| Wednesday, 9th September 2020, 2:12 pm

കങ്കണയുടെ ഓഫീസ് പൊളിച്ചുമാറ്റേണ്ടതില്ല; കെട്ടിടം പൊളിക്കുന്നത് സ്റ്റേ ചെയ്ത് ബോംബെ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കങ്കണ റണൗത്തിന്റെ മുംബൈയിലെ ഓഫീസ് പൊളിച്ച് മാറ്റാനുള്ള തീരുമാനത്തെ സ്റ്റേ ചെയ്ത് ബോംബെ ഹൈക്കോടതി. കെട്ടിടം പൊളിച്ച് മാറ്റാനുള്ള ബി.എം.സി നടപടിക്കെതിരെ കങ്കണ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തല്‍ക്കാലം പൊളിച്ച് മാറ്റല്‍ നിര്‍ത്തിവെയ്ക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

നേരത്തേ അനധികൃത നിര്‍മാണമാണെന്ന് കാണിച്ച് തന്റെ കെട്ടിടം പൊളിച്ചുനീക്കാനുള്ള മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നടപടിക്കെതിരെ കോടതിയെ കങ്കണ സമീപിച്ചിരുന്നു.

മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടാണ് നടി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

നിയമവിരുദ്ധമായാണ് നിര്‍മാണം നടത്തിയതെന്നാരോപിച്ചാണ് കങ്കണയുടെ മുബൈയിലെ പോഷ് പലി ഹില്‍ ഏരിയയിലുള്ള മണികര്‍ണിക ഫിലിം ഓഫീസ് പൊളിച്ചുനീക്കാന്‍ ബി.എം.സി നടപടികള്‍ ആരംഭിച്ചത്.

ചൊവ്വാഴ്ചയാണ് ഓഫീസ് പൊളിച്ചുമാറ്റുകയാണെന്ന് അറിയിച്ചുകൊണ്ട് ബി.എം.സി കങ്കണയ്ക്ക് നോട്ടീസ് നല്‍കിയത്. എം.എം.എസി ആക്ടിലെ സെക്ഷന്‍ 351 പ്രകാരമാണ് ഓഫീസ് പൊളിച്ചുമാറ്റുന്നതെന്നായിരുന്നു നോട്ടീസില്‍ പറഞ്ഞത്.

24 മണിക്കൂറിനകം നോട്ടീസിന് പ്രതികരണം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുംബൈയിലെ തന്റെ ഓഫീസ് അയോധ്യയിലെ രാമക്ഷേത്രം പോലെയാണെന്നും ബാബര്‍ അത് പൊളിച്ചു മാറ്റാന്‍ എത്തിയിരിക്കുകയാണെന്നുമായിരുന്നു കങ്കണ റണൗത്ത് ഇതില്‍ പ്രതികരിച്ചത്.

എന്നാല്‍ ഓഫീസ് പൊളിച്ചുമാറ്റുന്നത് സര്‍ക്കാരിന്റെ പ്രതികാര നടപടിയൊന്നുമല്ലെന്നും അനധികൃതമായ നിര്‍മാണമായതുകൊണ്ട് മാത്രമാണ് ഇത്തരമൊരു കാര്യത്തിലേക്ക് കടന്നതെന്നുമാണ് ബി.എം.സി നല്‍കുന്ന വിശദീകരണം.


content highlights: bombay highcourt stays demolitition of kanganas office

We use cookies to give you the best possible experience. Learn more