കോഴിക്കോട്: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലൈബ്രറികളിലേക്ക് പുസ്തകം എത്തിക്കുന്നത് മാഫിയ സ്വഭാവമുള്ള ഗ്രൂപ്പുകളെന്ന് പഠന റിപ്പോര്‍ട്ട്. ലൈബ്രറികളിലെ ഭൂരിഭാഗം പുസ്തകങ്ങളും ഗുണനിലവാരം കുറഞ്ഞവയും കാലോചിതമല്ലാത്തതുമാണെന്നും കോടിക്കണക്കിന് രൂപ ഇത്തരത്തില്‍ പൊതുഫണ്ടില്‍ നിന്ന് മാഫിയകള്‍ ചോര്‍ത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നിര്‍ദ്ദേശപ്രകാരം തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളജ് ഫിലോസഫി അദ്ധ്യാപകന്‍ ദിലീപ് രാജാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കോടിക്കണക്കിന് രൂപയാണ് വര്‍ഷാവര്‍ഷം കോളജുകളിലും യൂണിവേഴ്‌സിറ്റികളിലുമായി ലൈബ്രറിക്ക് വേണ്ടി ചെലവഴിക്കുന്നതെങ്കിലും കേരളത്തിലെ മിക്ക ലൈബ്രറികളും ഉപയോഗിക്കപ്പെടാത്ത അവസ്ഥയിലും നല്ലതും പുതിയതുമായ പുസ്തകങ്ങള്‍ ലഭ്യമല്ലാത്ത സ്ഥിതിയിലുമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരം ലൈബ്രറികളെ ഉദ്ദേശിച്ച് ദല്‍ഹി കേന്ദ്രീകരിച്ച് ഏത് വിഷയത്തിലും കെട്ടിലും മട്ടിലും തരക്കേടില്ലാത്ത പുസ്തകങ്ങള്‍ വലിയ വിലയിട്ട് പ്രസിദ്ധപ്പെടുത്തുന്നുണ്ട്. അവയും കാലപ്പഴക്കം മൂലം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ തൂക്കി വില്‍ക്കുന്ന പുസ്തകങ്ങളുമാണ് ഇവിടുത്തെ ലൈബ്രറികളില്‍ വലിയ കിഴിവോടെ വാങ്ങിക്കൂട്ടുന്നത്.
വന്‍ വിലക്കുറവ് വാഗ്ദാനം ചെയ്ത് വെറും “ലെറ്റര്‍ ഹെഡ്” സ്ഥാപനങ്ങളാണ് ഇവിടങ്ങളിലേക്ക് പുതസ്തകങ്ങള്‍ എത്തിക്കുന്നതെന്നും ഇത്തരം പുസ്തകങ്ങള്‍ ഗുണനിലവാരം തീരെയില്ലാത്തതാണെന്നുമാണ് റിപ്പോര്‍ട്ട്.
“മിക്കവാറും സ്ഥാപനങ്ങളില്‍ പുസ്തകങ്ങള്‍ കൊടുക്കുന്നത് നാട്ടില്‍ പേരെടുത്ത വിപണിയിലെ പ്രധാനപ്പെട്ട പുസ്തകവില്‍പ്പനക്കാരല്ല. നല്ല നിലയില്‍ നിയമാനുസൃതകച്ചവടം നടത്തുന്ന ഒരു കച്ചവടക്കാരനും ഇപ്പോഴുള്ളത്രയും അധിക ഡിസ്‌കൗണ്ട് കൊടുത്ത് നിലനില്‍ക്കാനാവില്ല. അതിനാല്‍ അവരൊക്കെ പൂര്‍ണമായും പിന്‍വാങ്ങുകയും വെറും ലെറ്റര്‍ ഹെഡ് പുസ്തക വില്‍പ്പനക്കാര്‍ അരങ്ങു വാഴുകയും ചെയ്യുന്ന സ്ഥിതിയാണ്. അവര്‍ വലിയ കിഴിവും മറ്റു സൗകര്യങ്ങളും ഏര്‍പ്പാടാക്കിക്കൊടുക്കും. ഓഡിറ്റേഴ്‌സ് നോക്കുമ്പോള്‍ എല്ലാം നിയമാനുസൃതം. ഈ ബാലിശമായ സ്ഥിതി മാറണം.”- റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യാന്തര നിലവാരത്തിലുള്ള പുതിയ പുസ്തകങ്ങള്‍ ഫര്‍ണിച്ചറും മറ്റും വിലപേശി വാങ്ങുന്നത് പോലെ വിലപേശി വാങ്ങാനാവില്ല. പുസ്തകങ്ങള്‍ക്ക് രാജ്യാന്തര തലത്തില്‍ തന്നെ നിശ്ചിത വില നിശ്ചയിച്ചിട്ടുള്ളതും പുസ്തകത്തില്‍ അച്ചടിച്ചിട്ടുള്ളതുമാണ്. പക്ഷേ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുസ്തകം വാങ്ങല്‍ സ്റ്റോര്‍ പര്‍ച്ചേസ് മാനുവലിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ടെന്‍ഡര്‍ വിളിച്ച്, ഏറ്റവും കുറഞ്ഞ വില ക്വോട്ട് ചെയ്യുന്നവരില്‍ നിന്നേ വാങ്ങാനാവൂ. രാജ്യാന്തര നിലവാരത്തിലുള്ള മുന്‍നിര പ്രസാധകര്‍ക്ക് ഒരു പരിധിയില്‍ കവിഞ്ഞ വിലക്കുറവ് ക്വോട്ട് ചെയ്യാനാവില്ല. ഇത് മുതലെടുത്താണ് തട്ടിക്കൂട്ട് പുസ്തകങ്ങളുമായി “ലെറ്റര്‍ ഹെഡ്” സ്ഥാപനങ്ങള്‍ വരുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നു.
റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍:
1.പുസ്തകം വാങ്ങുന്നത് സ്റ്റോര്‍ പര്‍ച്ചേസ് മാനുവലില്‍ നിന്ന് മാറ്റുക.
നിശ്ചിത വില ഉല്‍പ്പന്നമായ പുസ്തകങ്ങള്‍ക്ക് ടെന്‍ഡര്‍ വിളിക്കുന്നത് ശരിയല്ല. അതിനാല്‍ പുസ്തകങ്ങള്‍ സ്റ്റോര്‍ പര്‍ച്ചേസ് മാനുവലില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ല. ടെന്‍ഡര്‍ വിളിച്ചാല്‍ ഒരു പരിധിയില്‍ കൂടുതല്‍ കിഴിവ് ക്വോട്ട് ചെയ്യാന്‍ നിലവാരമുള്ള പ്രസാധകര്‍ക്ക് കഴിയില്ല. ആ ഒഴിവിലേക്ക് നിലവാരം കുറഞ്ഞ തട്ടിക്കൂട്ട് സ്ഥാപനങ്ങള്‍ കടന്നു വരും. കേന്ദ്ര ഗവര്‍ണ്‍മെന്റ് സ്ഥാപനങ്ങളിലടക്കം പുസ്തകങ്ങള്‍ സ്റ്റോര്‍ പര്‍ച്ചേസിലല്ല ഉള്‍പ്പെടുത്തിയിട്ടുള്ളത്. സി.ഡി.എസ്, ശ്രീചിത്ര, വി.എസ്.എസ്.സി, ഐ.എം.ജി, എയ്‌സര്‍ തുടങ്ങിയ പ്രശസ്തമായ ലൈബ്രറികളിലെല്ലാം അതുതന്നെയാണ് സ്ഥിതി.
2.പുസ്തകം വാങ്ങല്‍ വാര്‍ഷിക “മുട്ടുശാന്തി” പരിപാടിയാക്കാതെ തുടര്‍പ്രക്രിയയാക്കുക.
പുതിയ പുസ്തകങ്ങള്‍ സമയാ സമയങ്ങളില്‍ സ്റ്റോക്കിലെത്തിക്കുക. അവസാന നിമിഷ ബള്‍ക്ക് പര്‍ച്ചേസില്‍ ഗുണമേന്മയോ ഉപയോഗ്യതയോ ശ്രദ്ധിക്കാനാവില്ല. പുസ്തകം വാങ്ങുന്നത് വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രക്രിയയാക്കുക.
3.ഡിസ്‌കൗണ്ട് ഇംഗ്ലീഷ് 15%, മറ്റു ഭാഷകള്‍ 20% എന്ന് ഏകീകരിച്ച് നിശ്ചയിക്കുക. കുത്തക ഒഴിവാക്കുക.
ഏത് വില്‍പ്പനക്കാരില്‍ നിന്നും ആവശ്യമുള്ള പുസ്തകങ്ങള്‍ വേണ്ട സമയത്ത് വാങ്ങിക്കാന്‍ ഇത് അവസരമുണ്ടാക്കും. നന്നായി വികസിപ്പിക്കപ്പെടുന്ന ലൈബ്രറിയില്‍ ഇത്തരം സംവിധാനമാണ് നിലവിലുള്ളത്.
4. യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും യു.ജി.സി മാനദണ്ഡമനുസരിച്ചുള്ള ലൈബ്രേറിയന്മാരെ ഉടന്‍ നിയമിക്കുക.
കേരളത്തില്‍ ഒരു യൂണിവേഴ്‌സിറ്റികളിലും ഇപ്പോള്‍ ലൈബ്രേറിയന്‍ ഇല്ല. 51 ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ 12 കോളജുകളിലാണ് യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന ലൈബ്രേറിയന്‍ പോസ്റ്റുള്ളത്. അതില്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജിലും പാലക്കാട് വിക്ടോറിയ കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലുമടക്കം കുറെ വര്‍ഷങ്ങളായി ലൈബ്രേറിയനെ നിയമിച്ചിട്ടില്ല. ലൈബ്രേറിയന്‍ ഇല്ലാതെ തന്നെ കോടികള്‍ ചെലവിട്ട് കെട്ടിടം പണിയുന്ന സ്ഥിതിയാണുള്ളത്. ആറുമാസം വീതം താല്‍ക്കാലികമായി ഗ്രെയ്ഡ് ഫോര്‍ ലൈബ്രേറിയന്മാരെ നിയമിക്കുകയാണ് ഇവിടെ നടക്കുന്നത്. ലൈബ്രേറിയന്മാരില്ലാതെ നിലവാരമുള്ള ലൈബ്രറികള്‍ ഉണ്ടാക്കുക അസാധ്യമാണ്.
5.ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ മുന്‍കയ്യെടുത്ത് അദ്ധ്യാപകര്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ലൈബ്രേറിയന്മാര്‍ക്കും ലൈബ്രറി വികസിപ്പിക്കുന്ന പ്രക്രിയയെ സംബന്ധിച്ച് വ്യക്തമായ ധാരണ വരുത്തുന്നതിനായി പരിശീലനം നല്‍കുക.