| Tuesday, 14th September 2021, 3:27 pm

ബി.ജെ.പി എം.പിയുടെ വീടിന് നേരെ വീണ്ടും ബോംബേറ്; പിന്നില്‍ സര്‍ക്കാരെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാള്‍ ബി.ജെ.പി എം.പി അര്‍ജുന്‍ സിംഗിന്റെ വീടിനു നേരെ വീണ്ടും ബോംബ് എറിഞ്ഞതായി ആരോപണം. നേരത്തെ എം.പിയുടെ ഭട്പാരയിലെ വീടിന് നേരെ മൂന്ന് ബോംബുകള്‍ എറിഞ്ഞതായി പരാതി ഉണ്ടായിരുന്നു. സംഭവത്തില്‍ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീണ്ടും ബോംബേറുണ്ടായതായി എം.പി പറഞ്ഞത്.

സംഭവത്തില്‍ പൊലീസ് ബോംബ് സ്‌ക്വാഡിനെ വിളിക്കുകയും സി.സി.ടി.വി ഫൂട്ടേജ് പരിശോധിക്കുകയും ചെയ്തു.

തൃണമൂല്‍ കോണ്‍ഗ്രസാണ് ബോംബ് എറിഞ്ഞതിന് പിന്നിലെന്നാണ് സിംഗിന്റെ ആരോപണം. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപണം നിഷേധിച്ചു.

രാഷ്ട്രീയ പ്രാധാന്യമുള്ള ഈ സമയത്ത് ബി.ജെ.പി തന്നെ നടത്തിയ നാടകമാണെന്നാണ് തൃണമൂലിന്റെ ആരോപണം.

സെപ്റ്റംബര്‍ 8 ന് രാവിലെ 6.30 ഓടെ ബൈക്കിലെത്തിയ മൂന്ന് പേര്‍ കൊല്‍ക്കത്തയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ബരാക്പൂര്‍ മണ്ഡലത്തിലെ ഭട്പാരയിലുള്ള എം.പിയുടെ വീടിന് നേരെ ബോംബെറിഞ്ഞിരുന്നു. ഈ സമയം നേതാവ് ദല്‍ഹിയിലായിരുന്നു, പക്ഷേ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ വീടിനുള്ളിലായിരുന്നു.

തന്നെ കൊലപ്പെടുത്താന്‍ സര്‍ക്കാര്‍ തന്നെ ആളെ വിട്ടാതാണെന്നായിരുന്നു ബോംബേറിന് പിന്നാലെ അര്‍ജുന്‍ സിംഗ് ആരോപിച്ചത്. സിംഗ് നേരത്തെ തൃണമൂലിനൊപ്പമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Bombs Thrown Again At Bengal BJP MP’s Home, Trinamool Says “Staged”

We use cookies to give you the best possible experience. Learn more