| Friday, 11th February 2022, 7:58 am

പോക്‌സോ കേസിലെ വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് പുഷ്പ വി. ഗനേഡിവാല രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജി, ജസ്റ്റിസ് പുഷ്പ വി. ഗനേഡിവാല രാജിവെച്ചു. ഹൈക്കോടതി ജസ്റ്റിസ് സ്ഥാനത്ത് നിന്നുള്ള വിരമിക്കലിന് രണ്ട് ദിവസം മുമ്പായി, വ്യാഴാഴ്ചയായിരുന്നു രാജി വെച്ചത്.

ഫെബ്രുവരി 12നായിരുന്നു ജസ്റ്റിസ് ഗനേഡിവാലയുടെ ബോംബെ ഹൈക്കോടതിയിലെ ഔദ്യോഗിക ജീവിതത്തിലെ അവസാന ദിവസം.

പോക്‌സോ കേസിലെ വിവാദ ഉത്തരവിനെത്തുടര്‍ന്ന് ഗനേഡിവാലയുടെ സ്ഥാനക്കയറ്റം സുപ്രീംകോടതി കൊളീജിയം തടഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു ജസ്റ്റിസ് ഗനേഡിവാല ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയാക്കുന്നതിന് ശിപാര്‍ശ ചെയ്യേണ്ടതില്ല എന്ന് കൊളീജിയം തീരുമാനിച്ചത്.

പോക്‌സോ ആക്ട് പ്രകാരം കോടതിയിലെത്തിയ രണ്ട് ലൈംഗികചൂഷണക്കേസുകളില്‍ വിവാദമായ വിധി പുറപ്പെടുവിച്ചതോടെയാണ് ഗനേഡിവാല വാര്‍ത്തകളില്‍ നിറഞ്ഞത്.

ഇതോടെ നേരത്തെ ഇവരുടെ സ്ഥാനക്കയറ്റത്തിന് വേണ്ടി ശിപാര്‍ശ ചെയ്തിരുന്ന കൊളീജിയം തീരുമാനം പിന്‍വലിക്കുകയായിരുന്നു.

പീഡനക്കേസിലെ പ്രതിയും ഇരയാക്കപ്പെട്ട കുട്ടിയും തമ്മില്‍ നേരിട്ട് ശാരീരിക ബന്ധം ഉണ്ടായില്ലെങ്കിലോ, സ്‌കിന്‍ ടു സ്‌കിന്‍ കോണ്‍ടാക്ട് (skin-to-skin contatc) ഉണ്ടായില്ലെങ്കിലോ അത് പോക്‌സോ ആക്ടിലെ സെക്ഷന്‍ 7 പ്രകാരം ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ല, എന്നായിരുന്നു ജസ്റ്റിസ് ഗനേഡിവാലയുടെ വിവാദ ഉത്തരവ്.

വിധിക്ക് പിന്നാലെ വിവിധ കോണുകളില്‍ നിന്നും വലിയ വിമര്‍ശനങ്ങളായിരുന്നു ജസ്റ്റിസ് ഗനേഡിവാലക്കെതിരെ ഉയര്‍ന്നത്.

2019ലായിരുന്നു ജില്ലാ കോടതി ജഡ്ജിയായിരുന്ന പുഷ്പ വി. ഗനേഡിവാലയെ നാഗ്പൂരിലെ ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിച്ചത്.


Content Highlight: Bombay High Court additional judge, Justice Pushpa V Ganediwala, who gave ‘no skin-to-skin contact’ order resigns

We use cookies to give you the best possible experience. Learn more