മുംബൈ: ഫാക്ട് ചെക്ക് യൂണിറ്റ് കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ബോംബൈ ഹൈക്കോടതി. നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങള്‍ പരിശോധിക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ ഫാക്റ്റ് ചെക്ക് യൂണിറ്റ് നടപ്പിലാക്കാന്‍ നടപടിയെടുത്തത്.
ഇതിനായി 2023ല്‍ കേന്ദ്ര സര്‍ക്കാര്‍ ഐ.ടി ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു. എന്നാല്‍ ഈ ഭേദഗതി ബോംബൈ ഹൈക്കോടതി ഇപ്പോള്‍ റദ്ദാക്കിയിരിക്കുകയാണ്. ടൈ ബ്രേക്കര്‍ ബെഞ്ചിന്റേതാണ് നടപടി.
ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14, 19 എന്നിവ പ്രകാരം ഭേദഗതി നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നീക്കം. സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ കുനാല്‍ കംറ, എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മാഗസിന്‍സ്, ന്യൂസ് ബ്രോഡ്കാസ്റ്റ് ആന്റ് ഡിജിറ്റല്‍ അസോസിയേഷന്‍ എന്നിവര്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
‘ഐ.ടി ചട്ടം 2021’ ആണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഭേദഗതി ചെയ്തത്. ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ ചട്ടം 3(1)(ബി)(v) സോഷ്യല്‍ മീഡിയയിലെ വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്നതിന് കേന്ദ്ര സര്‍ക്കാരിന് അനുമതി നല്‍കി.
എന്നാല്‍ ഈ ഭേദഗതി രൂക്ഷവിമര്‍ശനങ്ങളാണ് നേരിട്ടത്. സത്യസന്ധമായ വാര്‍ത്തകളും സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും നിയമപരമായ വെല്ലുവികള്‍ നേരിട്ടതായി മാധ്യമ പ്രവര്‍ത്തകരും സ്ഥാപനങ്ങളും ചൂണ്ടിക്കാട്ടുകയുണ്ടായി.
തുടര്‍ന്ന് 2023 ജനുവരിയില്‍ ഡിവിഷന്‍ ബെഞ്ചിന്റെ ഭിന്ന വിധിക്ക് ശേഷം മൂന്നാമത്തെ ജഡ്ജിയായി നിയമിക്കപ്പെട്ട ‘ടൈ ബ്രേക്കര്‍ ജഡ്ജി’ ജസ്റ്റിസ് എ.എസ്. ചന്ദൂര്‍ക്കറാണ് നിലവില്‍ ഭേദഗതി റദ്ദാക്കിയിരിക്കുന്നത്.
അതേസമയം ഐ.ടി ചട്ടങ്ങളിലെ ഭേദഗതി ഭരണഘടനാ വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ഗോഖലെ ചൂണ്ടിക്കാട്ടി. ഹരജിയില്‍ ഉന്നയിക്കുന്ന പക്ഷപാതത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഗോഖലെ പറഞ്ഞു.
Content Highlight: Bombay High Court against the central government move to bring fact check unit