|

ഏക സിവില്‍ കോഡില്‍ നിന്ന് പൂര്‍ണമായ ഇളവ് തേടാന്‍ ബോംബെ പാഴ്‌സി പഞ്ചായത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഏക സിവില്‍ കോഡില്‍ നിന്ന് പൂര്‍ണമായ ഇളവ് തേടുകയാണെന്ന് ബോംബെ പാഴ്‌സി പഞ്ചായത്ത് (ബി.പി.പി) പ്രഖ്യാപനം. വെള്ളിയാഴ്ചയാണ് ട്രസ്റ്റി അംഗങ്ങള്‍ ഇങ്ങനെയൊരു നീക്കത്തിന് ശ്രമിക്കുന്നതായി ഒരു മെസേജ് വഴി സമുദായാംഗങ്ങളെ അറിയിച്ചത്. രാജ്യത്തേക്ക് കുടിയേറിയ പാഴ്‌സി സമുദായത്തിന്റെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുകയും പോരാടുകയും ചെയ്യുന്നൊരു ട്രസ്റ്റാണിത്.

കഴിഞ്ഞ ദിവസം വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങളെയും ക്രിസ്ത്യാനികളെയും ഏക സിവില്‍ കോഡില്‍ നിന്ന് ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയെന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് ബി.പി.പിയും ഇത്തരത്തിലൊരു നീക്കം ആരംഭിച്ചത്.

പൂജാരിമാര്‍, പണ്ഡിതന്മാര്‍, മുതിര്‍ന്ന അഭിഭാഷകര്‍, വിരമിച്ച ജഡ്ജിമാര്‍ എന്നിവരെയെല്ലാം ചേര്‍ത്ത് ഒരു ഉപദേശക സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് ഒരു ട്രസ്റ്റ് അംഗം ഫ്രീ പ്രസ് ജേണലിനോട് പറഞ്ഞു. ഏക സിവില്‍ കോഡില്‍ നിന്ന് ഒഴിവാകുന്നതിനായി നിരവധി ദിവസങ്ങളിലെ ചര്‍ച്ചകള്‍ക്ക് ശേഷം ബി.പി.പി ട്രസ്റ്റ് ഒരു കരട് നിയമാവലിയും തയ്യാറാക്കിയിട്ടുണ്ടെന്ന് ട്രസ്റ്റി അംഗമായ ക്‌സെര്‍സസ് ദസ്തൂര്‍ (Xerxes Dastur) പറഞ്ഞു.

സമുദായ സംഘടനയുടെ സവിശേഷതകള്‍ പരിഗണിച്ച് ബോംബെ പാഴ്‌സി പഞ്ചായത്തിനെ ഏക സിവില്‍ കോഡില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. സമുദായത്തിന്റെ തനത് ഐഡന്റിറ്റി, ആചാരങ്ങള്‍, ആരാധനാ രീതികള്‍ എന്നിവ സംരക്ഷിക്കാനാണ് ഇന്ത്യയിലേക്ക് ഞങ്ങള്‍ കുടിയേറിയത്. ഇതാണ് ട്രസ്റ്റിന്റെ പ്രധാനമായ ആവശ്യമെന്നും ട്രസ്റ്റി അംഗങ്ങള്‍ക്ക് ലഭിച്ച സന്ദേശത്തില്‍ പറയുന്നുണ്ട്.

സമുദായാംഗങ്ങള്‍ക്ക് എല്ലാവര്‍ക്കുമുള്ള സന്ദേശത്തില്‍ എല്ലാ ട്രസ്റ്റി അംഗങ്ങളും ഒപ്പുവെച്ചിട്ടുമുണ്ട്. ചെയര്‍പേഴ്സണ്‍ അര്‍മൈറ്റി ടിറാന്‍ഡാസും സഹ ട്രസ്റ്റിമാരായ അനഹിത ദേശായി, മഹാരുഖ് നോബിള്‍, ആദില്‍ മാലിയ, വിരാഫ് മേത്ത, സെര്‍ക്സസ് ദസ്തൂര്‍, ഹോഷാങ് ജല്‍ എന്നിവരാണ് ഒപ്പുവെച്ചിട്ടുള്ളത്. സമയപരിധിക്ക് മുമ്പ് സര്‍ക്കാരിന് ഔപചാരികമായ മറുപടി നല്‍കുമെന്നും സന്ദേശത്തില്‍ പറയുന്നു.

എന്നാല്‍ ഈ മെസേജ് മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെ വ്യത്യസ്തമായ നിലപാടാണ് അവര്‍ മാധ്യമങ്ങളെ അറിയിച്ചത്. ഏക സിവില്‍ കോഡ് സമുദായത്തിന് ഏല്‍പ്പിക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചാണ് ബി.പി.പി ട്രസ്റ്റ് കോര്‍ കമ്മിറ്റി വിലയിരുത്തിയതെന്നും, 1300 വര്‍ഷങ്ങള്‍ക്ക് മുമ്പ് പേര്‍ഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ചെറിയൊരു സമുദായത്തിന്റെ ആചാരങ്ങളും പൂജാവിധികളും സംസ്‌കാരവും തനതായ പാരമ്പര്യവും സംരക്ഷിക്കാനുമാണ് ട്രസ്റ്റ് ഉദ്ദേശിക്കുന്നത്.

സിവില്‍ കോഡിനെക്കുറിച്ചുള്ള അന്തിമഘട്ട തീരുമാനങ്ങള്‍ ഉടനെ എടുക്കുമെന്നും നിശ്ചിത സമയത്തിനകം നിയമ കമ്മീഷനെ വിവരം ധരിപ്പിക്കുമെന്നും അംഗങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരിന്റെ പരമാധികാരത്തെ മാനിക്കുകയും സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക സവിശേഷതകള്‍ അംഗീകരിക്കുന്നുണ്ടെന്നും ബി.പി.പി ഭാരവാഹികള്‍ വ്യക്തമാക്കി.

Content Highlights: Bombay Parsi Punchayet wants Total Exemption From UCC