| Monday, 9th January 2017, 8:54 pm

ഫാസിസം അഥവാ മരണത്തിന്റെ പ്രച്ഛന്ന മുഖം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫാസിസം ആഗോള പ്രതിഭാസമായ്, മരണദൂതുമായ് ഭൂഖണ്ഡങ്ങളില്‍ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് തന്റെ കഴുകന്‍ കാലുകള്‍ അമര്‍ത്തിവെക്കുന്നു എന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അന്തര്‍ദേശീയ രാഷ്ട്രീയത്തെ ആശങ്കാകുലമാക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഒറ്റത്തുരുത്തുകളില്‍ വിഹരിച്ച വേട്ടമൃഗങ്ങള്‍ ഇന്ന് എവിടെയും ഏത് വിധത്തിലും വ്യാപരിക്കുന്നു. ഫാസിസം വേഷപ്രച്ഛന്നമായ് ദേശീയതയും വംശീയതയും വിളംബരം ചെയ്യുന്ന ഇന്ത്യയില്‍ സൃഷ്ടിക്കുന്ന ഭീതിയുടെ വേലിയേറ്റങ്ങള്‍ നമുക്ക് മുമ്പിലുണ്ട്.

രക്തപൂരിതമായ വിപ്ലവങ്ങള്‍ അടയാളപ്പെടുത്തിയ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ മതബോധം പകര്‍ന്നു നല്‍കിയ ചില ആശയങ്ങള്‍ സ്വാധീനിച്ചിരുന്നുവെന്നത് വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോയ വസ്തുതയാണ്. ലോകാവസാനത്തിനു ശേഷം സ്വര്‍ഗരാജ്യം സ്ഥാപിക്കപ്പെടുമെന്ന മതബോധത്തില്‍ നിന്നുണ്ടായ ഉപബോധ മനസ്സിലെ ധൈര്യമാണ് പല ഏകാധിപതികളെയും വംശഹത്യയ്ക്ക് പ്രേരിപ്പിച്ചത്.

അര്‍മീനിയയിലും ഹോളോകോസ്റ്റിലും ബംഗ്ലാദേശിലും കംബോഡിയയിലും റുവാന്‍ഡയിലും കുര്‍ദിലും ബോസ്‌നിയയിലും മാത്രമല്ല, അതിന്റെ ലാഞ്ചന ഇങ്ങ് ഇന്ത്യയില്‍ ഗുജറാത്ത് നരഹത്യ വരെ എത്തി നില്‍ക്കുന്നത് നാം കണ്ടു. ഹിറ്റ്‌ലറും മുസോളനിയും സ്റ്റാലിനും പോള്‍പോട്ടും ഈദി അമീനും ഉള്‍പ്പെടെ കൂട്ടക്കൊലയുടെ പാപ പങ്കിലമായ ചരിത്രം സ്വന്തമായുള്ള നേതാക്കളുടെ പട്ടിക നീണ്ടു കിടക്കുന്നു.

വംശഹത്യയിലേക്കും ഫാസിസത്തിലേക്കും നയിക്കുന്ന മനോഭാവത്തെ വിശകലന വിധേയമാക്കുമ്പോള്‍ അതില്‍ രാഷ്ട്രീയം മാത്രമല്ല, മനശാസ്ത്രപരവും മതപരവുമായ വ്യവഹാരങ്ങള്‍ ധാരാളം കണ്ടെത്താം. പിറന്ന മണ്ണില്‍ നിന്ന് രാഷ്ട്രീയ-ഭരണകൂട ഭീകരതയാല്‍ പലായനം ചെയ്യപ്പെടാന്‍ നിര്‍ബന്ധിതരാവുന്ന, ഉന്മൂലന ഭീഷണി നേരിടുന്ന ഒരു ജനതയെ സംബന്ധിച്ച് മരണഭയം എന്നും കൂട്ടിരിപ്പാണ്. വര്‍ത്തമാന ലോകവും ഇന്ത്യയും അഭിമുഖീകരിക്കുന്ന ഫാസിസ്റ്റ്‌വത്കരണ ഭീഷണിയുടെ പശ്ചാത്തലത്തില്‍, തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ട ചിന്തകളാണ് ജീവന്‍ ജോബ് തോമസിന്റെ “മരണത്തിന്റെ ആയിരം മുഖങ്ങള്‍” എന്ന പുസ്തകം.

അനാദികാലം മുതലുള്ള മനുഷ്യന്റെ മരണഭയത്തെയും ശാസ്ത്രീയബോധത്തെയും ലോകാവസാന സങ്കല്പത്തെയും സാമൂഹ്യരാഷ്ട്രീയ വ്യവഹാരങ്ങളെയും അപഗ്രഥനം ചെയ്യാന്‍, ആനുകാലിക ശാസ്ത്ര സാഹിത്യ രചനയിലൂടെ ശ്രദ്ധേയനായ ജീവന്‍ജോബ് തോമസിന് സാധിക്കുന്നു.

മരണം, മരണാനന്തര ജീവിതം എന്നിവയെ കുറിച്ചുള്ള സംവാദങ്ങളും ഭയപ്പാടുകളും മനുഷ്യന്റെ ബോധകാലം മുതല്‍ അവനെ വേട്ടയാടുന്ന സമസ്യയാണല്ലോ. ബൈബിളിലും ഖുര്‍ആനിലും കഠോപനിഷത്തുള്‍പ്പെടെയുള്ള പുരാണേതിഹാസങ്ങളിലും മരണത്തിന്റെയും മരണാനന്തര ജീവിതത്തിന്റെയും ചിന്താധാരകളെ ദാര്‍ശനികമായ് വിശകലനം ചെയ്യുന്നു. എന്നിട്ടും ദുരൂഹതലങ്ങള്‍ ബാക്കിയാക്കി മരണം എന്ന സംജ്ഞ നമ്മെ അലട്ടുന്നു.

വിശ്വാസവും ശാസ്ത്രവും കലഹിക്കുമ്പോഴും മരണത്തെകുറിച്ചുള്ള ചര്‍ച്ചകള്‍ അനന്തമായ് നീളുന്നു. നമ്മെ ഓരോരുത്തരെയും തേടി വരുന്ന മരണം വ്യക്തിപരമാണെങ്കില്‍ കൂട്ടത്തോടെ തേടി എത്തുന്നതിനെ ദുരന്തമെന്ന പേരിലാണ് വിവക്ഷിക്കാറുള്ളത്. വംശീയ കൂട്ടക്കൊലകള്‍ അത്തരത്തിലുള്ള ദുരന്തമാണ്.

ജീവന്‍ ജോബ് തോമസ്

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതിനിധാനം ചെയ്യുന്നത് വംശീയതയുടെ രാഷ്ട്രീയമാണ്. മോദി പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിനും സമാനതകള്‍ ഏറെ. പരിസ്ഥിതിക്ക് അനുകൂലമായ് രൂപപ്പെട്ടത് പ്രകൃതിയില്‍ അതിജീവിക്കുമെന്നാണ് ചാള്‍സ് ഡാര്‍വിന്‍ നിരീക്ഷിച്ചത്. നിലനില്‍പിന് വേണ്ടിയുള്ള യുദ്ധത്തില്‍ പ്രകൃതിവിരുദ്ധമായതൊന്നും അതിജീവിക്കില്ല.

ട്രംപും മോദിയും അവരവരുടെ കാലത്ത് വിവിധ വംശങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ ആഗ്രഹിക്കുന്നത് അതിലൂടെ കരഗതമാകുന്ന സ്വര്‍ഗരാജ്യം എന്ന ഉട്ടോപ്യന്‍ സങ്കല്പം തന്നെയാണ്. മരണത്തെ അതിജീവിക്കുന്ന മനുഷ്യന്‍ എന്ന വലിയ സയന്റിഫിക്ക് മിത്തിന്റെ രൂപപ്പെടലുകളുടെ ചരിത്രം ഒരുപാട് മനുഷ്യക്കുരുതികളുടെ ചരിത്രം കൂടിയാണെന്ന് ജീവന്റെ പഠനം സമര്‍ത്ഥിക്കുന്നു.

മരണം ഒരു യാഥാര്‍ത്ഥ്യമാണെന്നത് ശാസ്ത്രവും വിശ്വാസസംഹിതകളും ഒരുപോലെ അടിവരയിട്ട വസ്തുതയാണ്. ഒരു മനുഷ്യായുസ്സിനുള്ളില്‍ വരിക്കേണ്ട നഗ്നമായ സത്യമാണത്. ഈ യാഥാര്‍ത്ഥ്യത്തെ ബോധപൂര്‍വമോ അബോധപൂര്‍വമോ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഓരോ സെക്കന്റും കടന്നുപോകുന്നത്. ഒരിക്കല്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനോട് ചോദിച്ചു-ഈ ലോകത്ത് നിന്നെ അത്ഭുതപ്പെടുത്തിയത് എന്താണ്?

അടുത്തപേജില്‍ തുടരുന്നു

തനിക്ക് ചുറ്റും മരണങ്ങള്‍ നടന്നിട്ടും തനിക്ക് മാത്രം അത് വരില്ല എന്ന മനുഷ്യന്റെ നിശ്ചയദാര്‍ഢ്യമാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്നായിരുന്നു പാര്‍ത്ഥന്റെ മറുപടി. യഥാര്‍ത്ഥത്തില്‍ അര്‍ജുനന്‍ കണ്ടത് മരണഭയത്തെ പ്രതിരോധിക്കാനുള്ള മനുഷ്യന്റെ ബാഹ്യമായ ആത്മവിശ്വാസം മാത്രമാണെന്ന കാഴ്ചപ്പാടുകളാണ് ശാസ്ത്രം നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.

“മരണത്തിന്റെ ആയിരം മുഖങ്ങള്‍” വ്യക്തിയുടെ മരണത്തെക്കുറിച്ച് മാത്രമല്ല, മനുഷ്യസമൂഹത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക അവസ്ഥകളെയും ചരിത്രപരവും ശാസ്ത്രീയവുമായ പഠനങ്ങളിലൂടെ ദൃഷ്ടാന്തസമേതം വിവരിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ശാസ്ത്രം അനിതര സാധാരണമായ വികാസം പ്രാപിക്കുന്നു. സയന്‍സിന്റെ വികാസമാണ് മാനവരാശിയുടെ പുരോഗതി എന്ന് വിശ്വസിക്കുന്നവര്‍ക്ക് അതിന്റെ നല്ലതും ചീത്തയുമായ വശങ്ങളെ വ്യത്യസ്ത അനുപാതത്തില്‍ വായനക്കാരിലേക്ക് സന്നിവേശിപ്പിക്കാന്‍ ഓരോ അധ്യായവും ശ്രമിക്കുന്നു.

സ്വന്തം ശരീരത്തിന് അപ്പുറം “എന്താണ് ഞാന്‍” എന്ന തത്വചിന്തയില്‍ അധിഷ്ഠിതമായ ചോദ്യങ്ങള്‍ക്ക് കാലം ഇന്നും ഉത്തരം തേടുകയാണ്. മരിച്ചുപോയ ഓരോ മനുഷ്യനും ജീവിക്കുന്നവരുടെ ഓര്‍മ്മകളിലൂടെ മരണത്തെ അതിജീവിക്കുന്നു എന്ന് പുസ്തകം സമര്‍ത്ഥിക്കുന്നു. അതോടൊപ്പം അവയവദാനം എന്ന പ്രക്രിയയിലൂടെ സ്വശരീരം ഏറെ പ്രയോജനപ്രദമായ് വിനിയോഗിക്കാന്‍ പുതുതലമുറയെ ഉദ്‌ഘോഷിക്കുക കൂടി ചെയ്യുന്നു ജീവന്‍ ജോബ് തോമസ്.

