മുംബൈ: മാവോയിസ്റ്റ് ബന്ധമാരോപ്പിക്കപ്പെട്ട് അറസ്റ്റിലായ ദൽഹി സർവകലാശാല മുൻ അധ്യാപകൻ പ്രൊഫ. ജി.എൻ. സായിബാബയെ വെറുതെവിട്ട് ബോംബെ ഹൈക്കോടതി.
പ്രൊഫസർ ജി.എൻ. സായിബാബ ഉൾപ്പെടെ അഞ്ച് പേരെയാണ് ബോംബെ ഹൈക്കോടതി വെറുതെ വിട്ടത്. 2022ൽ ഇവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ മഹാരാഷ്ട്ര കോടതി നൽകിയ ഹരജിയിലാണ് പ്രതികളെ വെറുതെ വിടാൻ ഹൈക്കോടതി വിധിച്ചത്.
റവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ നടത്തിയ പ്രവർത്തനങ്ങളുടെയും പ്രസംഗങ്ങളുടെയും പേരിൽ 2014ലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ബന്ധമുള്ള സംഘടനയാണ് ഇതെന്നായിരുന്നു ആരോപണം.
യു.എ.പി.എ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചുമത്തിയായിരുന്നു ജെ.എൻ.യു വിദ്യാർത്ഥിയെ ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്തത്.
തുടർന്ന് 2017ൽ പ്രത്യേക വിചാരണ കോടതി ഇവർക്ക് മേൽ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ജീവപര്യന്തം ഉൾപ്പെടെയുള്ള ശിക്ഷ വിധിച്ചിരുന്നു.
തുടർന്ന് ബോംബെ ഹൈക്കോടതിയിൽ സായിബാബ ഉൾപ്പെടെയുള്ള പ്രതികൾ അപ്പീൽ പോവുകയായിരുന്നു. തുടർന്ന് മഹാരാഷ്ട്ര സർക്കാർ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
സുപ്രീം കോടതി കേസ് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിന് കൈമാറുകയായിരുന്നു.
ശരീരം തളർന്ന ജി.എൻ. സായിബാബയ്ക്ക് മതിയായ ചികിത്സ നൽകിയില്ലെന്നത് ഉൾപ്പെടെ കേസിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നുവെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. വിചാരണയ്ക്കിടയിൽ പ്രതികളിൽ ഒരാൾ നാഗ്പൂർ സെൻട്രൽ ജയിലിൽ വെച്ച് മരണപ്പെടുകയും ചെയ്തിരുന്നു.
Content Highlight: Bombay HC acquits DU ex-professor G N Saibaba, others in suspected Maoist links case