ങളിലേക്കൊരു തെന്നലായ്, തലോടലായ് കൊടുങ്കാറ്റായി കടന്നു കയറാനാവൂ. അങ്ങനെ ഹൃദയം കീഴടക്കിയ രചനകള്‍ അനാദികാലമങ്ങനെ തിളക്കമൊട്ടും കുറയാതെ ശോഭിച്ചുകൊണ്ടേയിരിക്കും. അത്തരമൊരു രചനയാണ് ‘കാതലാള്‍ സൈനബ്’. പ്രവാചകന്‍ മുഹമ്മദിന്റെ ചരിതം പത്തരമാറ്റ് ചേലോടെ മലയാള സാഹിത്യത്തില്‍ വരച്ചിട്ട ‘ബോധിഹിറ’ രചയിതാവ് ഹിജാസുല്‍ ഹഖും, വാക്കിലും ചിന്തയിലും അഹ്‌ലുബൈത്ത് (പ്രവാചക കുടുംബം) എന്ന വികാരം ജീവശ്വാസമായി സൂക്ഷിക്കുന്ന നാസര്‍ മാലിക്കും ചേര്‍ന്ന് രചിച്ച ഈ കൃതി നോവു നിറഞ്ഞൊരു നെടുവീര്‍പ്പോടെയല്ലാതെ വായിച്ചു തീര്‍ത്ത് അടച്ചു വെക്കാനാവില്ല.

മുഹമ്മദ് നബിയുടെ പൗത്രി സൈനബ് ബിന്‍ത് അലിയുടെ ജീവിത പോരാട്ടങ്ങളുടെ കഥപറയുന്ന രചനയ്ക്ക് കണ്ണീരണിഞ്ഞ, രക്തം മണക്കുന്ന കര്‍ബലയുടെ നിറവും മണവുണ്ട്, ഹുസൈനിന്റേതടക്കം അഹ്‌ലുബൈത്തിന്റെ വേദനപൂണ്ട തേങ്ങലുകളും, നിലവിളികളുമുണ്ട്. അത്രമേല്‍ തകര്‍ന്നൊരു കരള്‍പേറി തളര്‍ന്നു പിളര്‍ന്നിട്ടും ഇടറാത്ത പെണ്‍ക്കരുത്തിന്റെ പോരാട്ട വീര്യത്തെ ഹൃദയത്തില്‍ നിന്നുതിര്‍ന്ന കണ്ണീരും രക്തവും കൊണ്ട് നിറം ചാലിച്ചെഴുതിയതാണെന്നതില്‍ സംശയമില്ല.

പ്രവാചകന്റെ മരണത്തിന് ശേഷം പതിയെ പതിയെ ഉയര്‍ന്നു വന്ന ആഭ്യന്തര അസ്വാരസങ്ങളും കലഹ കലാപങ്ങളും ചീര്‍ത്ത് വീര്‍ത്ത് സ്വാര്‍ത്ഥ മോഹങ്ങള്‍ക്കും, അധികാരവാഴ്ച്ചയ്ക്കും വേണ്ടിയുള്ള പോരാട്ടയുദ്ധങ്ങളില്‍ കലാശിച്ചതെത്ര വലിയ ക്രൂരതയുടെ പറിച്ചെറിയാനാവാത്ത ഏടുകളാണ് തുറന്നിട്ടത്.

അവര്‍ കട്ടതും തൊട്ടതും ഒടുവില്‍ ചവിട്ടി മെതിച്ചു തകര്‍ത്തിട്ടതും പ്രവാചകന്റെ സ്വന്തങ്ങളെയായിരുന്നു. ആ പുണ്യ സ്പര്‍ശങ്ങളും സ്‌നേഹ വാത്സല്യങ്ങളും ആവോളം നുകര്‍ന്ന പൂമൊട്ടുകളെയായിരുന്നു.

എനിക്ക് ശേഷം നിങ്ങളില്‍ ഞാന്‍ ബാക്കിവെച്ചതെന്ന് പ്രവാചകന്‍ പറഞ്ഞ അഹ്‌ലുബൈത്തിന്റെ വേരുകളടര്‍ത്താനായിരുന്നു അവര്‍ തിടുക്കം കൂട്ടിയത്.