മരണശേഷം നമ്മുടെ ജീവിതം ഇവിടെ ജീവിച്ചിരിക്കുന്നവരുടെ ഓര്‍മ്മകളില്‍ മാത്രമാണ്. റഷ്യന്‍ വിപ്ലവനേതാവ് ലെനിന്റെ ശവശരീരം മോസ്‌കോയിലെ റെഡ് സ്‌ക്വയറില്‍ അഴുകിപ്പോകാതെ സൂക്ഷിക്കാനുള്ള തീരുമാനത്തെ രാഷ്ട്രീയമായ് പ്രതിരോധിക്കുന്നു ജീവന്‍. വിഗ്രഹവത്കരണത്തെ ശക്തമായ് എതിര്‍ക്കുന്ന ആശയസംഹിതയുടെ പേരില്‍ ലെനിന്റെ ശവശരീരം പ്രത്യയശാസ്ത്രപരമായ ചോദ്യങ്ങള്‍ നേരിടുന്നതായി കാണാം. പക്ഷെ മതനേതാക്കളുടെ മാത്രമല്ല രാഷ്ട്ര നേതാക്കളുടെയും ഭൗതികദേഹം എത്രകാലം വേണമെങ്കിലും കേടുകൂടാതെ സൂക്ഷിക്കാമെന്ന യുക്തിബോധത്തിന് അടിവരയിടാനാണ് ഗ്രന്ഥകാരന്‍ ശ്രമിക്കുന്നത്.

ചരിത്രസംഭവങ്ങളിലൂടെ സാമൂഹ്യവും രാഷ്ട്രീയവുമായ ചുറ്റുപാടുകളെ ശാസ്ത്രീയമായ് അവലോകനം ചെയ്യാനും അത് സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെ ഉദാഹരിച്ച് മനോഹരമായ് അടയാളപ്പെടുത്താനുമുള്ള അസാധാരണമായ കഴിവ് ജീവന്‍ ജോബ് തോമസിന്റെ രചനകളിലൂടെ കണ്ണോടിക്കുമ്പോള്‍ കാണാം. ശാസ്ത്രം നിരന്തരമായ് പരീക്ഷണത്തിന് ഉപയോഗിച്ചത് പര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗത്തിനെ ആയിരുന്നുവെന്ന് ചരിത്രത്തിന്റെ ഏടുകളെ അവലംബിച്ച് വിളിച്ചുപറയുന്നു “മരണത്തിന്റെ ആയിരം മുഖങ്ങള്‍”.

മനുഷ്യന്‍ മിത്തിനെ ഉപയോഗിക്കുന്നതിന്റെ അടിസ്ഥാന ചിന്തയെ പല സന്ദര്‍ഭങ്ങളിലൂടെ വിശദമാക്കുന്നുണ്ട്. ലോകാവസാനം എന്ന മിത്തിന്റെ ഉത്ഭവം തന്നെ മരണഭയത്തില്‍ നിന്നാണെന്ന് എടുത്തു കാട്ടുന്നതിനൊപ്പം ലോകാവസാനം തടയാന്‍ മനുഷ്യന്‍ കൈക്കൊണ്ട നടപടികളെയും ഉദാഹരണ സഹിതം വ്യക്തമാക്കുന്നു. ലോകവാസം എന്ന സങ്കല്പം മറ്റു മതങ്ങളേക്കാളും ശക്തമായ് ഏറ്റെടുത്തത് ക്രിസ്തുമതമാണെന്ന വസ്തുത ശക്തമായ് അടിവരയിടാനും എഴുത്തുകാരന്‍ ശ്രമിക്കുന്നു.

