| Tuesday, 13th November 2018, 7:20 pm

മരണത്തിന്റെ സമസ്യാപൂരണങ്ങള്‍

രാജു മോഹന്‍

കല്പാന്തങ്ങള്‍ക്കപ്പുറം സ്ഥലം ഉരുത്തിരിയുന്ന ഒരു ഇടത്തുനിന്നും പുറപ്പെട്ട പദസഞ്ചാരിയായ ഒരു അഘോരി കാവല്‍ക്കാരുടെ സാന്നിദ്ധ്യം അവഗണിച്ചുകൊണ്ട് ഉജ്ജയിനിയിലെ ദേവദാസിയായ വാണിനിയുടെ അറയിലേയ്ക്ക് കടന്നുചെന്നു. വിക്രമാദിത്യരാജധാനിയിലെ ഏറ്റവും മികച്ച നര്‍ത്തകിയും കാവ്യ കലാശാസ്ത്രാദികളില്‍ വിദുഷിയുമായ വാണിനിയുടെ പ്രിയതമനായ അഘോരി. ഒരിക്കലും അസ്തമിക്കാത്ത നിലാവിന്റെ അനുഭൂതിയായി തങ്ങളുടെ പ്രണയത്തെ കാണുന്നു, വാണിനി. അഘോരിയാകട്ടെ, ഒരേ സമയം മഹാകവിയും ദാര്‍ശനികനും നയകോവിദനും കാവ്യോന്മാദിയും ചക്രവര്‍ത്തിയുടെ വിശ്വസ്ത ചാരനും സര്‍വ്വോപരി നിത്യപ്രണയിയുമാണ്.

നിത്യപ്രണയിയുടെ സനാതനപ്രണയം വാക്കും അര്‍ത്ഥവും ശബ്ദവും പരസ്പരപൂരകങ്ങളായി വര്‍ത്തിക്കുന്ന കാവ്യമോഹിനിയോടു തന്നെ– “”വാഗര്‍ത്ഥാ വിവ സംപൃക്തൗ..”” എന്ന പ്രാര്‍ത്ഥന ആ പ്രണയത്തിന്റെ സാഫല്യമാണല്ലോ. “”അര്‍ത്ഥത്തെ വാക്കിനോടെന്ന പോലെ ഉമയെ ശംഭുവിനോട് കൂട്ടിച്ചേര്‍ക്കണം”” എന്ന് ഹിമവാനോട് സപ്തര്‍ഷിമാരിലൊരാള്‍ (അംഗിരസ്സ്) ആവശ്യപ്പെടുന്നതും ഈ സനാതനപ്രണയത്തിന്റെ മറ്റൊരു നിദര്‍ശനമാണ്.

അതേസമയം, ചക്രവര്‍ത്തിയുടെ പട്ടമഹിഷിയായ വിദ്യോത്തമയോടു തോന്നുന്ന അഭിനിവേശം താല്ക്കാലികമായ ഒന്നു മാത്രമാണ്. കാലഗതിയില്‍പ്പെട്ട് മന്ദബുദ്ധിയായി പരകായപ്രവേശം നടത്തപ്പെട്ട പൂര്‍വ്വാശ്രമത്തില്‍ ഒരു ഉപജാപകസംഘത്തിന്റെ കെണിയില്‍പ്പെട്ട് വിദ്യോത്തമയുടെ ഭര്‍ത്തൃപദത്തില്‍ അല്പനേരം അവരോധിക്കപ്പെടുകയും അതേ വേഗത്തില്‍ത്തന്നെ അവളാല്‍ തിരസ്‌ക്കൃതനാകപ്പെടുകയും ചെയ്ത ഒരു ഭൂതകാലത്തിന്റെ ഓര്‍മ്മകളില്‍നിന്ന് പുറത്തുവന്നശേഷം അതേ സ്ത്രീയെ വിക്രമാദിത്യചക്രവര്‍ത്തിയുടെ പട്ടമഹിഷിയായി കണ്ടപ്പോഴുണ്ടായ താല്ക്കാലികമായ അഭിനിവേശം കാമാസക്തിമൂലം മാത്രമായിരുന്നു.

