കോഴിക്കോട്: കോഴിക്കോട് കായണ്ണയില്‍ പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറ് ഉണ്ടായെന്ന് റിപ്പോര്‍ട്ട്. മുസ്‌ലിം ലീഗ് അംഗം പി.സി ബഷീറിന്റെ വീടിന് നേരെയാണ് പുലര്‍ച്ചെ ആക്രമണമുണ്ടായത്.
സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കായണ്ണ ടൗണില്‍ ഇന്ന് ഉച്ചവരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഹര്‍ത്താല്‍ ആചരിക്കുക. നേരത്തെ സംഘര്‍ഷാവസ്ഥയും പ്രാദേശിക തര്‍ക്കങ്ങളും നിലനിന്നിരുന്ന പ്രദേശമാണിത്.
ഇന്ന് പുലര്‍ച്ചെ 2.45ഓടെ ബഷീറിന്റെ വീടിന് നേരെ നാടന്‍ ബോംബ് എറിയുകയായിരുന്നു. മൂന്ന് ബോംബുകളാണ് ഈ വീടിന് നേരെ എറിഞ്ഞതെന്നും അതില്‍ ഒരെണ്ണം മാത്രമാണ് പൊട്ടിയതെന്നും റിപ്പോര്‍ട്ടുണ്ട്.
സ്‌ഫോടനത്തില്‍ വീടിന്റെ ജനല്‍ച്ചിലുകള്‍ തകരുകയും ഭിത്തിയില്‍ വിള്ളല്‍ വീഴുകയും ചെയ്തിട്ടുണ്ട്. പൊട്ടാത്ത നിലയിലുള്ള രണ്ട് ബോംബുകള്‍ വീടിന് സമീപത്ത് നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് ആക്രമത്തിന് പിന്നിലെന്നതില്‍ വ്യക്തതയില്ല. ശാസ്ത്രീയ പരിശോധനകള്‍ ഉള്‍പ്പെടെ പുരോഗമിക്കുകയാണ്.
സംഭവത്തിന് പിന്നില്‍ രാഷ്ട്രീയപരമായ എന്തെങ്കിലും കാരണങ്ങളാണോ എന്നതിനെ കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്.
Content Highlights: bombs thrown to muslim league worker’s house in kayanna, kozhikkode