മുംബൈ: നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ബോംബൈ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. മുംബൈ പൊലീസിന്റെ അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം തേടിക്കൊണ്ടായിരുന്നു വാങ്കഡെയുടെ ഹരജി.
തനിക്കെതിരെയുള്ള പണംതട്ടല്‍ കേസും അഴിമതിയും അന്വേഷിക്കുന്നത് സി.ബി.ഐക്കോ അല്ലെങ്കില്‍ ദേശീയ അന്വേഷണ ഏജന്‍സിക്കോ കൈമാറണമെന്ന ആവശ്യവും വാങ്കഡെ മുന്നോട്ടുവെച്ചിരുന്നു.
” ഇന്ന് മുംബൈ പൊലീസ് എന്നെ അറസ്റ്റ് ചെയ്യുമോ എന്നത് എന്റെ ആശങ്കയാണ്, എന്റെ അവകാശങ്ങള്‍ സംസ്ഥാനം ലംഘിക്കുന്നത് വരെ കോടതി കാത്തിരിക്കരുത്,” അദ്ദേഹം പറഞ്ഞു.
താന്‍ ഒരു മയക്കുമരുന്ന് കച്ചവടക്കാരനല്ലെന്നും വാങ്കഡെ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ കേസ് മാറ്റാനുള്ള വാങ്കഡെയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
മുംബൈ പൊലീസിന്റെ ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്യാനുള്ള നീക്കം ഉണ്ടാവുകയാണെങ്കില്‍ അറസ്റ്റിന് മൂന്ന് ദിവസം മുന്‍പ് വാങ്കഡെയ്ക്ക് നോട്ടീസ് നല്‍കുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഉറപ്പ് പറഞ്ഞിട്ടുണ്ടെന്ന് കോടതി പറഞ്ഞു.
ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസില്‍ കൈക്കൂലി ആരോപണം ഉയര്‍ന്നതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഉത്തരവിട്ടിരുന്നു.
ഏജന്‍സിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായ ഗ്യാനേശ്വര്‍ സിങ്ങാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക. കേസിലെ സാക്ഷികളിലൊരാള്‍ തന്നെ 25 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചതോടെയാണ് സമീര്‍ വാങ്കഡെയ്‌ക്കെതിരെ എന്‍.സി.ബി. അന്വേഷണം പ്രഖ്യാപിച്ചത്.