| Tuesday, 21st March 2023, 12:24 pm

'ഒരു വാള്‍ തൂങ്ങി നിന്നാലേ കാര്യങ്ങള്‍ക്ക് വേഗമുണ്ടാകൂ'; സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസത്തിലും ട്രാന്‍സ്‌ജെന്‍ഡര്‍ സംവരണം പരിഗണിക്കണമെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗവണ്‍മെന്റ് ജോലികളിലും ട്രാന്‍സ്‌ജെന്‍ഡര്‍ മനുഷ്യര്‍ക്ക് സംവരണം നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സമിതി ജൂണ്‍ ഏഴിന് മുമ്പായി കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.വി. ഗംഗാപുര്‍വാല, ജസ്റ്റിസ് സന്ദീപ് മാര്‍നെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നീട്ടിച്ചോദിച്ച അഡ്വക്കറ്റ് ജനറലിനോട്, ഒരു വാള്‍ തൂങ്ങി നിന്നാലേ കാര്യങ്ങള്‍ക്ക് വേഗമുണ്ടാകൂ എന്ന് കോടതി വ്യക്തമാക്കി.

കഴിഞ്ഞ മെയ് മാസത്തില്‍ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ട്രാന്‍സ്മിഷന്‍ കമ്പനിയായ മഹാട്രാന്‍സ്‌കോ പുറത്തിറക്കിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തണമെന്നും, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഇലക്ട്രിക്കല്‍ പവര്‍ സിസ്റ്റം എന്‍ജിനീയറിങ് ബിരുദധാരിയും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയുമായ വിനായക് കാഷിദ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.

കര്‍ണാടകയില്‍ എല്ലാ ജാതി വിഭാഗത്തില്‍പെട്ട ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ഒരു ശതമാനം സംവരണം ലഭ്യമാണെന്നും ഈ നയം മഹാരാഷ്ട്രയും പിന്തുടരണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും കാഷിദിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എന്തു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു നയം പിന്തുടരാത്തത് എന്ന കോടതിയുടെ ചോദ്യത്തിന് സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളിലുള്‍പ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സംവരണം ലഭ്യമാക്കുന്നുണ്ടെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ജനറല്‍ വിഭാഗത്തില്‍ നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ മനുഷ്യരുടെ സംവരണത്തിന്റെ കാര്യത്തില്‍ എന്താണവസ്ഥയെന്ന് കോടതി ആരാഞ്ഞു.

‘സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ളില്‍ മാത്രം വരുന്നവരല്ല ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. പട്ടികജാതി വിഭാഗത്തില്‍ പെട്ടവരും ജനറല്‍ വിഭാഗത്തില്‍ പെട്ടവരുമായ ട്രാന്‍സ്‌ജെന്‍ഡര്‍ മനുഷ്യഷ്യരുണ്ട്, എന്തുകൊണ്ടാണ് എല്ലാ വിഭാഗക്കാരെയും സംവരണപരിധിക്കുള്ളില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തത്’ കോടതി ചോദിച്ചു.

തൊഴില്‍, വിദ്യാഭ്യാസ മേഖലയിലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് 2023 മാര്‍ച്ച് മൂന്നിന് ഗവണ്‍മെന്റ് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. റിക്രൂട്ട്‌മെന്റ് വിഷയവുമായി ബന്ധപ്പെട്ട് സാമൂഹ്യനീതി വകുപ്പിനു കീഴില്‍ വിവിധ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റുകളിലെ സെക്രട്ടറിമാരും സൈക്കോളജിസ്റ്റുകളുമടക്കം 14 അംഗങ്ങളടങ്ങുന്ന കമ്മറ്റി രൂപീകരിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ളതായിരുന്നു വിജ്ഞാപനം. വിഷയം സംബന്ധിച്ച തങ്ങളുടെ നിര്‍ദേശം പുതുതായി രൂപീകരിച്ച കമ്മറ്റിയെ അറിയിക്കാനും കോടതി അഡ്വക്കറ്റ് ജനറലിനോടാവശ്യപ്പെട്ടു.

Content Highlights: Bombay High Court ask to Maharashtra government to consider transgender reservation in government jobs, education

We use cookies to give you the best possible experience. Learn more