ബൊമ്മി ഒരു ഉത്തമ ഇന്ത്യന്‍ ഭാര്യ മാത്രമാണ്
Movie Day
ബൊമ്മി ഒരു ഉത്തമ ഇന്ത്യന്‍ ഭാര്യ മാത്രമാണ്
മഞ്ജുഷ തോട്ടുങ്ങല്‍
Monday, 30th November 2020, 1:52 pm

ആദ്യമേ പറയട്ടെ ഇതൊരു സിനിമ നിരൂപണമല്ല. സുധ കൊങ്കരയുടെ ‘സുരരൈ പോട്ര്’ സിനിമയിലെ അപര്‍ണ ബാലമുരളിയുടെ ബൊമ്മിയെ കുറിച്ചാണ് ഈ എഴുത്ത്.

അടുത്ത കാലത്ത് വന്‍തോതില്‍ പ്രേക്ഷക പ്രീതി നേടിയ കഥാപാത്രമാണ് ബൊമ്മി എന്ന സുന്ദരി. തന്റേതായ അഭിപ്രായങ്ങളും സ്വപ്നങ്ങളുമുള്ള, സ്വന്തം കാലില്‍ നില്‍ക്കുന്ന ബൊമ്മി ഒരുപാട് നിരൂപക പ്രശംസ നേടുകയും, ധാരാളം സ്ത്രീപക്ഷ വായനകള്‍ ബൊമ്മിയെ കേന്ദ്രീകരിച്ചുണ്ടാവുകയും ചെയ്തു. അതവിടെ നില്‍ക്കട്ടെ. നമുക്കിനി കാര്യത്തിലേക്ക് കടക്കാം.

ആത്യന്തികമായി സിനിമ മാരന്റെ കഥയാണ്. വിചിത്രവും വെല്ലുവിളി നിറഞ്ഞതുമായ അയാളുടെ ഒരു സ്വപ്നവും അത് നേടിയെടുക്കാന്‍ പെടുന്ന കഷ്ടപ്പാടുകളുമാണ് ആകെ മൊത്തം കഥ എന്ന് പറയാം. എന്നാല്‍ നമുക്ക് ഒന്ന് മാറി ചിന്തിച്ചാലോ. അതായത് മാരന്റെയും ബൊമ്മിയുടെയും സ്വപ്നങ്ങളെ ഒന്ന് വച്ച് മാറിയാലോ.

ബേക്കറി സ്വപ്നം മാരന്റെയും ഡെക്കാന്‍ എയര്‍ എന്ന സ്വപ്നം ബൊമ്മിയുടെയും ആണെന്ന് കരുതുക. ഇനി പറയൂ. തന്റെ സ്വപ്നത്തിനു വേണ്ടി കുടുംബത്തെയും ഭര്‍ത്താവിനെയും വേണ്ട വണ്ണം ശ്രദ്ധിക്കാനാകാതെ വരുന്ന ബൊമ്മിയെ എത്ര പേര്‍ അനുകൂലിക്കും? ഒരു കുഞ്ഞുണ്ടായാല്‍ അത് തന്റെ സ്വപ്ന സാക്ഷാത്കാരത്തിന് തടസ്സമായെങ്കിലോ എന്ന് ചിന്തിക്കുന്ന ബൊമ്മിയെ എത്ര പേര്‍ വാഴ്ത്തിപ്പാടും? ഇനി അഥവാ കുഞ്ഞുണ്ടായാല്‍ തന്നെ അതിനെ പരിചരിക്കാനാവാതെ വരുന്ന ബൊമ്മിയെ എത്ര പേര്‍ കൊട്ടിഘോഷിക്കും?

ഉടനെ കേള്‍ക്കാം. ഇന്ത്യന്‍ സംസ്‌കാരം മറന്ന മാതൃത്വത്തിന്റെ മഹത്വം മറന്ന വെറും സ്വാര്‍ത്ഥയാണ് ബൊമ്മി എന്ന മുറവിളി. ബൊമ്മി ആത്യന്തികമായി ഒരു ആവര്‍ത്തനം മാത്രമാണ്. കാലാകാലങ്ങളായി പുരുഷകേന്ദ്രീകൃത സമൂഹം സൃഷ്ടിച്ചു വച്ച ഉത്തമ ഭാര്യ സങ്കല്‍പ്പത്തിന്റെ ഊട്ടിയുറപ്പിക്കല്‍. ഭര്‍ത്താവിന്റെ സ്വപ്നങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന, അയാള്‍ തകരുമ്പോള്‍ താങ്ങാവുന്ന, കുടുംബം പുലര്‍ത്തുന്ന, ദ സോ കോള്‍ഡ് ഇന്ത്യന്‍ വൈഫ്!.

സിനിമ ഇറങ്ങിയത് മുതല്‍ കേള്‍ക്കുന്ന കാര്യമാണ് ഏതൊരു മധ്യവര്‍ഗ പുരുഷന്റെയും സ്വപ്നമാണ് ബൊമ്മിയെ പോലെ സപ്പോര്‍ട്ടീവ് ആയ ജീവിത പങ്കാളി എന്ന്. അതങ്ങനെ പുരുഷന്റെ ജീവിത പങ്കാളി സങ്കല്‍പ്പങ്ങളുടെ ഗ്ലോറിഫിക്കേഷന്‍ മാത്രമാകുന്നിടത്താണ് പ്രശ്‌നം.

സുരരൈ പോട്ര് പല യഥാര്‍ത്ഥ സംഭവങ്ങളെയും പുനരാവിഷ്‌ക്കരിച്ചതാണെന്ന് അറിയാം. അതുകൊണ്ട് തന്നെ ബൊമ്മിയെ നമുക്ക് വിമര്‍ശിക്കാനൊക്കില്ല. പക്ഷെ ബൊമ്മിയെ ആഘോഷമാക്കുന്ന ഒരു വലിയ സമൂഹമില്ലേ. അവരുടെ ഉദ്ദേശ ശുദ്ധിയില്‍ എനിക്ക് സംശയമുണ്ട്. ഇഷ്ട്ടപ്പെട്ട കോഴ്‌സ് പഠിക്കണമെന്ന് പറയുന്ന പെണ്‍കുട്ടികളോട്, ‘അപ്പൊ എനിക്കൊരു കപ്പ് ചായ ഇട്ട് തരാന്‍ നീ ഉണ്ടാകില്ലേ’ എന്ന് ചോദിക്കുന്ന ആണുങ്ങളിപ്പോഴുമുണ്ട്. അവരുടെ ഇടയിലേക്കാണ് സഹനത്തിന്റെയും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതിരൂപമായി വീണ്ടുമൊരു ബൊമ്മി. ആടിനെ പട്ടിയാക്കുന്ന ടീംസ് ആണേയ്. അതുകൊണ്ട് ചിന്തിച്ചു പോയെന്ന് മാത്രം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Soorarai Pottru – Bommi – Aparna Balamurali –  Suriya