| Wednesday, 20th June 2018, 4:45 pm

മലേഷ്യയില്‍ ഒളിവില്‍ പാര്‍ത്ത്‌കൊണ്ട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ സാകിര്‍ നായിക്കിന് കഴിയില്ല; സാകിര്‍ നായികിന്റെ ഹരജി മുംബൈ ഹൈക്കോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പാസ്‌പോര്‍ട്ട് റദ്ദാക്കിയത് പുനപരിശോധിക്കണമെന്നും തനിക്കെതിരായ അന്വേഷണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റിനോടും എന്‍.ഐ.എയോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ട് സാകിര്‍ നായിക് നല്‍കിയ ഹരജി മുംബൈ ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ ആര്‍.എം സാവന്ത്, രേവതി മൊഹിത് ദെരെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.

അന്വേഷണവുമായി സാകിര്‍ നായിക് സഹകരിച്ചില്ലെന്ന് കോടതി പറഞ്ഞു. മലേഷ്യയില്‍ ഒളിവില്‍ പാര്‍ത്ത് കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാകിര്‍ നായിക്കിന് കഴിയില്ല. പരാതിക്കാരന്റെ അഭാവത്തില്‍ കോടതിക്ക് ഇത്തരം പരാതികള്‍ എങ്ങിനെയാണ് പരിഗണിക്കുകയെന്നും കോടതി ചോദിച്ചു.

സാകിര്‍ നായിക്കിനെതിരെ യു.എ.പി.എ, ഐ.പി.സി 153 (എ) വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് സാകിര്‍ നായിക്കിനെതിരെ ചുമത്തിയിട്ടുള്ളത്. മലേഷ്യയില്‍ നിന്ന് അദ്ദേഹത്തെ നാടുകടത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹരജിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് സാവന്ത് പറഞ്ഞു.

പാസ്‌പോര്‍ട്ട് റദ്ദാക്കിയത് സംബന്ധിച്ച് കോടതിയ്ക്ക് ഇടപെടാന്‍ കഴിയില്ലെന്നും പ്രത്യേകം വേറെ പരാതി നല്‍കണമെന്നും കോടതി പറഞ്ഞു.

ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.

We use cookies to give you the best possible experience. Learn more