| Thursday, 14th October 2021, 10:50 pm

ബോണസ് പോയിന്റുകള്‍; പ്ലേയിംഗ് ഇലവനില്‍ 5 വിദേശ താരങ്ങള്‍; 2022 ഐ.പി.എല്ലിനായി പുതിയ നിര്‍ദേശങ്ങള്‍ വെച്ച് മുന്‍ ഇന്ത്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: അടുത്ത സീസണ്‍ മുതല്‍ ഐ.പി.എല്‍ മത്സരങ്ങള്‍ കൂടുതല്‍ ആവേശമാകാന്‍ 5 നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

ആദ്യ നിര്‍ദേശത്തില്‍, വന്‍വിജയം നേടുന്ന ടീമുകള്‍ക്ക് ബോണസ് പോയിന്റുകള്‍ നല്‍കണമെന്നാണ് ചോപ്ര പറയുന്നത്. 50 റണ്‍സിനോ, 10 ഓവര്‍ ബാക്കി നില്‍ക്കയോ ഒരു ടീം വിജയിക്കുകയാണെങ്കില്‍ അവര്‍ക്ക് ബോണസ് പോയിന്റുകള്‍ നല്‍കുകയാണെങ്കില്‍ ടൂര്‍ണമെന്റ് ഇനിയും ആവേശമാകുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ഇത്തരത്തില്‍ ബോണസ് പോയിന്റുകള്‍ നല്‍കുക വഴി നെറ്റ് റണ്‍ റേറ്റ് സിസ്റ്റത്തിന്റെ സങ്കീര്‍ണതകള്‍ ഒഴിവാക്കാമെന്നും ചോപ്ര പറയുന്നു.

പുതിയ 2 ടീമുകളെ ഉള്‍പ്പെടുത്തുന്നതിനോടൊപ്പം ഒരു ടീമിലെ പ്ലേയിംഗ് ഇലവനില്‍ 5 വിദേശ താരങ്ങളെ ഉള്‍പ്പെടുത്താനനുവദിക്കുകയാണെങ്കില്‍ ടൂര്‍ണമെന്റിന്റെ നിലവാരം ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ നിര്‍ദേശം.

ടീമിലെ കളിക്കാരുടെ പരിക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ ബി.സി.സി.ഐ ടീമുകളോടാവശ്യപ്പെടണമെന്നാതാണ് അദ്ദേഹം മുന്നോട്ട് വെക്കുന്ന മൂന്നാമത്തെ നിര്‍ദേശം.

നാലാമതായി ബി.സി.സി.ഐയോട് അംപയറിംഗിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടാതാക്കാനും അതിലൂടെ കളിക്കാരും അംപയര്‍മാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നും ചോപ്ര ചൂണ്ടിക്കാട്ടുന്നു.

ആര്‍.സി.ബിയും കൊല്‍ക്കൊത്തയും തമ്മില്‍ നടന്ന അവസാന മത്സരം ചൂണ്ടിക്കാണിച്ചായിരുന്നു ചോപ്രയുടെ വിശദീകരണം.

മോശം ഓവര്‍ നിരക്കിന്റെ പേരിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്നോണമാണ് അഞ്ചാമത്തെ നിര്‍ദേശം ചോപ്ര അവതരിപ്പിക്കുന്നത്.

90 മിനിറ്റിന് ശേഷമുള്ള ഓരോ ഓവറിലും ബൗളിംഗ് ടീമിലെ ഒരു അധിക കളിക്കാരന്‍ വീതം 30 യാര്‍ഡ് സര്‍ക്കിളിനുള്ളില്‍ നിര്‍ബന്ധമായും ഫീല്‍ഡ് ചെയ്യണം എന്നാണ് ആകാശ് ചോപ്രയുടെ അവസാന നിര്‍ദേശം.

ഐ.പി.എല്ലിന്റെ ഉദ്ഘാടന സീസണില്‍ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിന്റ താരമായിരുന്നു ആകാശ് ചോപ്ര. ആ സീസണിന് ശേഷം, 2008ല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  “Bonus points for big wins” – Aakash Chopra suggests 5 changes to IPL’s format from next year

Latest Stories

We use cookies to give you the best possible experience. Learn more