മുംബൈ: ബി.ജെ.പി നേതാവും കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ മുംബൈയിലെ ജുഹുവിലെ വസതിയുടെ ഭാഗമായുള്ള നിയമവിരുദ്ധ നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി.
ജുഹുവിലെ എട്ട് നില ബംഗ്ലാവിലെ അനധികൃത നിര്‍മാണങ്ങള്‍ റെഗുലറൈസ് ചെയ്യുന്നതിനുള്ള തന്റെ രണ്ടാമത്തെ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാന്‍ ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന് (ബി.എം.സി) (Brihanmumbai Municipal Corporation) നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നാരായണ്‍ റാണെയുടെ ഉടമസ്ഥതയിലുള്ള കമ്പനി സമര്‍പ്പിച്ച ഹരജി ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച തള്ളുകയായിരുന്നു.
നാരായണ്‍ റാണെയുടെ രണ്ടാമത്തെ അപേക്ഷ പരിഗണിക്കാന്‍ ബി.എം.സിയോട് നിര്‍ദേശിക്കുന്നത് മൊത്ത അനധികൃത നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസുമാരായ രമേഷ് ഡി. ധനുക (Ramesh D. Dhanuka), കമല്‍ ആര്‍ ഖാട (Kamal R. Khata) എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.
വസതിയുടെ അനധികൃത ഭാഗങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൊളിച്ച ശേഷം ഒരാഴ്ചയ്ക്കകം അതിന്റെ കംപ്ലയിന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുനിസിപ്പല്‍ കോര്‍പറേഷനോട് കോടതി നിര്‍ദേശിച്ചു.
1000 രൂപ ചെലവും ചുമത്തി. റാണെയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ 10 ലക്ഷം രൂപ അടയ്ക്കുകയും അത് രണ്ടാഴ്ചയ്ക്കകം മഹാരാഷ്ട്ര സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ നിക്ഷേപിക്കുകയും വേണം. സുപ്രീം കോടതിയെ സമീപിക്കാന്‍ ആറാഴ്ചത്തേക്ക് തല്‍സ്ഥിതി തുടരണമെന്ന റാണെയുടെ ആവശ്യം കോടതി നിരസിച്ചു.
”അനുവദനീയമായ പരിധിയുടെ മൂന്നിരട്ടിയാണ് അവര്‍ നിര്‍മിച്ചിരിക്കുന്നതെന്ന് സമ്മതിച്ചിട്ടുണ്ട്. അതും സി.ആര്‍.സെഡ് (Coastal Regulation Zonse) അനുമതിയില്ലാതെ,” റാണെയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.