എത്ര കഴുകി തുടച്ചു വൃത്തിയാക്കാന്‍ ശ്രമിച്ചാലും അഴുകിയൊലിക്കുന്ന ഹീനകൃത്യങ്ങളെ ചരിത്രത്തില്‍ നിന്നെങ്ങനെ മായ്ച്ചു കളയാന്‍ ശ്രമിച്ചാലും അസാധ്യമായ ഒന്നായിരിക്കുമത്. കാരണം അനീതിയുടെ ദുര്‍ഗന്ധം വീശിയ കര്‍ബലയില്‍ പരന്നൊഴുകിയത് നീതിയുടെ സുഗന്ധമായിരുന്നു.

ഒരു തരി കനല്‍ ബാക്കിയുണ്ടെങ്കില്‍ പോലും ജ്വാലയായ് പടരാന്‍ കഴിവുള്ള ദീനിന്റെ വെളിച്ചമായിരുന്നു അവര്‍ ഊതികെടുത്താന്‍ നോക്കിയത്. ഉശിരോടെ വീശിയ നേരിന്റെ തെന്നലില്‍ ആ കനലൊരു തീനാളമായി, ആ പെണ്‍ മനക്കരുത്തില്‍ വെന്തു പോയതും പൊള്ളിയടര്‍ന്നതും പക്ഷേ അനീതിയുടെ കാവല്‍ക്കാര്‍ തന്നെ. ആരാലും അറിയപ്പെടാതെ ചരിത്രത്തിലൊരു തെളിവ് പോലും അവശേഷിപ്പിക്കാതെ തേച്ചുമായ്ച്ചു കളയുമായിരുന്ന പോരാട്ടവീര്യത്തിന്റെ കര്‍ബലയെ ഇടാറാതെ സധൈര്യം ലോകത്തോട് വിളിച്ചു പറഞ്ഞത് അലിയാര്‍ തങ്ങളുടെ പൊന്നോമന സൈനബ് ആയിരുന്നു.

പെണ്ണെന്നാല്‍ കീകൊടുത്തോടും പാവയെപ്പോലെ ആണിന്റെ നിര്‍ദ്ദേശങ്ങള്‍ക്കും ആജ്ഞകള്‍ക്കുമൊത്തു ചലിക്കാനും ചിരിക്കാനും ചിന്തിക്കാനും മാത്രമുള്ളൊരു പടപ്പാണെന്ന ഇടുങ്ങിയ സാമൂഹിക വ്യവസ്ഥയോടുള്ള കനത്ത മറുപടിയായിരുന്നു പ്രിയദര്‍ശിനിയാം സൈനബ് ഉമ്മിയുടെ ജീവിതം.

നീതിയുക്തമായ നിലപാടുകളും നിര്‍ദ്ദേശങ്ങളും എവിടെയും ആരുടെ മുമ്പിലും പറയാന്‍ അവര്‍ ലവലേശം മടിച്ചതുമില്ല. നടപ്പിലും എടുപ്പിലും മനക്കരുത്തിലും രൂപഭാവങ്ങളിലും ഉമ്മൂമ ഖദീജ ബീവിയെ പകര്‍ത്തി വെച്ചത് പോലൊരു നാരി. ഇസ്‌ലാമിന്റെ സ്ത്രീരത്‌ന ശോഭയില്‍ ഒട്ടും തിളക്കം കുറയാത്ത, വളര്‍ച്ചയിലും തളര്‍ച്ചയിലും ഒരുപോലെ പ്രിയപ്പെട്ടവരെ താങ്ങി നിര്‍ത്തിയ നെടുംതൂണായി മറ്റൊരു ഖദീജ.

ദാനശീലയായ, കരുണയും ദയയും ആവോളം നിറഞ്ഞ, അനാഥകള്‍കും അശരണര്‍ക്കും തണലായ വന്മരം. ഖലീഫയായ യസീദിനെ ചൂണ്ടി ‘ഹേ യസീദ്’ എന്ന് പതറാതെ അഭിസംബോധന ചെയ്ത് അധികാര അനീതിയോടും ദുര്‍ഭരണ ചെയ്തികളോടും മൂര്‍ച്ചയുള്ള ചോദ്യശരങ്ങളെയ്തു മുട്ടുകുത്തിച്ച ‘പെണ്‍സിംഹം.