എം. നന്ദകുമാര്‍

മറ്റേതൊരു വാരനാരിയോടും തോന്നുന്ന ലൈംഗികാസക്തിയുടെ അല്പം കൂടി തീവ്രമായതെന്നു മാത്രം. അതിനുള്ള ന്യായമോ, “”യദ്ദാഹശീലാസ്യ പുരാം വിജേതു–സ്ഥതാവിധം പൗരുഷമര്‍ദ്ധമാസില്‍”” (ദഹിപ്പിക്കുന്നത് ശീലമാക്കിയ പരമേശ്വരന്‍ പോലും കാമാസക്തി മൂലം അര്‍ദ്ധനാരീശ്വരനായില്ലേ..) എന്ന കവിതയും. എന്നാല്‍ വാണിനിയുമായുള്ള കഥാനായകന്റെ ബന്ധം അടിസ്ഥാനപരമായി കലാകാരിയോടുള്ള പ്രണയത്തിന്റെ സാക്ഷാത്കാരമായിരുന്നു; അത് അതിരൂഢമായിരുന്നു താനും. കേവലം ഒരു ദേവദാസിയുമായോ കലാകാരിയുമായോ ഉള്ള ബന്ധത്തില്‍ നിന്നും എത്രയോ ഔന്നത്യത്തില്‍ “”അനോപഭുക്തമായ ആത്മാവിന്റെ ഉടമയും നിത്യകന്യകയു””മായ നിലകൊണ്ട പവിത്രവും ഗാഢവുമായ ഒരു പ്രണയബന്ധം. എന്നിട്ടും, എന്തിനാവാം വാണിനി കാളിദാസനെ അപായപ്പെടുത്തിയത്?

ഈ സമസ്യയുടെ ഉത്തരത്തിനുവേണ്ടി ഞാന്‍ പ്രിയപ്പെട്ട എഴുത്തുകാരന്‍ ശ്രീ. എം. നന്ദകുമാറിന്റെ “”കാളിദാസന്റെ മരണം”” എന്ന നോവല്‍ വീണ്ടും വീണ്ടും വായിച്ചു. അല്ലെങ്കില്‍ത്തന്നെയും, ഒരു സമസ്യാപൂരണത്തിലൂടെയാണല്ലോ കാളിദാസന്‍ ഉജ്ജയിനിയുടെയും വിക്രമാദിത്യന്റെയും ഹൃദയത്തിലേയ്ക്ക് കടന്നുകയറിയത്. “”ഏതോ ദേശത്തുനിന്നും ദുരൂഹമായ വഴികള്‍ താണ്ടി പാടി നടന്നെത്തുന്ന സഞ്ചാരിയായ അയാള്‍”” ഐതിഹ്യകഥകളിലൂടെ “”ധധം ധധംധം ധധധം ധധംധാ…”” എന്ന സമസ്യ പൂരിപ്പിച്ചുകൊണ്ട് മാളവദേശത്തെ കാവ്യസൂര്യനായി നിലയുറപ്പിച്ചു.

