മുംബൈ: ഔറംഗാബാദ്, ഒസ്മാനാബാദ് തുടങ്ങിയ സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള മഹാരാഷ്ട്ര സര്‍ക്കാറിന്റെ തീരുമാനം ചോദ്യം ചെയ്തുള്ള രണ്ട് ഹരജികള്‍ അടിയന്തിരമായി പരിഗണിക്കാനുള്ള ആവശ്യത്തെ തള്ളി ബോംബെ ഹൈക്കോടതി. ഹരജി അടിയന്തിരമായി പരിഗണിച്ചിട്ട് ഒന്നും ചെയ്യാനില്ലെന്ന് ഹൈക്കോടതി തിങ്കളാഴ്ച പറഞ്ഞു. കേസ് പരിഗണിക്കുന്നത് ആഗസ്റ്റ് 23 ലേക്ക് മാറ്റിവെച്ചു.
ജസ്റ്റിസുമാരായ കിഷോര്‍ ശാന്ത്, പ്രസന്ന വരാളെ എന്നിവരാണ് ഔറംഗാബാദ്, ഒസ്മാനാബാദ് എന്നിവയുടെ പേര് മാറ്റാനുള്ള പൊതുതാത്പര്യ ഹരജി പരിഗണിച്ചത്. ‘ഒരു തിരക്കുമില്ല, ഈ മാസം കുറെയധികം അവധികള്‍ ഉണ്ട്, സര്‍ക്കാര്‍ ജോലി ചെയ്യുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ജോലിയുള്ള ദിവസങ്ങളില്‍ ജോലി ചെയ്യുന്നില്ല, അപ്പോള്‍ എങ്ങനെ ജോലിയില്ലാത്തപ്പോള്‍ ചെയ്യും,’ ജസ്റ്റിസ് വരാളെ പറഞ്ഞു.
ഔറംഗാബാദിന്റെ പേര് നേരത്തെ പുനര്‍നാമകരണം ചെയ്തിരുന്നു. സാംബാജി എന്നായിരുന്നു ഔറംഗാബാദിന്റെ പേര് മാറ്റിയത്. ഔറംഗാബാദ് സ്വദേശികളായ അന്നാസാഹിബ് ഘണ്ഡാരെ, രാജേഷ് , മുഹമ്മദ് മുസ്താക്ക് എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്. ഒസ്മാനാബാദ് എന്ന പേര് ധാരാശിവ് എന്ന് പുനര്‍നാമകരണം ചെയ്യാനായിരുന്നു സംസ്ഥാനത്തിന്റെ തീരുമാനം.
ഇതിനെതിരെ ഒസ്മാനാബാദിലെ 17 ആളുകള്‍ രണ്ടാമത്തെ പൊതുതാല്‍പര്യ ഹരജിയും സമര്‍പ്പിച്ചു. ജൂണ്‍ 29 ന് ചേര്‍ന്ന ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഢി സര്‍ക്കാരാണ് ഈ രണ്ട് സ്ഥലങ്ങളുടെയും പേര് മാറ്റാനുള്ള തീരുമാനമെടുത്തത്. പിന്നീട് ഉദ്ധവ് താക്കറെ രാജവെച്ചതിനെ തുടര്‍ന്ന് ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി അധികാരമേറ്റു. അതിനുശേഷം ജൂലൈ 16 ന് പേര് മാറ്റാനുള്ള തീരുമാനത്തെ ഷിന്‍ഡെ സര്‍ക്കാര്‍ അംഗീകരിച്ചു. പേര് മാറ്റാനുള്ള സര്‍ക്കാരിന്റെ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് രണ്ട് പൊതുതാത്പര്യ ഹരജികള്‍ ഫയല്‍ ചെയ്തത്. സ്ഥലങ്ങളുടെ പേര് മാറ്റുന്നത് മതപരവും സാമുദായികപരവുമായ വിദ്വേഷങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജികള്‍.
മറാത്ത- ഹിന്ദുത്വ ഐഡിയോളജി വെളിപ്പെടുത്താനുള്ള ഉദ്ധവ് താക്കറെയുടെ നീക്കമായാണ് ഈ തീരുമാനം അന്ന് വിലയിരുത്തപ്പെടുന്നത്. ഔറംഗാബാദിന്റെ പേര് സാംബാജി നഗര്‍ എന്ന് മാറ്റണമെന്നത് ഏറെ നാളായി ശിവസേനക്കുള്ളില്‍ നിന്നുയരുന്ന ആവശ്യമായിരുന്നു. മറാത്ത രാജാവായിരുന്ന ഛത്രപതി ശിവജിയുടെ മൂത്ത മകനായിരുന്നു സാംബാജി. ഔറംഗാബാദിന് ആ പേര് വന്നതിന് കാരണമായ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ഉത്തരവ് പ്രകാരം സാംബാജിയെ വധിക്കുകയായിരുന്നു. ഹൈദരാബാദിന്റെ അവസാനത്തെ ഭരണാധികാരിയായിരുന്നു മിര്‍ ഒസ്മാന്‍ അലി ഖാന്റെ ഓര്‍മക്കായായിരുന്നു ഒസ്മാനാബാദിന് ആ പേരിട്ടത്. ധാരാശിവ് എന്ന പേര് ആറാം നൂറ്റാണ്ടില്‍ നഗരത്തിന് സമീപമുണ്ടായിരുന്ന ഗുഹകളില്‍ നിന്ന് രൂപംകൊണ്ടതാണ്. ബാലാസാഹിബിന്റെ സ്വപ്നമാണ് നമ്മള്‍ സാക്ഷാത്കരിച്ചത്, എന്നായിരുന്നു നഗരങ്ങളുടെ പേരുമാറ്റത്തെക്കുറിച്ച് തന്റെ രാജി പ്രസംഗത്തില്‍ ഉദ്ധവ് താക്കറെ പറഞ്ഞത്.