നിര്‍ബന്ധിത പ്രസവം നടത്തിയാലും കുഞ്ഞ് ജീവനോടെ ജനിക്കും; പതിനഞ്ചുകാരിക്ക് ഗര്‍ഭഛിദ്രത്തിനുള്ള അനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി
national news
നിര്‍ബന്ധിത പ്രസവം നടത്തിയാലും കുഞ്ഞ് ജീവനോടെ ജനിക്കും; പതിനഞ്ചുകാരിക്ക് ഗര്‍ഭഛിദ്രത്തിനുള്ള അനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th June 2023, 7:01 pm

മുംബൈ: ബലാത്സംഗത്തിന് ഇരയായ 15 കാരിക്ക് ഗര്‍ഭഛിദ്രത്തിനുള്ള അനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി. പെണ്‍കുട്ടിക്ക് 28 ആഴ്ചയായതിനാല്‍ ഈ ഘട്ടത്തില്‍ നിര്‍ബന്ധിത പ്രസവം നടത്തിയാലും കുഞ്ഞ് ജീവനോടെ ജനിക്കുമെന്ന ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഔറംഗാബാദ് ബെഞ്ചിന്റെ വിധി. ജസ്റ്റിസ് ആര്‍.വി ഘുജേ, ജസ്റ്റിസ് വൈ.ജി. ഖോബ്രഗഡെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

നിര്‍ബന്ധിത പ്രസവത്തിലൂടെ ഒരു കുഞ്ഞ് ജീവനോടെ ജനിക്കുമെങ്കില്‍ കുഞ്ഞിന്റെ ഭാവി മുന്നില്‍ കണ്ട് സമയം പൂര്‍ത്തീകരിച്ചതിന് ശേഷം പ്രസവിക്കാന്‍ അനുവദിക്കണമെന്ന് ബെഞ്ച് ഉത്തരവില്‍ പറയുന്നു.

28 ആഴ്ചയായ മകളെ ഗര്‍ഭഛിദ്രത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിധി. ഈ വര്‍ഷം ഫെബ്രുവരി ആദ്യത്തില്‍ മകളെ കാണാതായെന്നും പിന്നീട് മൂന്ന് മാസത്തിന് ശേഷം രാജസ്ഥാനില്‍ നിന്നും ഒരാളോടൊപ്പം മകളെ പൊലീസ് കണ്ടെത്തുകയായിരുന്നെന്നും ഹരജിയില്‍ പറയുന്നു. പോക്‌സോ ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഗര്‍ഭധാരണം അവസാനിപ്പിച്ചാല്‍ പോലും കുഞ്ഞ് ജീവനോടെ ജനിക്കുമെന്നും കുഞ്ഞിനെ പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വരുമെന്നും പെണ്‍കുട്ടിയെ പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞു. പെണ്‍കുട്ടിക്കും ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

നിര്‍ബന്ധിത പ്രസവത്തിലൂടെയോ സ്വാഭാവിക പ്രസവത്തിലൂടെയോ കുഞ്ഞ് ജനിക്കുമെന്ന് കോടതി നിരീക്ഷിച്ചു. നിര്‍ബന്ധിത പ്രസവം നടത്തുകയാണെങ്കില്‍ പൂര്‍ണ വളര്‍ച്ചയെത്താത്ത കുഞ്ഞ് ജനിക്കുമെന്നും ഇത് ചില വൈകല്യങ്ങള്‍ക്ക് കാരണമാകുമെന്നും കോടതി പറഞ്ഞു. രണ്ട് സാഹചര്യത്തിലായാലും കുഞ്ഞ് ജനിക്കുമെന്നും സ്വാഭാവിക പ്രസവത്തിന് 12 ആഴ്ചകള്‍മാത്രമുള്ളതിനാല്‍ കുഞ്ഞിന്റെ ശാരീര മാനസിക വളര്‍ച്ച പരിഗണിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

‘നിര്‍ബന്ധിത പ്രസവത്തിലൂടെ കുഞ്ഞ് ജനിക്കുന്നതിനേക്കാള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം 12 ആഴ്ച പൂര്‍ത്തീകരിച്ചതിന് ശേഷം കുഞ്ഞിനെ ജനിക്കാന്‍ അനുവദിക്കാന്‍ നിര്‍ദേശിക്കുന്നു. പ്രസവാനന്തരം പെണ്‍കുട്ടിക്ക് കുഞ്ഞിനെ ദത്ത് നല്‍കണമെന്നാനുള്ള അവകാശമുണ്ട്. കുഞ്ഞിനെ വളര്‍ത്തണോയെന്ന കാര്യത്തില്‍ പെണ്‍കുട്ടിക്ക് തീരുമാനമെടുക്കാം,’ കോടതി പറഞ്ഞു.

കുഞ്ഞ് പൂര്‍ണവളര്‍ച്ചയെത്തി സ്വാഭാവികമായി ജനിക്കുകയാണെങ്കില്‍ വൈകല്യങ്ങള്‍ ഉണ്ടാകില്ലെന്നും ദത്തെടുക്കാനുള്ള സാധ്യത വര്‍ധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

പെണ്‍കുട്ടി പ്രസവിക്കുന്നത് വരെ ഏതെങ്കിലും ആശുപത്രിയിലോ ഷെല്‍ട്ടര്‍ ഹോമിലോ കഴിയാന്‍ അനുവദിക്കണമെന്ന് പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കായി ഔറംഗാബാദിലുള്ള സര്‍ക്കാരിന്റെ അഭയകേന്ദ്രത്തിലോ ഗര്‍ഭിണികളെ പരിചരിക്കുന്ന നാസിക്കിലെ അഭയകേന്ദ്രത്തിലോ പെണ്‍കുട്ടിക്ക് കഴിയാമെന്ന് കോടതി പറഞ്ഞു.

Content Highlight: Bombay highcpourt denied abortion for minor at 28 week