| Wednesday, 21st October 2020, 8:37 pm

അന്വേഷണ ഉദ്യോഗസ്ഥനും വക്കീലും ജഡ്ജിയും നിങ്ങളാകുമെങ്കില്‍ ഞങ്ങളെന്തിനാണ് ഇവിടെ ഇരിക്കുന്നത്? റിപ്പബ്ലിക് ടി.വിയോട് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മാധ്യമവിചാരണയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബോംബെ ഹൈക്കോടതി. സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ഇടപെടലിനെതിരായ ഹരജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം.

‘നിങ്ങള്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥനും വക്കീലും ജഡ്ജിയുമാകുകയാണെങ്കില്‍ ഞങ്ങളെന്തിനാണ് ഇവിടെ ഇരിക്കുന്നത്’, ചീഫ് ജസ്റ്റിസ് ദിനകര്‍ ദത്തയും ജസ്റ്റിസ് ജി,എസ് കുല്‍ക്കര്‍ണിയും അടങ്ങിയ ബെഞ്ച് റിപ്പബ്ലിക് ടി.വിയുടെ അഭിഭാഷകയായ മാളവിക ത്രിവേദിയോട് ചോദിച്ചു.

സുശാന്ത് കേസന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നതിന് വേണ്ടി റിപ്പബ്ലിക് ടി.വി അന്വേഷണാത്മക പത്രപ്രവര്‍ത്തനമാണ് നടത്തിയതെന്ന് ദ്വിവേദിയുടെ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു കോടതിയുടെ പ്രതികരണം.

ഒരു കേസില്‍ ആരെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് പൊതുജനങ്ങളോട് അഭിപ്രായം ചോദിക്കുന്നതാണോ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനമെന്ന് കോടതി ചോദിച്ചു.

നരഹത്യയാണോ, ആത്മഹത്യാണോ എന്നറിയുന്നതിന് മുന്‍പ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസില്‍ ഒരു ചാനല്‍ കയറി കൊലപാതകമാണെന്ന് പറയുന്നതാണോ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനമെന്നും ബെഞ്ച് റിപബ്ലിക്ക് ടി.വിയുടെ അഭിഭാഷകയോട് ചോദിച്ചു.

നേരത്തെ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിന് ശേഷം ബോളിവുഡിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച പശ്ചാത്തലത്തില്‍ ബോളിവുഡ് സംവിധായകരടക്കമുള്ളവര്‍ റിപബ്ലിക്ക് ടിവിക്കെതിരെ രംഗത്തെത്തിയിരുന്നു.

സമൂഹത്തിലെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്കെതിരെ നടത്തുന്ന മാധ്യമ വിചാരണകള്‍ ഇത്തരം ചാനലുകളില്‍ സംപ്രേഷണം ചെയ്തിരുന്നുവെന്നും ഇത് തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Bombay High Court on Republic TV Media Trial

We use cookies to give you the best possible experience. Learn more