ന്യൂദല്‍ഹി: ജസ്റ്റിസ് ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്ന ആവശ്യവുമായി ബോംബേ ലോയേഴ്‌സ് അസോസിയേഷന്‍. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യമില്ലെന്നുമുള്ള ഏപ്രീല്‍ 19ലെ കോടതി വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
കോടതിയുടെ വിധി പൂര്‍ണമായും നീതി നടപ്പാക്കുന്നില്ലെന്നും അതിനാല്‍ ഈ വിധി പുന:പരിശോധിക്കുകയും പിന്‍വലിക്കുകയും വേണമെന്ന് റിവ്യൂ പെറ്റീഷനില്‍ പറയുന്നു. ഇത് ജുഡീഷ്യറിയെ ആക്രമിക്കാനോ ജൂഡീഷ്യറിയിലുള്ള വിശ്വാസം കളങ്കപ്പെടുത്താനോ ഉള്ള ശ്രമമല്ലെന്നും പെറ്റീഷനില്‍ പറയുന്നു.
ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും ബോംബെ ലോയേഴ്‌സ് അസോസിയേഷന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് ഏപ്രീല്‍ 19ന് ഹരജി തള്ളുകയായിരുന്നു. പൊതുതാല്‍പര്യ ഹര്‍ജികള്‍ ഗൂഢാലോചന നിറഞ്ഞതും സ്ഥാപിത താല്‍പര്യങ്ങളുടെ പുറത്തുള്ളതും കോടതിയലക്ഷ്യവും ആണ് എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു. ഹര്‍ജിയുടെ ലക്ഷ്യം ജുഡീഷ്യറിയെ താറടിച്ച് കാണിക്കല്‍ ആണെന്നും സുപ്രീംകോടതി ബഞ്ച് അഭിപ്രായപ്പെട്ടു.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവേയാണ് 2014 ഡിസംബര്‍ ഒന്നിന് ജഡ്ജി ലോയ മരിച്ചത്. അമിത് ഷാ കോടതിയില്‍ ഹാജരാകേണ്ടിയിരുന്ന ദിവസത്തിന് തൊട്ടുമുമ്പായിരുന്നു സംഭവം.
ലോയയുടെ പിതാവും സഹോദരി അനുരാധ ബിയാനിയും അടക്കമുള്ളവര്‍ കാരവാന്‍ മാഗസിനോട് നടത്തിയ വെളിപ്പെടുത്തലുകളാണ് ലോയയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവന്നത്.
Watch DoolNews: