എല്ലാവര്‍ക്കും ഉത്തരമറിയാവുന്ന ഒരു ചോദ്യമാണ് ബോബി തോമസ് തന്റെ ‘ഗോഡ്‌സെ ഗാന്ധിജിയെ കൊന്നത് എന്തിന്’ എന്ന പുസ്തകത്തില്‍ ഉന്നയിക്കുന്നത്. ഈ ചോദ്യത്തിനുള്ള ഉത്തരം നൂറാവര്‍ത്തി എഴുതുപ്പെടുകയും ചര്‍ച്ചയാവുകയും ചെയ്തിട്ടുമുണ്ട്. അതിനുമപ്പുറം, ഈ പുസ്തകത്തില്‍ എന്തായിരിക്കും ഉണ്ടാവുക എന്നൊരു അത്ഭുതവും ആകാംക്ഷയുമാണ്, പുസ്തകം വായിക്കാനെടുക്കുന്ന ഒരാളില്‍ ഈ ശീര്‍ഷകം ഉളവാക്കുക.
ആ അമ്പരപ്പിനെയും ആകാംക്ഷയേയും തീര്‍ത്തും അസ്ഥാനത്താക്കുന്ന ഒരു പുസ്തകമാണിത്.
ഗോഡ്‌സെ ഗാന്ധിജിയെ എന്തുകൊണ്ടാണ് കൊന്നതെന്ന് അറിയാത്തവരുണ്ടാവില്ല. അറിയില്ലെന്ന് നടിക്കുന്നവരുണ്ടാവാം. രാഷ്ട്രീയം മനസ്സിലാവാത്ത, പത്രവായന പതിവായിട്ടില്ലാത്ത ഒരു പ്രായത്തില്‍ നടന്നതായതുകൊണ്ടാണ് ഗുജറാത്ത് വംശഹത്യയെക്കുറിച്ച് വേണ്ടവിധത്തില്‍ മനസ്സിലാക്കാതിരുന്നത് എന്നതുപോലുള്ള പടുന്യായമൊന്നും എന്തായാലും അതിനെത്രയോ മുമ്പ് നടന്ന ഗാന്ധിവധത്തെക്കുറിച്ച് പറയാനാവുകയുമില്ല.
പ്രധാനമായും മൂന്ന് വ്യക്തികളില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു പുസ്തകമാണിത്. ഗാന്ധിജിയും, സവര്‍ക്കറും, ഗോഡ്‌സെയും.
ഹിന്ദുവായി ജീവിക്കുകയും ചാതുര്‍വര്‍ണ്യത്തെപ്പോലും പലപ്പോഴും ന്യായീകരിക്കുകയും ചെയ്ത ആളായിരുന്നു ഗാന്ധിജി. ഗാന്ധിജി മാത്രമല്ല, പത്തൊമ്പതാം നൂറ്റാണ്ടിന്റെ നാലാം പാദം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തെ രണ്ട് പതിറ്റാണ്ടുകള്‍വരെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരശ്രമങ്ങളേയും, ദേശീയതാസങ്കല്പങ്ങളേയും സ്വാധീനിച്ചിരുന്നത് ഹിന്ദുമതത്തിനോട് മാനസികമായ ഐക്യം പുലര്‍ത്തിയ ദേശീയബോധവുമായിരുന്നു.
ഹിന്ദു-മുസ്ലിം ഐക്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും വിഭിന്ന രാഷ്ട്രീയബോധ്യങ്ങളെ ആദരിക്കുകയുമൊക്കെ ചെയ്തിരുന്ന തിലകന്‍പോലും ഒരര്‍ത്ഥത്തില്‍ ആ മത-ദേശീയതാ പാരമ്പര്യത്തിന്റെ പ്രതിനിധിയാണ്. എന്നാല്‍ ഗാന്ധിജിയുടെ വരവോടെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും ദേശീയതാബോധവും പ്രത്യക്ഷമായെങ്കിലും അത്തരമൊരു നിലപാട് കൈയ്യൊഴിയുകയും ഇന്ത്യയിലെ മതസമന്വയ പാരമ്പര്യത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കാന്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.
ചെറുപ്പത്തില്‍ ഗാന്ധിജിയോടും ദേശീയപ്രസ്ഥാനത്തോടും അനുഭാവമുള്ള ആളായിരുന്നു. നാഥുറാമിന്റെ വീട്ടുകാരും ഗാന്ധിജിയോട് ബഹുമാനവും ആരാധനയും കാത്തുസൂക്ഷിച്ചവരായിരുന്നു. ഗോഡ്‌സെ പിന്നീട്, സവര്‍ക്കറിന്റെ തീവ്രമത വീക്ഷണങ്ങളിലേക്ക് പക്ഷം മാറിയതില്‍ കടുത്ത എതിര്‍പ്പും ദു:ഖവുമുള്ള ആളായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്‍. പലപ്പോഴും മകനെ അയാള്‍ ശരിയായ പാതയിലേക്ക് നയിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. എന്നിട്ടും ആ മകന്‍ പരമതദ്വേഷത്തിലേക്കും ഹിന്ദുത്വവാദത്തിലേക്കും രാഷ്ട്രവിഭജനത്തിനെ ന്യായീകരിക്കുന്നതിലേക്കും, ഏറ്റവുമൊടുവില്‍ തന്റെ ആദ്യത്തെ മാര്‍ഗ്ഗദര്‍ശിയെ കൊല്ലുന്നതിലേക്കുപോലും നീങ്ങുന്നതാണ് നമ്മള്‍ കണ്ടത്.
ഇനി സവര്‍ക്കറിലേക്കെത്തിയാലോ, ആ മനുഷ്യനും ഒരുകാലത്ത് ഹിന്ദു-മുസ്ലിം സാഹോദര്യത്തെക്കുറിച്ച് എഴുതിയ ആളായിരുന്നു. 1857-ലെ ആദ്യത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് എഴുതിയ പുസ്തകത്തില്‍, ഇന്ന് നമുക്ക് പരിചയമുള്ള സവര്‍ക്കറെയല്ല കാണാനാവുക.
എന്നാല്‍ ആന്‍ഡമാനിലെ ജയില്‍ജീവിതത്തിനുശേഷം മാപ്പെഴുതി പുറത്തുവന്ന സവര്‍ക്കാര്‍ തീര്‍ത്തും വിരുദ്ധമായ ധ്രുവത്തിലേക്കാണ് നീങ്ങിയത്.
ആന്‍ഡമനില്‍വെച്ചുണ്ടായ വ്യക്തിപരമായ അനുഭവങ്ങളാണ് സവര്‍ക്കറെ മുസ്ലിം വിരുദ്ധതയിലേക്ക് നയിച്ചതെന്നൊക്കെയുള്ള വ്യാഖ്യാനങ്ങളുണ്ടെങ്കിലും, ആത്യന്തികമായി, അയാളെ രൂപപ്പെടുത്തിയത്, ചിത്പവന്‍ ബ്രാഹ്മണന്റെ സവര്‍ണ്ണബോധവും, ഗാന്ധിജിയോടുള്ള വ്യക്തിപരമായ വിരോധവുമായിരുന്നു.
വ്യക്തിപരമായി ഭീരുവുമായിരുന്നു അയാള്‍. ഗാന്ധിവധത്തിനുശേഷമുള്ള വിചാരണകാലത്തുപോലും, കോടതിമുറിയില്‍ അയാള്‍ ഗോഡ്‌സെയോടും മറ്റ് പ്രതികളോടും, തീര്‍ത്തും അപരിചിതരായ ആളുകളോടെന്ന മട്ടിലാന് പെരുമാറിയത്. മറ്റ് പ്രതികള്‍ തങ്ങള്‍ നടത്തിയ കൃത്യത്തില്‍ പശ്ചാത്തപിക്കാതെ ഉറച്ചുനിന്നപ്പോള്‍, അയാള്‍ നിരപരാധി ചമയുകയായിരുന്നുവെന്നതിന് കോടതി രേഖകളിലും അയാളെക്കുറിച്ചെഴുതിയ ജീവചരിത്രകാരന്മാരുടെ പുസ്തകങ്ങളിലും മറ്റും ധാരാളം തെളിവുകളുണ്ട്.