മുംബൈ: മാവോയിസ്റ്റ് ബന്ധമാരോപിച്ച് മനുഷ്യാവകാശപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത ശേഷം വാര്‍ത്താസമ്മേളനം നടത്തിയ മഹാരാഷ്ട്ര പൊലീസിന് ബോംബെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ പൊലീസ് എങ്ങനെയാണ് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ക്കുകയെന്ന് കോടതി ചോദിച്ചു.
“കേസ് നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇത്തരമൊരു കേസില്‍ എങ്ങനെയാണ് പൊലീസിന് തെളിവുകള്‍ വിശദീകരിക്കാനാകുക.”
വിഷയം സുപ്രീംകോടതി താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണന്നും എന്നിട്ടും പൊലീസ് വാര്‍ത്താസമ്മേളനം വിളിച്ച് തെളിവുകള്‍ വിശദീകരിച്ചത് ഉചിതമായില്ലെന്നും ജസ്റ്റിസ് ഭട്കര്‍ ചൂണ്ടിക്കാണിച്ചു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭീമകൊറേഗാവ് സംഘര്‍ഷത്തെപ്പറ്റി ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന സതീഷ് ഗെയ്ക്വാദ് എന്നയാള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. ഹരജി ഈ മാസം ഏഴിലേക്ക് മാറ്റി.
നേരത്തെ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് മഹാരാഷ്ട്ര എ.ഡി.ജി.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു.
വരവരറാവു, അരുണ്‍ ഫെറാരിയ, സുധ ഭരദ്വാജ്, വെര്‍ണന്‍ ഗോണ്‍സാല്‍വ്‌സ്, ഗൗതം നവ്‌ലാഖ എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധമാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
WATCH THIS VIDEO: