കേരളത്തില്‍ അടിമത്തവും അടിമക്കച്ചവടവും വര്‍ഷങ്ങള്‍ക്കുമുമ്പ് തൂത്തുമാറ്റപ്പെട്ടു എന്നാണ് പൊതുവിലും സര്‍ക്കാര്‍ രേഖകളിലുമുള്ള കണക്ക്. എന്നാല്‍ വയനാട്ടില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍ ഈ ധാരണയെ മൊത്തത്തില്‍ തകിടം മറിക്കുന്നു. നാല് വയസ്സുമുതല്‍ പ്രായമുള്ള ആദിവാസി പെണ്‍കുട്ടികള്‍ വയനാട്ടിലെ ആദിവാസി ഊരുകളില്‍ നിന്നും അടിമവേലയ്ക്ക് അയക്കപ്പെടുന്നുണ്ട്. ഇതര ജില്ലകളിലേക്കും കര്‍ണാടക, തമിഴ്‌നാട് പോലുള്ള ഇതര സംസ്ഥാനങ്ങളിലേക്കും വയനാട്ടില്‍ നിന്നും ആദിവാസി പെണ്‍കുട്ടികളെ കയറ്റി അയക്കുന്നു. ഡൂള്‍ ന്യൂസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
അഖിലഅഖില നാല് വയസ്സുള്ളപ്പോഴാണ് കുടകിലെ ശോഭ എന്ന സ്ത്രീയുടെ വീട്ടില്‍ വീട്ടുജോലിക്ക് എത്തുന്നത്. അഖിലയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ആനയുടെ ചവിട്ടേറ്റ് മരിച്ചതാണ്. തുടര്‍ന്ന് അമ്മ അഖിലയേയും ചേച്ചി ബിന്ദുവിനേയും കുടകില്‍ രണ്ട് വീടുകളിലായി ജോലിക്ക് ഏല്‍പിച്ചു. “പട്ടിക്ക് ചോറ് കൊടുക്കണം, തുണി അലക്കണം, പാത്രം കഴുകണം, വീട് അടിച്ച് തുടയ്ക്കണം” എന്തെല്ലാം ജോലികളാണ് ചെയ്തിരുന്നതെന്ന് ചോദിച്ചപ്പോള്‍ അഖില പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. അടിമ നിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ സസ്‌റ്റൈനബിള്‍ ഡെവലപ്‌മെന്റ് (എഫ്.എസ്.ഡി) എന്ന സംഘടനയാണ് അഖിലയെ മോചിപ്പിച്ചത്. ” കുട്ടിയെ മോചിപ്പിക്കാനായി കുടകിലെത്തിയ ഞങ്ങളെ പലതരത്തില്‍ ഉപദ്രവിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചിരുന്നു. പൊലീസിന്റെയും ഡിപ്പാര്‍ട്ട്‌മെന്റുകളുടേയും സഹായത്തോടെയാണ് മോചിപ്പിക്കല്‍ സാധ്യമായത്.” എസ്.എഫ്.ഡി യിലെ അംഗമായ ലില്ലി തോമസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
ഏഴാം ക്ലാസ്സില്‍ പഠനം നിര്‍ത്തി വീട്ടുജോലിയിലേക്ക് തള്ളി വിടപ്പെട്ട മന്യയാണ് അടിമപ്പണിയുടെ മറ്റൊരു ഇര. ഏജന്റ് വഴിയാണ് മന്യ കോഴിക്കോട് നാദാപുരത്തുള്ള അധ്യാപക ദമ്പതിമാരുടെ വീട്ടില്‍ ജോലിക്കായി എത്തിയത്. അവിടെ വീട്ടുജോലികള്‍ക്കുപുറമെ കൈക്കുഞ്ഞിനെ നോക്കേണ്ട ചുമതലയും പതിനാലുകാരിയായ മന്യയ്ക്കായിരുന്നു. ” കുഞ്ഞിനെ ഉറക്കിയിട്ടായിരുന്നു ഞാന്‍ മറ്റ് ജോലികളൊക്കെ ചെയ്തിരുന്നത്. അവിടത്തെ മുതലാളിമാര് അധ്യാപകരാണ്. അവരുടെ മക്കളൊക്കെ സ്‌കൂളില്‍ പോകുന്നത് കാണുമ്പോള്‍ എനിക്ക് സങ്കടം വരും. എനിക്ക് പഠിക്കാന്‍ പോകണമെന്ന് ഞാന്‍ ഇടയ്ക്ക് പറയാറുണ്ടായിരുന്നു” മന്യ പറയുന്നു. അധ്യാപക ദമ്പതികള്‍ത്തന്നെയാണ് മന്യയെ വീട്ടുജോലിക്ക് നിയമിച്ചതെന്നും നിര്‍ബന്ധിത സ്‌കൂള്‍ വിദ്യാഭ്യാസ പദ്ധതികള്‍ നിലനില്‍ക്കുന്ന കേരളത്തില്‍ ഏഴാം ക്ലാസ്സില്‍ പഠനം നിര്‍ത്തേണ്ടിവന്ന ഒരു പെണ്‍കുട്ടിയുടെ തുടര്‍ വിദ്യാഭ്യാസ സാധ്യത അധ്യാപകര്‍ തള്ളിക്കളഞ്ഞു എന്നതും വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
വീട്ടിലെ രൂക്ഷമായ ദാരിദ്ര്യവും പ്രാരാബ്ദവും കാരണമാണ് മന്യ വീട്ടുജോലിക്ക് പോയത്. അച്ഛനേയും അമ്മയേയും സഹോദരങ്ങളേയും നോക്കാനാണ് കോഴിക്കോടേക്ക് പോയതെന്ന് മന്യയും പറയുന്നുണ്ട്.