ലോകാവസാനം എന്ന വിഷയത്തില്‍ സയന്‍സിന്റെ പിന്‍ബലത്തില്‍ മിത്തുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് അമേരിക്കയില്‍ ജീവിച്ച സക്കറിയാസ് സിറ്റ്ച്ചിന്റെ ജീവിതകഥയിലൂടെയും മലയാളിയുടെ ഉപബോധത്തില്‍ ഭയപ്പാടോടെ നിലനില്‍ക്കുന്ന മുല്ലപ്പെരിയാറിനെയും കൂട്ടിയിണക്കി വെളിപ്പെടുത്തുന്ന ഭാഗം ഏറെ ശ്രദ്ധേയമാണ്.

2012 ഡിസംബര്‍ 21ന് ലോകം അവസാനിക്കുമെന്ന ഭീതിയുടെ കാര്‍മേഘങ്ങള്‍ വാരിവിതറിയ മായന്‍ കലണ്ടറിലെ വ്യാഖ്യാനവും അതിനോട് ലോകം പ്രതികരിച്ചതും അധികം അകലെയല്ലാതെ നാം നേരിട്ട് അനുഭവിച്ചതാണ്. മനുഷ്യ സംസ്‌കാരങ്ങളുടെ അപചയമാണ് ലോകാവസാനത്തിലേക്ക് എത്തിക്കുക എന്നതും ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും അതിന് കാരണമായേക്കാമെന്നും പുസ്തകം അടിവരയിടുന്നു.

അതേസമയം മനുഷ്യന്റെ മരണഭയത്തിന് വിലങ്ങു തടിയായി നില്‍ക്കുന്ന ആത്മഹത്യയെയും മനശാസ്ത്രപരമായ് എഴുത്തുകാരന്‍ സമീപിക്കുന്നു. “ഓരോ ആത്മഹത്യയും ഒരു തരത്തില്‍ പരാജയമാണ്. സാധാരണ മരണത്തേക്കാള്‍ രൂക്ഷമായ പരാജയമാണ്” എന്ന് അഭിപ്രായപ്പെടുന്നു. ഒറ്റപ്പെടലാണ് ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നും സ്‌നേഹത്തില്‍ അധിഷ്ഠിതമായ ഒരു ബന്ധമെങ്കിലുമില്ലാതെ ഒരാള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്നും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ അടിവരയിടുന്നു. 2003-ല്‍ ഗോള്‍ഡ്‌ഗേറ്റ് പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത ഒരാളുടെ കുറിപ്പ് ഈ നിരീക്ഷണം അടിവരയിടുന്നു.””””I”m going to walk to the bridge. If one person smiles at me on the way, I will not jump.”

ഡാര്‍വിന്റെ പരിണാമ ചിന്തയെ വെല്ലുവിളിക്കുന്ന ഇന്നത്തെ സമൂഹത്തത്തില്‍ പ്രകൃതി നിര്‍ധാരണവും ജീവജാതികളുടെ വംശനാശവും മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്ന പുസ്തകം കൂടിയാണ് “മരണത്തിന്റെ ആയിരം മുഖങ്ങള്‍”. മനുഷ്യന്റെ മരണഭയം എന്നത് മാനവ സംസ്‌കാരത്തിന്റെ മൊത്തത്തിലുള്ള ഭയമാണ്, അത് പൂര്‍ണമായും നിര്‍മ്മിക്കുന്നത് സാമൂഹ്യജീവിതത്തിലെ നിരന്തര സംഘര്‍ഷങ്ങളും ബന്ധങ്ങളൂടെ സങ്കീര്‍ണതകളുടെയും ഫലമാണെന്ന് അടിവരയിടുന്നു എഴുത്തുകാരന്‍.