വെറുമൊരു പെരുമ്പറമുഴക്കത്തെ അസുലഭമായ ഒരു കാവ്യസങ്കല്പവുമായി യഥോചിതം വിളക്കിച്ചേര്‍ത്ത് വാക്കും അര്‍ത്ഥവും ശബ്ദവും തമ്മിലുള്ള ഇണക്കത്തിലൂടെ കാവ്യനര്‍ത്തകിക്ക് വേദിയൊരുക്കിയ ആ അവധൂതയുവാവ് വളരെ സ്വാഭാവികമായി വിക്രമാദിത്യന്റെ ഇഷ്ടതോഴനായി മാറി. കാവ്യം, ഭാഷ, വ്യാകരണം എന്നിവയിലെ വിശാരദന്മാരായ അമരസിംഹന്‍, വരരുചി, ക്ഷപണകന്‍, മഹാവൈദ്യനായ ധന്വന്തരി, മാന്ത്രികനായ വേതാളഭട്ടന്‍, വാസ്തുശില്പിയായ ഘടകര്‍പ്പരന്‍, ജ്യോതിശാസ്ത്രജ്ഞനായ വരാഹമിഹിരന്‍, ഭൂമിശാസ്ത്രകാരനായ ശങ്കു എന്നീ പ്രഗത്ഭരുമായ സഹവാസത്തിലൂടെ അതതു മേഖലയില്‍ ലഭിച്ച വിജ്ഞാനം കാവ്യരചനയില്‍ സമുചിതമായി സന്നിവേശിപ്പിച്ചതോടെ കവനചക്രവര്‍ത്തിയായി കാളിദാസന്‍ വളര്‍ന്നു. രാഷ്ട്രതന്ത്രത്തില്‍ വിക്രമാദിത്യന്റെ സഹയാത്രികനും തുടര്‍ന്ന് വിശ്വസ്തനായ ചാരത്തലവനുമാകുന്നു, മഹാകവി. അവിടെവെച്ച്, ഏതാനും നാഴികകള്‍ മാത്രം തന്റെ ഭാര്യയായിരുന്ന കാശിരാജകുമാരിയായ വിദ്യോത്തമയാണ് ചക്രവര്‍ത്തിയുടെ പട്ടമഹിഷിയെന്ന് കാളിദാസന്‍ തിരിച്ചറിയുന്നു.

ഐതിഹ്യപ്പെരുമയുടെ മൂടലുകളിലേയ്ക്ക് വീണ്ടുമൊരു യാനം. “”അര്‍ത്തംപുത്തി ചെത്തംതിരിയാ…””യെന്നു പാടി നടന്ന മന്ദയുവാവ് ഒരു ഗൂഢാലോചനയുടെ പരിസമാപ്തിയില്‍ വിദ്യോത്തമയുടെ കാന്തനായതും നാഴികകള്‍ക്കുള്ളില്‍ തിരസ്‌ക്കൃതനായതും തുടര്‍ന്ന് കാട്ടരുവിക്കരയിലെ, താഡനമേറ്റു മിനുസപ്പെട്ടുവന്ന അലക്കുകല്ലുകളെപ്പോലെ രാപകലുകളോളം കാവ്യശാസ്ത്രങ്ങളുടെ ശിക്ഷണത്താല്‍ അലക്കി വെളുപ്പിച്ച് മൃദുവാക്കപ്പെട്ട മനസ്സുമായി കാവ്യസ്വരൂപനായി മാറിയശേഷം ഒരുനാള്‍ വിദ്യോത്തമയെ സന്ധിക്കാനിടയായതും “”അസ്തി കശ്ചിത് വാഗര്‍ത്ഥ””ന്‍ വാക്കിന്റെ ആശ്ചര്യത്തിന്റെ ഉടമയായതു കണ്ട് അവള്‍ പ്രണയാര്‍ത്ഥിയായതും വാക്കിന്റെ താക്കോല്‍ ലഭിക്കാന്‍ കാരണഭൂതയായവള്‍ ഗുരുസ്ഥാനീയയായതിനാല്‍ ആ അര്‍ത്ഥന നിരസിച്ചതും ഐതിഹ്യപ്പെരുമയിലുണ്ട്. എന്നിരുന്നാലും, മുയലിന്റെ വേഗത്തിലോടുന്ന വികാരം ആമവേഗത്തിലിഴയുന്ന വിവേകത്തെ കീഴ്‌പ്പെടുത്തിയതിനാല്‍ കിടപ്പറയില്‍ “”വേനല്‍ കൊണ്ടു വലഞ്ഞ പെണ്‍പാമ്പ് ചന്ദനമരത്തെ എന്നപോലെ”” ചുറ്റുന്ന തരത്തില്‍ ആ ബന്ധം വളര്‍ന്നു. ഇതോടൊപ്പം, വിക്രമാദിത്യനെ സ്ഥാനഭ്രഷ്ടനാക്കണമെന്നും കാളിദാസന്‍ തന്റെ നിത്യജാരനാകണമെന്നുമുള്ള വിദ്യോത്തമയുടെ ശാഠ്യം മൂലം ക്രമേണ കാളിദാസന്‍ ആ ബന്ധം മുറിച്ചു.

ഒരസാധാരണമായ പിരിമുറുക്കത്തിന്റെ അന്തരീക്ഷത്തിലേയ്ക്ക് രംഗപടംമാറുകയാണ്. ഒരു വശത്ത് പാനോത്സവങ്ങളും രതിക്രീഡകളും നൃത്തനാട്യങ്ങളുംസമൃദ്ധമായി അരങ്ങേറുമ്പോള്‍ മറുഭാഗത്ത് രാഷ്ട്രീയോപജാപങ്ങളും കുതികാല്‍വെട്ടും അധികാരകിടമത്സരങ്ങളും മദമാത്സര്യജന്യങ്ങളായ അധികാരപ്രമത്തതയും സമര്‍ത്ഥമായി വിക്രമാദിത്യനെയും കാളിദാസനെയും വേട്ടയാടുന്ന രംഗങ്ങളാണിനി.

സ്ത്രീജിതനും വാരനാരീരതനുമായ വിക്രമാദിത്യനെ കാളിദാസനില്‍നിന്ന് അകറ്റുവാന്‍ “”രാജസദസ്സിലെ പ്രതിയോഗിസംഘം എന്റെ കാമാസക്തിയെ പ്രതികാരത്തിന്റെ ഉലയിലിട്ടു കാച്ചി വെറുപ്പിന്റെ ചുറ്റികയാല്‍ ആഞ്ഞടിച്ചു മാരകായുധമാക്കി..””. വിദ്യോത്തമയുമായുണ്ടായിരുന്ന കാമകേളികളാണ് ഇത്തരത്തില്‍ ആ സംഘം മാരകായുധമാക്കിയത്. എന്നാല്‍ വിദ്യോത്തമയെ നന്നായി അറിയാവുന്ന ചക്രവര്‍ത്തിയാകട്ടെ, “”ഇരു കരയ്ക്കും ചെന്നലയ്ക്കുന്ന പുഴയെപ്പോലെ അവള്‍ എന്നെയും നിന്നെയും മാറിമാറി ആശ്രയിക്കും”” എന്നു പറഞ്ഞുകൊണ്ട് കാളിദാസനെ മറ്റാരുമറിയാതെ കൊട്ടാരംവിട്ട് പോകാനനുവദിക്കുന്നു. അദൃശ്യനായാലും ചക്രവര്‍ത്തിക്കു വേണ്ട വാര്‍ത്തകള്‍ യഥാസമയത്തെത്തിക്കുന്ന ചാരവിന്യാസത്തിന്റെ അധിപന്‍ കൂടിയായിരുന്നു അപ്പോള്‍ കാളിദാസന്‍. തന്റെ “”ചാരവലയത്തിന്റെ ഏറ്റവും ഉന്നതമായ സ്ഥാനത്ത് കാവ്യസ്വരൂപത്തെ സാക്ഷാത്കരിച്ചയാള്‍”” തന്നെ വേണമെന്നത് ചക്രവര്‍ത്തിക്ക് നിര്‍ബ്ബന്ധമായിരുന്നു. ഇവയെയെല്ലാം “”കഷ്ടാനുഭവസൗധത്തിന്റെ താഴികക്കുടമായ ഒരു നാടക””മായി വിശേഷിപ്പിക്കാനായിരുന്നു കാളിദാസനുമിഷ്ടം.

ഇതിനിടയില്‍, ഉജ്ജയിനിയിലെ ഏറ്റവും പ്രസിദ്ധമായ ദേവദാസീഗൃഹത്തിന്റെ നാഥയായ ജരിതയുടെ കൊച്ചുമകള്‍ വാണിനിയുമായി കടുത്ത പ്രണയത്തിലായിക്കഴിഞ്ഞിരുന്നു, കാളിദാസന്‍. മഹാകാളക്ഷേത്രത്തിലെ നൃത്തവേദിയിലരങ്ങേറിയ അവളുടെ വസന്തനൃത്തം കാളിദാസഹൃദയത്തില്‍ മറ്റൊരു കവിത കുറിച്ചു. അത് അതിവിശുദ്ധവും തീവ്രവുമായ അനുരാഗത്തിന്റെ ദിനങ്ങള്‍ അയാള്‍ക്കു സമ്മാനിച്ചു. നൃത്തകാവ്യങ്ങള്‍ ഒന്നിച്ചു ചേരുമ്പോഴുണ്ടാകുന്ന അനുഭൂതിരസം അയാളെ ഉന്മത്തനാക്കി.

“”എല്ലാം അമൂര്‍ത്തദീര്‍ഘമായ കാലപ്രമാണങ്ങളില്‍ മാറിമറയുന്ന ലാസ്യനടനത്തിന്റെ ചുവടുകളായി.”” പ്രണയോന്മാദത്തിനിടയിലും, ഇടയ്ക്കിടെ, “”ഋതുസംഹാരം”” നൃത്തരൂപത്തില്‍ ചിട്ടപ്പെടുത്തുമ്പോള്‍ ഓരോ ഋതുവിനും സംഭവിക്കുന്ന വ്യതിയാനംപോലെ കാളിദാസന്റെ മനസ്സിനും വേഷത്തിനുമുണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ വാണിനി അനുഭവിച്ചറിഞ്ഞു. അഘോരിയായി വേഷംമാറി വന്ന അയാള്‍ ചില ദിനങ്ങളില്‍ ജീര്‍ണ്ണവിഷന്‍ എന്ന പാമ്പാട്ടിയാകും. മറ്റു ചിലപ്പോള്‍ നഗരത്തിനു പുറത്ത് ചണ്ഡാലരും പതിതരുമായ ജനങ്ങളുടെ വാസസ്ഥലത്തെ അതിഥിവേഷക്കാരനാകും. ഇങ്ങനെയൊക്കെയായിട്ടും, അയാളുടെ പ്രണയത്തിന്റെ ഉള്ളാഴത്തില്‍ വാണിനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ടായിരുന്നു.

മേഘം മാത്രം ആശ്രയമുള്ള ചാതകം പോലെ, കാവ്യവൃത്തി പോലും പീഡയായി അനുഭവപ്പെടുമ്പോള്‍ എല്ലാമുപേക്ഷിച്ച് അയാള്‍ അവളെത്തേടിയെത്തും. “”ആദ്യം തളിരിടല്‍, പിന്നെ പൂവിടല്‍, വണ്ടുകളുടെ മൂളല്‍, കുയിലുകളുടെ കൂവല്‍….”” ക്രമമായി ആവര്‍ത്തിക്കുന്ന ഈ വസന്തമാണ് അനുരാഗമെന്ന് അവര്‍ നിര്‍വ്വചിച്ചു. തന്റെ ഉള്ളില്‍, ഋതുക്കളുടെ മാറ്റംപോലെ മനസ്സിലുണ്ടാകുന്ന ചാഞ്ചല്യത്തിന്റെ മൂലഹേതു കലാകാവ്യരൂപരസാദിവിഷയങ്ങളിലുള്ള ആസക്തിയാണെന്ന കാളിദാസന്റെ തിരിച്ചറിവ് വാണിനിയും ഉള്‍ക്കൊണ്ടിരുന്നു.

എന്നിട്ടും, കാളിദാസനെ കൊന്നെന്ന കുറ്റത്തിന് എന്തിനാണവര്‍ വാണിനിയെ ഭേദ്യചക്രത്തിലിട്ട് പീഡിപ്പിച്ചത്? യഥാര്‍ത്ഥ പാതകി ആരാണ്? ഉത്തരം കണ്ടെത്തുന്ന ജോലി വായനക്കാരന് വിട്ടുതരുന്നു, നോവലിസ്റ്റ്. ഓരോ വായനക്കാരന്റെയും മനോധര്‍മ്മമനുസരിച്ച് ഈ സമസ്യയും പൂരണത്തിന് വിധേയമാകട്ടെ.

സംസ്‌കൃതസാഹിത്യത്തിലെ ത്രിമൂര്‍ത്തികളില്‍ തന്നെപ്പറ്റി ഒരു സൂചനയുമവശേഷിപ്പിക്കാതെ മറഞ്ഞുകളഞ്ഞയാളാണ് കാളിദാസന്‍. വാല്മീകിയും വ്യാസനും താന്താങ്ങള്‍ വിരചിച്ച ഇതിഹാസങ്ങളിലെ കഥാപാത്രങ്ങള്‍ കൂടിയാണല്ലോ. എന്നാല്‍ കാളിദാസകവിയുടെ ജീവിതം കണ്ടറിയാനുള്ള ഏകമാര്‍ഗ്ഗം അദ്ദേഹത്തിന്റെ കൃതികളുടെ പഠനമനനങ്ങളും അന്വേഷണവും മാത്രമാണ്. മലയാളത്തില്‍, എ.ആര്‍.തമ്പുരാന്‍ മുതല്‍ ആറ്റൂര്‍ കൃഷ്ണപ്പിഷാരോടി, തിരുനല്ലൂര്‍ കരുണാകരന്‍, ചെറൂളിയില്‍ കുഞ്ഞുണ്ണി നമ്പീശന്‍, മാധവന്‍ അയ്യപ്പത്ത് വരെയുള്ള മഹായശസ്‌കരുടെ കാളിദാസതര്‍ജ്ജമകള്‍ വായിച്ചതിലൂടെ ആ ജീവിതം കുറച്ചൊക്കെ കാണാനായിട്ടുണ്ട്.

കുട്ടികൃഷ്ണമാരാര്

മഹാനിരൂപകനായ ശ്രീ. കുട്ടികൃഷ്ണമാരാര് കാളിദാസകൃതികള്‍ക്കു ചമച്ച അന്വയങ്ങളും വ്യാഖ്യാനങ്ങളും കണ്ടിട്ടുമുണ്ട്. “”കശ്ചില്‍ കാന്താവിരഹഗുരുണാ സ്വാധികാരാല്‍ പ്രമത്തഃ…”” എന്നാരംഭിക്കുന്ന “”മേഘസന്ദേശ””ത്തിലെ നായകനായ യക്ഷന്‍ സാക്ഷാല്‍ കാളിദാസനാണെന്ന പണ്ഡിതമതത്തോട് യാതൊരു വിപ്രതിപത്തിയും ഇല്ലതാനും. ഈ കൃതികളൊക്കെയുള്ളപ്പോഴും, കാളിദാസജീവിതം മലയാളത്തില്‍ ഏറ്റവും ഹൃദയഹാരിയായി അവതരിപ്പിക്കപ്പെട്ടത് ഓയെന്‍വിസ്സാറിന്റെ “”ഉജ്ജയിനി””യിലൂടെയാണ് “”ഉജ്ജയിനി””ക്ക് ഒപ്പം നില്ക്കുന്ന ഗദ്യശില്പമായി ഞാന്‍ ഈ നോവലിനെ വിലയിരുത്തുന്നു. (ഡോ. കെ.സി. അജയകുമാര്‍ എഴുതിയ “”കാളിദാസന്‍”” എന്ന നോവലും ഓര്‍മ്മയിലെത്തുന്നു.) ഐതിഹ്യങ്ങളുടെ അകമ്പടിയില്ലാതെ സ്വകീയഭാവനയിലുണര്‍ന്ന കഥാവിവരണത്തിലൂടെ ഒരു നഷ്ടപ്രണയത്തിന്റെ കാവ്യാഖ്യാനമാണ് “”ഉജ്ജയിനി”” നിര്‍വ്വഹിക്കുന്നതെങ്കില്‍, ഒട്ടുമിക്ക ഐതിഹ്യങ്ങളും കഥാഗാത്രത്തോട് യാഥാര്‍ത്ഥ്യബോധത്തോടെ വിളക്കിച്ചേര്‍ത്ത് വാസ്തവികതയുടെയും ചരിത്രബോധത്തിന്റയും നിറക്കൂട്ടുകള്‍ ചേര്‍ത്ത് വിശ്വസനീയമാക്കി ഗദ്യരൂപത്തില്‍ തയ്യാറാക്കപ്പെട്ട കവിതയാണ് “”കാളിദാസന്റെ മരണം””.

