മുംബൈ: മുന്‍ ഇന്ത്യന്‍ നായകനും ബി.സി.സി.ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയുമായി തര്‍ക്കം നടക്കുന്ന കമ്പനികള്‍ക്കെതിരെ കോടതിയലക്ഷ്യ നോട്ടീസയച്ച് മുംബൈ ഹൈക്കോടതി. ഗാംഗുലി തങ്ങള്‍ക്ക് നല്‍കാനുള്ള തുകയെ സംബന്ധിച്ചുള്ള തെറ്റായ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചതിനാണ് പേര്‍സെപ്റ്റ് ടാലന്റ് മാനേജ്‌മെന്റ് ലിമിറ്റഡിനെതിരെയാണ് കോടതിയലക്ഷ്യ നോട്ടീസ് അയച്ചിട്ടുള്ളത്.
അക്കൗണ്ടിംഗ് എന്‍ട്രികളെ സംബന്ധിച്ച് കമ്പനി തെറ്റായ വിവരമാണ് നല്‍കിയതെന്നും തങ്ങളുടെ അവകാശവാദത്തെ തെളിയിക്കാന്‍ കമ്പനിക്ക് സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കി.
2018ലെ ആര്‍ബിറ്ററേഷന്‍ ട്രിബ്യൂണല്‍ വഴി നല്‍കിയ ഗാംഗുലിയുടെ പരാതി പ്രകാരം, മുന്‍ മാനേജ്‌മെന്റായ പേര്‍സെപ്റ്റ് ഗ്രൂപ്പ് 35 കോടി രൂപ നഷ്ടപരിഹാരം നല്‍കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് കൊലാബ്വാല അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഗാംഗുലിയുടെ പരാതിയില്‍ വാദം കേട്ടത്. മുന്‍പത്തെ നഷ്ടപരിഹാരത്തുകയായ 35 കോടിയും പലിശയും പേര്‍സെപ്റ്റ് ഗ്രൂപ്പ് നല്‍കണമെന്നാണ് പരാതിയില്‍ പറയുന്നത്.
ഗാംഗുലിയുടെ എക്‌സ്‌ക്ലൂസീവ് മാനേജര്‍ എന്ന നിലയില്‍ കമ്പനികള്‍ പാലിക്കേണ്ടിയിരുന്ന ‘പ്ലെയര്‍ റെപ്രസെന്റേഷന്‍ എഗ്രിമെന്റി’ല്‍ നിന്നാണ് മധ്യസ്ഥതയും പിന്നാലെ തര്‍ക്കവും ഉടലെടുത്തിരുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21ന് കോടതിയില്‍ നിക്ഷേപിച്ച 54 ലക്ഷം പിന്‍വലിക്കാന്‍ കോടതി ഗാംഗുലിക്ക് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പെര്‍സെപ്റ്റില്‍ ഒഹരിയുള്ള മറ്റൊരു കമ്പനി നിക്ഷേപിക്കേണ്ട 62.5 ലക്ഷം രൂപ പേര്‍സെപ്റ്റിനോട് നിക്ഷേപിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.
2021 ഡിസംബറിലെ ഉത്തരവിന് മുമ്പ് തന്നെ അക്കൗണ്ടുകളില്‍ 62 ലക്ഷം സമാഹരിച്ചതിനാല്‍ ഇനി കൂടുതലായൊന്നും പേര്‍സെപ്റ്റ് ഗ്രൂപ്പ് നല്‍കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ പ്രസ്തുത അഡ്ജസ്റ്റ്‌മെന്റ് എന്‍ട്രികള്‍ സമര്‍പ്പിക്കാന്‍ പേര്‍സെപ്റ്റ് ഗ്രൂപ്പിന് സാധിച്ചില്ല.
എന്നാല്‍ അഡ്ജസ്റ്റ്‌മെന്റ് എന്‍ട്രികള്‍ സമര്‍പ്പിക്കാതെ കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് പെര്‍സെപ്റ്റ് ഗ്രൂപ്പ് ശ്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, പെര്‍സെപ്റ്റ് ഗ്രൂപ്പിലെ പ്രധാനിയെ ക്രോസ് വിസ്താരം ചെയ്യുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഗാംഗുലിയുടെ അഭിഭാഷകര്‍ അപേക്ഷ നല്കിയിരുന്നു.