ബെംഗളൂരു: പുതുതായി ചുമതലയേറ്റ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ മന്ത്രിസഭയില്‍ ഇടപെടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ.
ബസവയ്ക്ക് ആരെ വേണമെങ്കിലും മന്ത്രിയാക്കാമെന്നും അത്തരം കാര്യങ്ങളില്‍ താന്‍ ഇടപെടില്ലെന്നും യെദിയൂരപ്പ പറഞ്ഞു. പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് ആരെ വേണമെങ്കിലും മന്ത്രിയാക്കാന്‍ ബസവയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ താന്‍ ഒരുതരത്തിലുമുള്ള അഭിപ്രായവും പറയില്ലെന്നും യെദിയൂരപ്പ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
കര്‍ണാടകയിലെ ബി.ജെ.പി. എം.എല്‍.എമാരുടെ യോഗത്തിലാണ് കഴിഞ്ഞദിവസം 61 കാരനായ ബസവരാജയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി ബസവരാജ യെദിയൂരപ്പയെ കണ്ടിരുന്നു.
യെദിയൂരപ്പയുടെ അടുത്ത അനുയായിയായ ബസവരാജ് ലിംഗായത്ത് സമുദായത്തില്‍പ്പെട്ടയാളാണ്. ഇദ്ദേഹത്തിന്റെ പിതാവ് എസ്. ആര്‍. ബൊമ്മൈയും കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു.
ടാറ്റാ ഗ്രൂപ്പിലെ എഞ്ചിനീയറായിരുന്ന ബസവരാജ് 2008 ലാണ് ബി.ജെ.പിയിലെത്തുന്നത്. ഷിഗോണ്‍ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എം.എല്‍.എയായും രണ്ട് തവണ എം.എല്‍.സിയായും തെരഞ്ഞെടുക്കപ്പെട്ടു.
ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കര്‍ണാടക മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് യെദിയൂരപ്പ രാജിവെച്ചത്.
ഇത് നാലാം തവണയാണ് കാലാവധി പൂര്‍ത്തിയാക്കാനാകാതെ യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കുന്നത്. 78 പിന്നിട്ട യെദിയൂരപ്പയെ മുന്‍നിര്‍ത്തി അടുത്ത തെരഞ്ഞെടുപ്പ് നേരിടാനാകില്ലെന്നാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.