അടുത്തപേജില്‍ തുടരുന്നു

മനുഷ്യന്റെ അമരത്വത്തിനോടുള്ള ആസക്തി തന്നെയാണ് അര്‍ജുനന്‍ മനുഷ്യനില്‍കണ്ട ബാഹ്യമായ ആത്മവിശ്വാസത്തിന്റെ സ്ഫുലിംഗങ്ങള്‍. അമരത്വം പുല്‍കുന്നതിനുവേണ്ടി മനുഷ്യന്‍ ശാസ്ത്രത്തെ വികസിപ്പിക്കുന്നു. ഡബ്ല്യു ടി.എ (വേള്‍ഡ് ട്രാന്‍സ് ഹ്യൂമാനിസ്റ്റ് അസോസിയേഷന്‍) ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ മരണത്തെ തന്നെ അതിജീവിക്കാന്‍ കഴിയുമെന്ന മനുഷ്യന്റെ മോഹത്തെ വ്യത്യസ്തമായ പഠനങ്ങളിലൂടെ വെളിപ്പെടുത്തുന്നതിനോടൊപ്പം തന്നെ മരിക്കാത്ത ലോകത്തെ കുറിച്ചുള്ള ചിന്തകളും പങ്കുവെക്കുന്നു.

ചരിത്രത്തിലെ ഞെട്ടിക്കുന്ന നരബലികളൊക്കെയും ദൈവപ്രീതിക്കുവേണ്ടിയുള്ളതായിരുന്നു. ചൈനയിലെ വന്‍മതില്‍ പണിതപ്പോള്‍ ചേര്‍ത്തുവെച്ചത് മനുഷ്യജീവനുകളായിരുന്നുവെന്നതും മെക്‌സിക്കോയില്‍ ടെക്‌നോപ്റ്റിലാല്‍ പിരമിഡ് പുതുക്കി പണിയുമ്പോള്‍ 8400 മനുഷ്യരെ ദൈവത്തിനായ് ബലി അര്‍പ്പിച്ചിട്ടുണ്ടെന്നും പരാമര്‍ശിക്കുക വഴി, മനുഷ്യനെ വേര്‍തിരിച്ച് അധികാരം സ്ഥാപിക്കുന്നതിന് പിന്നിലെ നരവംശ ശാസ്ത്രത്തിന്റെ വേരുകളും അദ്ദേഹം തേടുന്നു.

“”തകരാറുകള്‍ ഉള്ള മനുഷ്യര്‍ തകരാറുകളുള്ള കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുന്നത് നിര്‍ത്തണം എന്ന് പറയുന്നതിന് ന്യായമുണ്ട്. മാനവസമൂഹത്തോട് ചെയ്യുന്ന ഏറ്റവും മനുഷ്യത്വപൂര്‍ണമായ പ്രവര്‍ത്തിയാണത്. മനുഷ്യസമൂഹത്തില്‍ നിലനില്‍ക്കുന്ന ദൗര്‍ഭാഗ്യവാന്മാരായ അനേകരുടെ കൂട്ടങ്ങള്‍ ഭാവിയില്‍ ഉണ്ടാകരുതെന്ന ആശയമാണ് എല്ലാവരും ആരോഗ്യവാന്മാരും കൂടുതല്‍ കഴിവുള്ളവന്മാരുമായ മനുഷ്യവംശത്തിന്റെ നിര്‍മ്മിതിയാണത്.”” ഇത് ഹിറ്റ്‌ലര്‍ തന്റെ ആത്മകഥയില്‍ എഴുതിയ വിവാദപരമായ വരികളാണ്. വംശഹത്യയുള്‍പ്പെടെയുള്ളവയിലേക്ക് നയിക്കുന്ന ഇത്തരം വിചാരങ്ങളെയും പുസ്തകം സമഗ്രമായ് സ്പര്‍ശിക്കുന്നു.

അധികാരത്തിന് വിലങ്ങു തടിയായവരെ നശിപ്പിക്കുന്ന ഒരു പ്രവര്‍ത്തി സാമൂഹ്യ-രാഷ്ട്രീയ ചരിത്രത്തിലൂടെയുള്ള അന്വേഷണത്തിലൂടെ നിരീക്ഷിച്ച് എടുക്കാവുന്നതാണ്. സ്റ്റാലിനിസ്റ്റ് റഷ്യയുടെ സാമൂഹ്യപശ്ചാത്തലവും അലക്‌സാണ്ടര്‍ സോള്‍ഷെനിസ്റ്റിന്റെ “ക്യാന്‍സര്‍ വാര്‍ഡി”നെയും ജീവകോശങ്ങളുടെ പ്രവര്‍ത്തനവും ബന്ധപ്പെടുത്തിയ ഒരു പഠനമാണ് “സര്‍ഗാത്മകതയുടെ വില മരണം” എന്ന പഠനം പ്രതിപാദിക്കുന്നത്.

വിഖ്യാത നോവലായ ക്യാന്‍സര്‍ വാര്‍ഡിലൂടെ അലക്‌സാണ്ടര്‍ സോള്‍ഷെനിസ്റ്റിന്‍ മരണവും സര്‍ഗാത്മകതയും തമ്മിലുള്ള തത്വചിന്തകള്‍ മാത്രമല്ല, ഏകാധിപത്യ രാഷ്ട്രീയത്തിന്റെ മനശാസ്ത്രവും വായനക്കാരിലേക്ക് സന്നിവേശിപ്പിച്ചിരുന്നു. “ക്യാന്‍സര്‍ വാര്‍ഡി”ലേക്ക് പുതിയ കാല വായനക്കാരുടെ ശ്രദ്ധക്ഷണിക്കുക വഴി ശാസ്ത്രീയവും രാഷ്ട്രീയവുമായ കടമയാണ് ജീവന്‍ ജോബ് തോമസ് നിര്‍വഹിക്കുന്നത്.

സമകാലിക സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ ഫാസിസത്തെ പുനര്‍നിര്‍വചിക്കുന്ന ഭാഗം ശ്രദ്ധേയമാണ്. ഫാസിസം ഒരു സമൂഹത്തില്‍ രൂപപ്പെടുന്നതിലുള്ള മാനസികാവസ്ഥയെ കാലിഫോര്‍ണിയയിലെ കബര്‍ലി ഹൈസ്‌കൂളിലെ ചരിത്രാധ്യാപകനായ ഫ്രോണ്‍ ജോണ്‍സ് സ്‌കൂള്‍ കുട്ടികളില്‍ നടത്തിയ പരീക്ഷണങ്ങളെ അടിസ്ഥാനമാക്കി ഉദ്ധരിക്കുന്നു. കൂട്ടായ്മയിലൂടെ ഉരുത്തിരിയുന്ന അധികാരം അതിലൂടെ കാര്യങ്ങള്‍ നേടിയെടുക്കാനുള്ള ആത്മവിശ്വാസം ഫാസിസത്തെ മുന്നോട്ടുനയിക്കുമെന്നതും സാമൂഹ്യബോധങ്ങളില്‍ നിലനില്‍ക്കുന്ന ഫാസിസത്തിന്റെ പ്രതിരൂപങ്ങളെയും ചര്‍ച്ച ചെയ്യുന്നുണ്ട് ഈ പഠനം.

