| Saturday, 21st January 2017, 1:13 pm

'ഇത് സമയം കളയലാണ്' ദബോല്‍ക്കര്‍, പന്‍സാരെ വധക്കേസിലെ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ച് ബോംബെ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ കൊലക്കേസുകളില്‍ അന്വേഷണ ഏജന്‍സികളുടെ മെല്ലെപ്പോക്ക് നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി ബോംബെ ഹൈക്കോടതി. അന്വേഷണ ഏജന്‍സികളായ എസ്.ഐ.ടിയും സി.ബി.ഐയും വെറുതെ ഒരുപാട് സമയവും ഊര്‍ജവും കളഞ്ഞെന്നു പറഞ്ഞാണ് കോടതി രംഗത്തെത്തിയത്.

ഇരുകേസിലും സി.ബി.ഐയും എസ്.ഐ.ടിയും ഡിവിഷന്‍ ബെഞ്ച് മുമ്പാകെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതു പരിശോധിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം.

ഇരുകൊലപാതകത്തിനും ഉപയോഗിച്ച ആയുധങ്ങളുടെ സ്‌കോട്ട്‌ലാന്റ് യാര്‍ഡില്‍ നിന്നുള്ള ബാലിസ്റ്റിക് റിപ്പോര്‍ട്ട് പരിശോധിക്കാന്‍ യു.കെ സര്‍ക്കാറിന്റെ ആഭ്യന്തര ഡിപ്പാര്‍ട്ടുമെന്റ് അനുമതി നല്‍കുന്നില്ലെന്നും അതിനാല്‍ ഗുജറാത്തിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണ് പരിശോധന നടത്തിയതെന്നും സി.ബി.ഐയ്ക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.


Also Read: ‘ജനാധിപത്യം സമ്പന്നര്‍ക്കുവേണ്ടിയുള്ളതാണ്, ഞങ്ങള്‍ക്കുള്ളതല്ല’: വോട്ടുചെയ്യില്ലെന്ന് പ്രഖ്യാപിച്ച് യു.പിയിലെ ഒരു ഗ്രാമം


ബാലിസ്റ്റിക് റിപ്പോര്‍ട്ട് ഇത്തരത്തില്‍ കൈകാര്യം ചെയ്ത സി.ബി.ഐയുടെ നടപടിയില്‍ അത്ഭുതം രേഖപ്പെടുത്തിയ കോടതി യു.കെയില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ പേരില്‍ പലതവണ കേസ് നീട്ടിയ കാര്യവും ഓര്‍മ്മിപ്പിച്ചു.

അന്വേഷണം പുരോഗമിക്കുകയാണെന്നും ഇനിയും സമയം വേണമെന്നുമാണ് പന്‍സാരെ കൊലപാതകം അന്വേഷിക്കുന്ന എസ്.ഐ.ടിക്കുവേണ്ടി ഹാജരായ അശോക് മുണ്ടര്‍ഗിയും കോടതിയെ അറിയിച്ചത്.

“പ്രതികളെന്നു സംശയിക്കുന്ന രണ്ടുപേരെ ഞങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ ഒളിവിലാണ്. യഥാര്‍ത്ഥ ട്രാക്കിലാണ് അന്വേഷണം പുരോഗമിക്കുന്നത്.” എന്നാണ് അദ്ദേഹം അറിയിച്ചത്. അടുത്ത റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സമയവും എസ്.ഐ.ടി തേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more