| Monday, 9th May 2022, 11:19 pm

പുറത്തേക്കോ അകത്തേക്കോ; ദല്‍ഹിയിലെത്തി ബൊമ്മെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടായേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ മമുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ന്യൂദല്‍ഹി സന്ദര്‍ശനം ചര്‍ച്ചയാകുന്നു. മന്ത്രിസഭ വിപുലീകരണമോ പുനഃസംഘടനയോ നടന്നേക്കാമെന്ന ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ബൊമ്മെയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

ദല്‍ഹിയില്‍ എത്തുന്ന ബൊമ്മെ ബി.ജെ.പി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കര്‍ണാടകയില്‍ എത്തിയതിന് പിന്നാലെയാണ് ബസവരാജ ബൊമ്മെയെ മാറ്റും എന്ന വാര്‍ത്തകള്‍ വന്നത്. കര്‍ണാടകയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വിവാദങ്ങള്‍ 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന കാര്യത്തില്‍ ബി.ജെ.പിക്ക് ഭയമുണ്ട്. സംസ്ഥാന നേതൃത്വങ്ങളില്‍ മൊത്തത്തിലുള്ള മാറ്റങ്ങള്‍ നടപ്പാക്കാനുള്ള ധൈര്യവും കരുത്തും ബി.ജെ.പി നേതൃത്വത്തിനുണ്ടെന്ന് ദല്‍ഹിയിലെയും ഗുജറാത്തിലെയും പ്രാദേശിക തെരഞ്ഞെടുപ്പുകളെ ഉദ്ധരിച്ച് പാര്‍ട്ടി ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷ് പറഞ്ഞിരുന്നു.

”ഇത് എല്ലായിടത്തും സംഭവിക്കുമെന്ന് ഞാന്‍ പറയുന്നില്ല, എന്നാല്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത തീരുമാനങ്ങള്‍ എടുക്കാന്‍ ബിജെപിക്ക് കഴിയും. പാര്‍ട്ടിയിലുള്ള ആത്മവിശ്വാസവും ഇച്ഛാശക്തിയും കൊണ്ടാണ് ഈ തീരുമാനങ്ങള്‍ സാധ്യമായത്, ഗുജറാത്തില്‍. മുഖ്യമന്ത്രിയെ മാറ്റി, മന്ത്രിസഭയെ മുഴുവന്‍ മാറ്റി, പുതുമ പകരുക എന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്തത്, പരാതികള്‍ കൊണ്ടല്ല,’ സന്തോഷ് പറഞ്ഞു.

രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ‘രണ്ടാം തവണയും അധികാരത്തിലെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. രണ്ടാം തവണയും തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന്റെ വെല്ലുവിളി ഇവിടെയുള്ളവര്‍ക്ക് അറിയാം. ഭരണവിരുദ്ധത കൂടുതല്‍ ശക്തമാകുന്നു,’ സന്തോഷ് കൂട്ടിച്ചേര്‍ത്തു.

ഇതിന് പിന്നാലെയാണ് കര്‍ണാടകയില്‍ മാറ്റം ഉണ്ടായേക്കാമെന്ന ചര്‍ച്ചകള്‍ വന്നത്. യെദിയൂരപ്പയെ മാറ്റിക്കൊണ്ടാണ് ബി.ജെ.പി ബസവരാജയെ മുഖ്യമന്ത്രിയാക്കിയത്.
ഏറെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും നേതൃത്വം ഉറച്ച തീരുമാനം എടുക്കുകയായിരുന്നു.

Content Highlights: Bommai’s Delhi visit sparks speculation about expansion or rejig of K’taka cabinet

We use cookies to give you the best possible experience. Learn more