| Friday, 9th October 2020, 11:52 pm

കര്‍ഷകര്‍ തീവ്രവാദികളെന്ന പരാമര്‍ശം; കങ്കണയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിട്ട് കര്‍ണാടക കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാജ്യത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തെ അധിക്ഷേപിച്ചു കൊണ്ട് നടി കങ്കണ റണൗത്ത് നടത്തിയ ട്വീറ്റില്‍ നടപടി എടുക്കാന്‍ ആവശ്യപ്പെട്ട് കര്‍ണാടക ലോക്കല്‍ കോടതി. തുമകുരു ജില്ലാ കോടതിയാണ് കങ്കണയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിനോട് ഉത്തരവിട്ടത്.

അഭിഭാഷകനായ എല്‍. രമേഷ് നല്‍കിയ ഹരജിയിലാണ് കോടതി ഇടപെടല്‍. കാര്‍ഷിക നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ തീവ്രവാദികളുമായി ഉപമിച്ച ട്വീറ്റിന്റെ അടിസ്ഥാനത്തിലാണ് പരാതി.

‘പ്രധാനമന്ത്രി മോദി ജി, ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ കഴിയും, ആരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, ഒരാള്‍ക്ക് അവരെ മനസ്സിലാക്കി കൊടുക്കാന്‍ കഴിയും, എന്നാല്‍ മനസ്സിലാകാത്തതുപോലെ അഭിനയിക്കുന്നവരെ പിന്നെ എന്തുചെയ്യാന്‍ സാധിക്കും. സി.എ.എ കൊണ്ടുവന്നതിലൂടെ ഒരു വ്യക്തിക്ക് പോലും ഇവിടെ പൗരത്വം നഷ്ടപ്പെട്ടിട്ടില്ല. ഇതേ തീവ്രവാദികളാണ് അന്ന് ഇവിടെ രക്തപ്പുഴയൊഴുക്കിയത്. ‘, എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ബില്‍ 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നീ രാജ്യസഭയില്‍ പാസാക്കിയ ബില്ലുകള്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷര്‍ക്കെതിരെയായിരുന്നു കങ്കണയുടെ ട്വീറ്റ്.

കാര്‍ഷിക നിയമത്തിനെതിരെ രാജ്യമെമ്പാടുമുള്ള ലക്ഷക്കണക്കിന് വരുന്ന കര്‍ഷകര്‍ പ്രതിഷേധിക്കുമ്പോഴാണ് ഇത്തരത്തിലൊരു പരാമര്‍ശവുമായി കങ്കണ രംഗത്തെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Book Kangana Ranaut: Karnataka court directs police over her ‘anti-farmer’ tweet

We use cookies to give you the best possible experience. Learn more