യൂജനിക് സിദ്ധാന്തം വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട തിയറിയാണെന്നും അത് ഹിറ്റ്‌ലര്‍ ഉപയോഗിച്ചതുകൊണ്ടാണെന്നുമുള്ള സാമൂഹ്യബോധത്തെ വിശദമാക്കുന്നതിനൊപ്പം യൂജനിക്ക്‌സിന്റെ ബോധപൂര്‍വമായ പ്രതിഫലനം ചില സംഭവങ്ങളിലൂടെ പരാമര്‍ശിക്കുന്നു. മനുഷ്യന്റെ ബ്രാഹ്മണ്യബിംബത്തോടുള്ള അഭിനിവേശവും അതിരുകവിഞ്ഞ ആദരവും കാണിക്കുന്നതിനൊപ്പം സെലക്ടീവ് ബ്രീഡിങിലൂടെ കഴിവു കുറഞ്ഞ മനുഷ്യരെ ഉന്മൂലനം ചെയ്യുക എന്ന യൂജനിക്‌സിന്റെ ആശയം കൊണ്ടുവരുന്ന ആശയത്തെ ശാസ്ത്രീയമായ് അപഗ്രഥിക്കുകയും ചെയ്യുന്നു.

മനുഷ്യര്‍ക്കിടയിലെ ഇടപെടലില്‍ യാഥാസ്ഥിതികതയും മുന്‍വിധിയോടുള്ള ചിന്തകളുമാണ് അറപ്പിന്റെ രാഷ്ട്രീയം നിര്‍മ്മിക്കുന്നത് എന്ന് പരാമര്‍ശിക്കുന്നതിനൊപ്പം പുരോഗമനപരമായ ചിന്തകളിലൂടെ ഇതിനെയെല്ലാം മറികടക്കാമെന്നും എഴുത്തുകാരന്‍ നിരീക്ഷിക്കുന്നു.

പഠനത്തിന്റെ ആദ്യം മുതല്‍ അവസാനം വരെ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ പിന്താങ്ങിയുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്ന ജീവന്‍ ജോബ് തോമസ് ഓരോ ജീവിയുടെയും അപ്രത്യക്ഷമാകല്‍ ഓരോ പുതിയ പരിസ്ഥിതിയെ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നുവെന്നും പുതിയ പരിസ്ഥിതിയിലേക്ക് സമരസപ്പെടാന്‍ ബാക്കിയാവുന്ന ഓരോ ജീവിയും പുതിയ അതിജീവന തന്ത്രങ്ങള്‍ കണ്ടെത്തേണ്ടി വരുമെന്ന വാദവും അണിനിരത്തുന്നു.

മരണങ്ങളുടെ ആയിരം മുഖങ്ങളുടെ മനോഹരമായ പുറംചട്ട പ്രതിനിധീകരിക്കുന്ന പോലെ പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന ജീവിത രീതിയുടെ സാധ്യത വായനക്കാരനിലേക്ക് ഇറ്റിച്ചു കൊടുക്കുന്നു. പാരിസ്ഥിതിക ചിന്തയില്‍ ഊന്നി നിന്നുകൊണ്ടുള്ള ഈ ശാസ്ത്ര സാഹിത്യകാരന്റെ വീക്ഷണങ്ങള്‍ കാലാന്തര പ്രസക്തിയുള്ളത് മാത്രമല്ല കാലത്തിന്റെ അനിവാര്യതയുമാണ്. മരണത്തിന്റെ ആയിരം മുഖങ്ങള്‍ ജീവിതത്തിന്റെയും അതിജീവനത്തിന്റെയും സന്ദേശവ്യാപ്തി പ്രസരിപ്പിക്കുന്നത് അതിനാലാണ്. ഒപ്പം ഫാസിസത്തെ എപ്രകാരം പ്രതിരോധിക്കാമെന്ന വലിയ പാഠവും പുസ്തകം പകര്‍ന്നു നല്‍കുന്നു.
പുസ്തകം: മരണത്തിന്റെ ആയിരം മുഖങ്ങള്‍
എഴുത്ത്: ജീവന്‍ ജോബ് തോമസ്
പ്രസാധനം:ഡി.സി ബുക്ക്‌സ്
വില: 237

Book Title : Maranathinte Ayiram Mukhangal
Author: Jeevan job thomas
Publisher: DC Books
Price : 237

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

We use cookies to give you the best possible experience. Learn more