വീടകങ്ങളില്‍ തിങ്ങിവിങ്ങി കഴിയേണ്ടവരെന്ന പെണ്‍സങ്കല്‍പ്പങ്ങളെ കാറ്റില്‍ പറത്തി ദീനിനും നേരിനും മാനവികതയ്ക്കും വേണ്ടി പ്രയത്‌നിച്ച സ്ത്രീ പോരാട്ടവീര്യത്തിന്റെ ചരിതമാണ് ‘കാതലാള്‍ സൈനബ്’. തികഞ്ഞ പ്രഭാഷണ അധ്യാപന പാടവം അലിയാര്‍ തങ്ങളില്‍ നിന്നും നുകര്‍ന്നെടുത്തതിനാല്‍ അവരാ മേഖലകളില്‍ ആഗ്രകണ്യയായിരുന്നു.

വൈവാഹിക ജീവിതത്തോടെ സ്വന്തബന്ധങ്ങളോടുള്ള പെരുമാറ്റ സന്ദര്‍ശന സ്വാതന്ത്ര്യങ്ങള്‍ക്ക് അതിരുകള്‍ നിശ്ചയിക്കുന്ന സാമൂഹിക കാഴ്ച്ചപ്പാടുകളെ നോക്കി പരിതപിക്കുന്നുണ്ട് സൈനബ് ഉമ്മിയുടെ അലംഘനീയമായ വൈവാഹിക കരാറും, സുന്ദരമായ ദാമ്പത്യ ജീവിതവും.

പുസ്തകത്തിന്റെ പേര് പോലെ തന്നെ ദീനിന്റെ കാതലായ, കാവലായ ജീവിതമാണിതില്‍ നിറയെ.

ഈ വായനക്കെന്തു ചന്തം..
അലിവെത്ര നിറയുന്നു
അറിവെത്ര പകരുന്നു
അതിരില്ലാ ആനന്ദം നെഞ്ചില്‍
തുളുമ്പുന്നു…

അവര്‍ണ്ണനീയമായ ഭാഷാ സൗന്ദര്യവും വൈകാരികവും ഒഴുക്കും ഒതുക്കവുമുള്ള അവതരണ ശൈലിയും വായനയ്ക്ക് വാക്കുകള്‍ക്കതീതമായൊരു അനുഭൂതി സമ്മാനിക്കുന്നുണ്ട്. എത്ര കഠിന ഹൃദയത്തെയും അലിയിച്ചു കളയാന്‍ മാത്രം അലിവ് നിറയുന്ന ഈ പുസ്തകത്തിന്റെ ഒരു താളിലെങ്കിലും വായനക്കിടയില്‍ നിങ്ങളുടെ മിഴിനീരിറ്റി വീണില്ലെങ്കില്‍ നിങ്ങളെന്തൊരു പടപ്പെന്ന് അത്ഭുതപ്പെടേണ്ടതുണ്ട്.

അത്രമേല്‍ നൊമ്പരപെടുത്തുന്ന വരികളുണ്ടിതില്‍. കാരണം വായനക്കിടയില്‍ നിറഞ്ഞ മിഴികളടങ്ങും വരെ, ചങ്കില്‍ തിങ്ങിവന്നു തങ്ങിനിന്ന ശ്വാസമൊന്നു സ്വാഭാവിക രീതിയിലേക്ക് തിരിച്ചെത്തും വരെ ബാക്കി വായിക്കാനാവാതെയിരുന്ന നീറുന്നോര്‍മ്മ ബാക്കിയുണ്ട് ഈ വായനയില്‍. അവതാരിക മുതല്‍ സമര്‍പ്പണം വരെ പിടിച്ചിരുത്തുന്ന കഥാ സൗന്ദര്യം.

കുറഞ്ഞ വാക്കില്‍ പറയാനുള്ള വരികളെ വായനയില്‍ നിന്ന് തന്നെ കടം കൊള്ളുന്നു. അതിങ്ങനെ;
‘കൃതിതന്‍ മഹാത്മ്യം
പകര്‍ത്തിയെഴുതുവാന്‍
കഴിവറ്റ തൂലികയാണെന്റെ
കൈവശം ‘

പബ്ലിക്കേഷന്‍ : ഓപ്പണ്‍ ഹൗസ്
പേജ് : 152

content highlights: Book Review of kavalal sainab

ഷബ്‌നം അബൂബക്കര്‍

We use cookies to give you the best possible experience. Learn more