വയനാട്ടിലെ ആദിവാസി ഊരുകളില്‍നിന്ന് ഇത്തരത്തില്‍ പെണ്‍കുട്ടികളെ ചുരുങ്ങിയ പണത്തിന് വില്‍പനയിലേക്ക് വെക്കാന്‍ വലിയ രീതിയിലുള്ള ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. “ഞങ്ങളുടെ വീടുകളിലൂടെ ജോലി വേണോ എന്നും ചോദിച്ച് പുറത്തുനിന്നും സ്ത്രീകളൊക്കെ വരാറുണ്ട്. ഞങ്ങള് പക്ഷേ ആരേം അയക്കാറില്ല” കാട്ടിക്കുളത്തെ കോളനിയിലെ വീട്ടമ്മ പറയുന്നു. ഇത്തരത്തില്‍ വയനാട്ടിലെ കോളനികളിലൂടെ ഇടനിലക്കാര്‍ കയറി ഇറങ്ങുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം
പതിനഞ്ച് വര്‍ഷം അത്ര ചുരുങ്ങിയ കാലമൊന്നുമല്ല. നീണ്ട പതിനഞ്ച് വര്‍ഷത്തെ അടിമ ജീവിതത്തില്‍ നിന്ന് മോചനം നേടിയ ശാന്തയ്ക്ക് അത് ഒട്ടും ചുരുങ്ങിയതല്ല. തിരുനെല്ലിയിലെ എരുവേക്കി കോളനിയില്‍ നിന്ന്. വളരെ ചെറിയ പ്രായത്തില്‍ കേരള-കര്‍ണാടക അതിര്‍ത്തിയിലെ പൊന്നംപേട്ടില്‍ ഒരു ജന്മികുടുംബത്തില്‍ വീട്ടുജോലിക്കെത്തിയ ശാന്ത പിന്നീട് പതിനഞ്ച് വര്‍ഷക്കാലം പുറംലോകം കണ്ടിട്ടില്ല. പതിനഞ്ച് എന്ന കണക്ക് തന്നെ ശാന്തയുടെ കണക്കുകൂട്ടലാണ്. ശാന്തയുടെ പ്രായം കണക്കിലെടുത്താല്‍ ചുരുങ്ങിയത് ഇരുപത് വര്‍ഷമെങ്കിലും ശാന്ത അടിമയായി കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് ശാന്തയെ മോചിപ്പിക്കാന്‍ മുന്‍കൈ എടുത്ത സംഘത്തിന്റെ കണക്കുകൂട്ടല്‍.
വയനാട്- കണ്ണൂര്‍ ജില്ലകളില്‍ നിന്നായി ഇതുവരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അടക്കം പതിനഞ്ച് പേരെ മോചിപ്പിച്ചെന്ന് ഫൗണ്ടേഷന്‍ ഫോര്‍ സസ്റ്റൈനബിള്‍ ഡെവലപ്മെന്റിന്റെ സംസ്ഥാന പ്രൊജക്ട് കോര്‍ഡിനേറ്റര്‍ സികെ ദിനേശന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. “ഇത് കൊണ്ട് എണ്ണം അവസാനിച്ചിട്ടില്ല. ഐഡന്റിഫൈ ചെയ്തതും ഇതുവരെ കണ്ട് പിടിക്കാന്‍ കഴിയാത്തതുമായ ധാരാളം ഇരകള്‍ ഇനിയുമുണ്ട്. എണ്ണവും വിവരങ്ങളും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിക്കുന്നതുമാണ്. എന്നാല്‍ കേരളത്തില്‍ അടിമകളില്ല എന്ന ഏകപക്ഷീയമായ അഭിപ്രായമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുള്ളത്. അടിമ നിവാരണത്തിന് ഏറ്റവും തടസമായി നില്‍ക്കുന്നത് ഇത് തന്നെയാണ്” സി.കെ.ദിനേശന്‍ കൂട്ടിച്ചേര്‍ക്കുന്നു.