നോവലിനുള്ളിലെ പിരിമുറുക്കം വാക്കുകളിലും വചനങ്ങളിലും പ്രതിഫലിപ്പിക്കുന്നതില്‍ രചയിതാവ് കാണിച്ച ആഖ്യാനകുശലത ഏറെ ശ്ലാഘനീയമാണ്.വലിച്ചുനീട്ടി ബൃഹദാകാരത്തിലാക്കാമായിരുന്ന ഒരു ജീവിതകഥ ചുരുക്കി ധ്വന്യാത്മകമായി ഒരു ചിമിഴിലടച്ച മുത്തിന്റെ ഭംഗിയില്‍ വായനക്കാരന് സമ്മാനിച്ചിരിക്കുന്നു. കാളിദാസകവിതയെ മുറുക്കിക്കെട്ടിയ തന്ത്രികളോടു കൂടിയ വീണയെന്നാണ് മഹാനിരൂപകര്‍ ഉപമിച്ചിട്ടുള്ളത്.

ഏത് അല്പജ്ഞാനിയുടെ പോലും വിരലൊന്നു മുട്ടിയാല്‍ ആ വീണ മധുരസംഗീതം പൊഴിക്കും; അപ്പോള്‍ ജ്ഞാനസ്ഥന്‍ കൈവെച്ചാല്‍ പുറത്തുവരുന്ന അഭൗമസംഗീതത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ. ധ്വനിഭംഗി, പദങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും അവ യഥാവിധി പ്രയോഗിക്കുന്നതിലുമുള്ള ഉചിതജ്ഞത, സൗന്ദര്യബോധം എന്നിവ കാളിദാസകവിതയുടെ സവിശേഷതകളായി എക്കാലവും പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. ഈ നോവലിലെ ധ്വന്യാത്മകവും ലാവണ്യസുരഭിലവുമായ ഭാഷാശൈലി കാളിദാസകവിതയുടെ ശേഷപത്രങ്ങള്‍ തന്നെയാണ്. ക്ലാസ്സിക് ഗദ്യം അനവദ്യസുന്ദരമായ കവിതയായി രൂപാന്തരപ്പെടുന്ന മായാജാലം ഈ നോവലില്‍ വായനക്കാരന് അനുഭവിച്ചറിയാനാകും.

ഭാവശില്പത്തിന്നനുരൂപമായ രൂപശില്പത്തികവ്, കവിതയും നാടകവും ആന്തരികസംഘര്‍ഷവ്യാഖ്യാനങ്ങളും യഥോചിതം സമ്മിളിതമായി ക്രമത്തില്‍ ആവര്‍ത്തിച്ചുകൊണ്ടുള്ള രചനാതന്ത്രത്തിന്റെ മികവ്, ഭാഷയുടെ ജ്വലിക്കുന്ന ലാവണ്യം എന്നീ മേന്മകളാല്‍ മലയാളത്തിലെ ക്ലാസ്സിക് നോവലുകളുടെ നിരയിലേയ്ക്ക് കടന്നുചെല്ലുന്നു, “”കാളിദാസന്റെ മരണം.””

കൃതി:കാളിദാസന്റെ മരണം (നോവല്‍)
ഗ്രന്ഥകര്‍ത്താവ്:എം. നന്ദകുമാര്‍
പ്രസാധനം:ഡി സി ബുക്ക്‌സ്
വില: Rs  130

രാജു മോഹന്‍

We use cookies to give you the best possible experience. Learn more