മുംബൈ: ഗോവിന്ദ് പന്‍സാരയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരു പരിഹാസപാത്രമായി മാറിയെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച് ശേഷം കോടതി കുറ്റപ്പെടുത്തി.
അജ്ഞാതരായ രണ്ടു പേര്‍ ചേര്‍ന്ന് 2015 ഫെബ്രുവരി 16ന് കൊഹ്‌ലാപൂരില്‍ വെച്ചാണ് പന്‍സാരെയെ വെടിവെച്ചു കൊലപ്പെടുത്തിയത്. അദ്ദേഹത്തോടൊപ്പം വെടിയേറ്റ ഭാര്യ ഉമ രക്ഷപ്പെടുകയായിരുന്നു.
കേസിന്റെ മെല്ലപ്പോക്കിന് കാരണം ബോധിപ്പിക്കാന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി സുനില്‍ പൊര്‍വലിനോട് മാര്‍ച്ച് 28ന് കോടതിയില്‍ ഹാജരാവണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. “കോടതി ഇടപെട്ടതിന് ശേഷമേ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കപ്പെടു എന്ന സാഹചര്യമാണെങ്കില്‍, കോടതി മാത്രമാണ് രക്ഷാമാര്‍ഗമെങ്കില്‍, അതൊരു ദുരന്തമാണ്”- കോടതി പറഞ്ഞു.
കേസില്‍ കുറ്റാരോപിതരായിട്ടുള്ള രണ്ടു പേരുടെ ബന്ധുക്കളെ ചോദ്യം ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ കുറ്റകൃത്യം നടന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റക്കാര്‍ സംസ്ഥാനത്ത് തന്നെ ഉണ്ടായിരിക്കാന്‍ സാധ്യതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. “കുറ്റാരോപിതരെ സഹായിക്കാന്‍ നിങ്ങള്‍ കൈക്കൊള്ളുന്ന നടപടികള്‍ നിങ്ങളെ ഒരു പരിഹാസപാത്രമാക്കി മാറ്റുകയാണ്. ചില ആളുകള്‍ക്ക് കുറ്റം നടത്തിക്കഴിഞ്ഞാലും രക്ഷപ്പെടാന്‍ കഴിയുമെന്ന ധാരണ നിങ്ങള്‍ ഉണ്ടാക്കി” എന്നും കോടതി നിരീക്ഷിച്ചു.
ജനങ്ങളെ സംരക്ഷിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് കഴിയുന്നില്ലെങ്കില്‍ അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. പന്‍സാരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് നേരത്തെയും കോടതി രംഗത്തെത്തിയിരുന്നു. അന്വേഷണ ഏജന്‍സികളായ എസ്.ഐ.ടിയും സി.ബി.ഐയും വെറുതെ ഒരുപാട് സമയവും ഊര്‍ജവും കളഞ്ഞെന്നു പറഞ്ഞാണ് കോടതി രംഗത്തെത്തിയത്.